0%

Chapter Title : നിധിയുടെ കാവൽക്കാരൻ 18 [കാവൽക്കാരൻ]

അസുരന്റെ രൂപം...!!

കയ്യിൽ എന്തൊക്കെയോ ആയുധങ്ങൾ പിടിച്ചു നിൽക്കുന്ന, കരുത്തനായ ഒരു അസുരൻ. എന്നാൽ അത് കണ്ടാൽ പേടിയല്ല, മറിച്ച് വല്ലാത്തൊരു കൗതുകമാണ് തോന്നുക. അത്രയും സൂക്ഷ്മമായാണ് അതിന്റെ ഓരോ ഭാഗവും കൊത്തിവെച്ചിരിക്കുന്നത്. ആ രൂപം ആ ഗേറ്റിന് നൽകുന്ന ഗാംഭീര്യം ഒന്ന് വേറെ തന്നെയായിരുന്നു.

"എടാ... ഇത് സംഭവം പൊളിച്ചു..."

രാഹുൽ കൗതുകത്തോടെ ആ ഗേറ്റിന്റെ കൊത്തുപണികളിലൂടെ കൈ ഓടിച്ചു.

പല ഡിസൈനുകളിൽ ആയി ഉണ്ടാക്കിയെടുത്ത ആ കവാടവാതിൽ ഒറ്റ നോട്ടം കൊണ്ട് തന്നെ ആരുടേയും ശ്രദ്ധ പിടിച്ചു പറ്റും. ഇത്രയും വലിയ മതിൽക്കെട്ടിനുള്ളിൽ ഇങ്ങനെയൊരു നിർമ്മിതി കണ്ടപ്പോൾ, ഇതിനുള്ളിൽ എന്താണ് എന്നറിയാനുള്ള ആകാംക്ഷ ഞങ്ങളിൽ ഇരട്ടിച്ചു....

ഞങ്ങൾ ആ ഭീമൻ കവാടത്തിന് മുന്നിൽ ശ്വാസമടക്കിപ്പിടിച്ച് നിൽക്കുമ്പോഴാണ്, ആ വലിയ ഗേറ്റിന്റെ വശത്തുള്ള ഒരു ചെറിയ ജാലകം കഷ്ടിച്ച് ഒരാളുടെ തല മാത്രം കാണാവുന്ന രീതിയിൽ തുറന്നത്.

അതിലൂടെ കറുത്ത വസ്ത്രം ധരിച്ച, അത്യാവശ്യം നല്ല ശരീരപ്രകൃതിയുള്ള ഒരാളുടെ മുഖം പുറത്തേക്ക് വന്നു.

അയാളുടെ കണ്ണുകളിൽ സംശയത്തിന്റെ നിഴലുണ്ടായിരുന്നു.

"യാര്...? എന്ന വേണം...?"

(ആരാ...? എന്ത് വേണം...?)

അയാൾ തമിഴിൽ ഗൗരവത്തോടെ ചോദിച്ചു.

എന്ത് പറയണം എന്നാലോചിച്ചു നിൽക്കുമ്പോഴാണ് കൃതിക അവളുടെ വായ തുറന്നത്...:

"ഉള്ള പോണം... അദിക്കുതാൻ വന്തോം..."

(ഉള്ളിൽ പോവണം... അതിനാണ് വന്നത്...)

അവളുടെ ആ മറുപടി കേട്ട് ഞങ്ങളെല്ലാവരും ചെറുതായി ഞെട്ടിപ്പോയി. ഇങ്ങനെയാണോ ഒരാളോട് അനുവാദം ചോദിക്കുന്നത്? യാതൊരു മുൻപരിചയവുമില്ലാതെ, കാര്യം പോലും പറയാതെ ഉള്ളിൽ കയറണമെന്ന് പറഞ്ഞാൽ അയാൾ സമ്മതിക്കുമോ?

കുറച്ച് ചളിപ്പോടെ ഞാനയാളെ നോക്കി...

അയാൾ ചൂടാവുമെന്ന് കരുതിയെങ്കിലും

സംഭവിച്ചത് മറ്റൊന്നായിരുന്നു...

ആ ചെറിയ ജാലകത്തിലൂടെ അയാൾ കൃതികയെയും ഞങ്ങളെയും ഒന്ന് അടിമുടി നോക്കി. ആ നോട്ടത്തിൽ എന്തൊക്കെയോ അളക്കുന്നതുപോലെ തോന്നി. ശേഷം, ഒരു ഭാവഭേദവുമില്ലാതെ അയാൾ ആ ജാലകം വലിച്ചടച്ചു.

അടുത്ത നിമിഷം...

💬 Comments

View all comments