0%

Chapter Title : നിധിയുടെ കാവൽക്കാരൻ 18 [കാവൽക്കാരൻ]

മുന ഒരാൾക്ക് നേരെ നീണ്ടു.

ഞാൻ നോക്കി. ആർക്ക് നേരെയാണ് അവൾ വാൾ ചൂണ്ടിയിരിക്കുന്നത്?

ആളെ കണ്ടപ്പോൾ എന്റെ ശ്വാസം തൊണ്ടയിൽ കുരുങ്ങി.

അത് വേറാരുമല്ല... ആ രാക്ഷസി തന്നെയായിരുന്നു.

ഞാൻ മാത്രമല്ല, അവിടെ കൂടിയിരുന്ന എല്ലാവരും ഞെട്ടിത്തരിച്ചുപോയി. ആ വലിയ കോമ്പൗണ്ടിൽ മരണതുല്യമായ നിശബ്ദത.

രക്ഷസിയുടെ മുഖത്ത് ഒരു നിമിഷം അവിശ്വസനീയമായ ഒരു അത്ഭുതം വിരിഞ്ഞു. ഒരു തുടക്കക്കാരി തന്നോട് തന്നെ യുദ്ധം ചെയ്യാൻ വിളിക്കുന്നുവോ?

പക്ഷേ അടുത്ത നിമിഷം, ആ അത്ഭുതം മാറി... അവളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.

ഒരു കൊലയാളിയുടെ ചിരി. ചോര കണ്ട് കൊതിതീരാത്ത ഒരു വേട്ടമൃഗത്തിന്റെ ചിരി.

"ഇട്രസ്റ്റിംഗ്..."

അവൾ പിറുപിറുത്തു.

ആമി ഇതൊന്നും ശ്രദ്ധിക്കാതെ, ഒരു പ്രതിമ പോലെ ശാന്തമായി നിൽക്കുകയാണ്.

ഇത് അപകടമാണ്. ആ പെണ്ണ് വെറുമൊരു ഫൈറ്റർ അല്ലെന്ന് എനിക്കറിയാം. ആമിക്ക് അവളെ ജയിക്കാൻ കഴിയില്ല. ചിലപ്പോൾ ജീവൻ തന്നെ അപകടത്തിലാവും.

"വേണ്ട... നിർത്ത്...!!"

ഞാൻ ഈ ഫൈറ്റ് സ്റ്റോപ്പ്‌ ചെയ്യാൻ വേണ്ടി സ്റ്റേജിലേക്ക് ഓടിക്കയറാൻ തുനിഞ്ഞു.

പക്ഷേ പെട്ടെന്നെന്റെ കൈയ്യിൽ ആരോ ബലമായി പിടിച്ചു.

തിരിഞ്ഞു നോക്കിയപ്പോൾ നിധിയാണ്.

അവളുടെ മുഖം വിളറി വെളുത്തിരുന്നു. അവൾ വിറയ്ക്കുന്ന കണ്ണുകളോടെ സ്റ്റേജിൽ നിൽക്കുന്ന ആമിയെത്തന്നെ ഉറ്റുനോക്കുകയാണ്.

"ദേവാ... വേണ്ടാ..."

നിധിയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

"എന്താടി...? വിട്... അവൾ ആമിയെ കൊന്നുകളയും..." ഞാൻ കൈ കുടഞ്ഞെറിയാൻ ശ്രമിച്ചു.

"അല്ല... അത് നമ്മുടെ ആമിയല്ല..."

നിധി പറഞ്ഞത് കേട്ട് ഞാൻ സ്തംഭിച്ചുപോയി.

"എനിക്ക്... എനിക്ക് കാണാൻ പറ്റുന്നുണ്ട്... അവളുടെ ശരീരത്തിൽ നിന്നും ഒരു പ്രത്യേക തരം കറുത്ത പുക വരുന്നത് പോലെ... പേടിപ്പെടുത്തുന്ന എന്തോ ഒന്ന്..."

നിധിയുടെ വാക്കുകളിൽ വല്ലാത്തൊരു ഭയമുണ്ടായിരുന്നു.

ഞാൻ പെട്ടെന്ന് ആമിയെ ഒന്ന് നോക്കി.

അവളുടെ നിൽപ്പ്, ഭാവം... എല്ലാം മാറിയിരിക്കുന്നു. ഞാൻ അവളുടെ വലതു കയ്യിലേക്ക് ശ്രദ്ധിച്ചു.

💬 Comments

View all comments