0%

Chapter Title : നിധിയുടെ കാവൽക്കാരൻ 18 [കാവൽക്കാരൻ]

ഞങ്ങൾ യാത്ര തുടർന്നു. വഴിയിൽ സംശയം തോന്നിയ സ്ഥലങ്ങളിലൊക്കെ വണ്ടി നിർത്തി, വഴിയരികിൽ കണ്ട നാട്ടുകാരോട് വഴി ചോദിച്ചു.

"അണ്ണാ... തപാലാപ്പീസ്...?"

ചിലർ കൈ ചൂണ്ടി കാണിച്ചുതന്നു. ചിലർ തലയാട്ടി അറിയില്ലെന്ന് പറഞ്ഞു.

ഏകദേശം അരമണിക്കൂർ നേരത്തെ യാത്രക്കൊടുവിൽ, ഒരു പഴയ കെട്ടിടത്തിന് മുന്നിൽ ഞങ്ങൾ എത്തിച്ചേർന്നു.

ചുവന്ന പെയിന്റടിച്ച, ഓടുമേഞ്ഞ ഒരു ചെറിയ കെട്ടിടം. മുന്നിൽ വലിയൊരു ചുവന്ന പോസ്റ്റ്‌ ബോക്സും നിൽപ്പുണ്ട്.

ഞാൻ വണ്ടി സൈഡിലേക്ക് ഒതുക്കി നിർത്തി.

"എത്തി... ഇതാണ് സ്ഥലം."

ഞാൻ സീറ്റ് ബെൽറ്റ് അഴിച്ചുകൊണ്ട് പറഞ്ഞു. എല്ലാവരും ആകാംഷയോടെ ആ കെട്ടിടത്തിലേക്ക് നോക്കി. ഞങ്ങളുടെ അന്വേഷണത്തിന്റെ ആദ്യത്തെ ഉത്തരം അവിടെയുണ്ടാകും എന്ന പ്രതീക്ഷയോടെ.

കാറിൽ നിന്നും പുറത്തിറങ്ങിയപ്പോൾ തന്നെ ഉച്ചവെയിലിന്റെ ചൂട് മുഖത്തേക്കടിച്ചു. തമിഴ്നാടിന്റെ പ്രത്യേകതയാണത്, വെയിലിന് ചൂട് മാത്രമല്ല, വല്ലാത്തൊരു കാഠിന്യം കൂടിയുണ്ട്.

ഞാൻ വണ്ടി ലോക്ക് ചെയ്ത് മുന്നോട്ട് നടന്നു. പുറകിലായി ബാക്കിയുള്ളവരും.

ആ പഴയ കെട്ടിടത്തിന്റെ ചുവന്ന ചുവരുകളും, മുൻപിലെ വലിയ പോസ്റ്റ് ബോക്സും കണ്ടപ്പോൾ വല്ലാത്തൊരു പഴമ തോന്നി. ഉള്ളിലേക്ക് കയറിയപ്പോൾ ഫാനുകൾ കറങ്ങുന്നതിന്റെ 'കട... കട...' എന്ന ശബ്ദവും, പഴയ കടലാസുകളുടെയും പശയുടെയും ഒരു പ്രത്യേക ഗന്ധവുമാണ് ഞങ്ങളെ വരവേറ്റത്.

അകത്ത് തിരക്ക് കുറവായിരുന്നു.

കൗണ്ടറുകൾക്ക് പിന്നിൽ പ്രായം ചെന്ന രണ്ടുമൂന്ന് ഉദ്യോഗസ്ഥർ ഇരിക്കുന്നുണ്ട്. അവരുടെ മുന്നിൽ നിറയെ കത്തുകളും ഫയലുകളും കൂട്ടിയിട്ടിരിക്കുന്നു.

ഏറ്റവും അറ്റത്തുള്ള കൗണ്ടറിൽ, കട്ടിയുള്ള കണ്ണട വെച്ച ഒരു മധ്യവയസ്കൻ എന്തോ എഴുതിക്കൊണ്ടിരിക്കുന്നത് കണ്ടു. ഞങ്ങളെല്ലാവരും കൂടി ഒന്നിച്ച് അങ്ങോട്ട് ചെന്നു.

ഞങ്ങളുടെ വരവ് കണ്ടതും അയാൾ എഴുത്ത് നിർത്തി, കണ്ണടയുടെ മുകളിലൂടെ ചോദ്യഭാവത്തിൽ ഒന്ന് നോക്കി.

ആ നോട്ടം കണ്ടപ്പോൾ തന്നെ കാര്യം മനസ്സിലായി.ഞാൻ കൃതികയേ നോക്കി...

അവൾ എന്റെ നോട്ടം കണ്ടതും പതുക്കെ പോക്കറ്റിൽ നിന്നും ഫോണെടുത്തു. ചേച്ചി അയച്ചുതന്ന ആ ഗ്രൂപ്പ് ഫോട്ടോ സൂം ചെയ്ത്, അതിലെ പ്രൊഫസറുടെ മുഖം വ്യക്തമാകുന്ന രീതിയിൽ അയാളുടെ മുന്നിലേക്ക് നീട്ടി.

"സാർ... ഇന്ത ആളൈ... ഇന്ത ആളൈ ഒന്ന് പാക്കണം സാർ. ഇങ്കെ പക്കത്തില് എങ്കയോ താൻ വീടിറുക്ക്"

💬 Comments

View all comments