Chapter Title : നിധിയുടെ കാവൽക്കാരൻ 18 [കാവൽക്കാരൻ]
വാൾ പിടിച്ചിരിക്കുന്ന കൈയ്യിൽ ഒരു കറുത്ത ഗ്ലൗസ് അവൾ ഇട്ടിട്ടുണ്ട്.
'മോതിരം...'
എന്തോ പന്തികേട് തോന്നിയ ഞാൻ, തൊട്ടടുത്ത് നിന്നിരുന്ന റോസിന്റെ കയ്യിൽ നിന്നും ആമിയുടെ ആ ചെറിയ സ്ലിംഗ് ബാഗ് പിടിച്ചുവാങ്ങി.
വെപ്രാളത്തോടെ അതിന്റെ സിബ്ബ് തുറന്ന് ഉള്ളിലേക്ക് കൈയിട്ടു.
അതാ കിടക്കുന്നു... ആ ചുവന്ന പെട്ടി.
എന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ഞാൻ ആ പെട്ടി തുറന്നു.
ശൂന്യം...!
അതിനുള്ളിൽ ആ മോതിരമില്ല.
എന്റെ തലയിൽ ഇടിവെട്ടിയതുപോലെയായി. അവൾ ആ മോതിരം ഇട്ടിട്ടുണ്ട്. ആ കറുത്ത ഗ്ലൗസിനുള്ളിൽ, അവളുടെ വിരലിൽ ആ മോതിരം സ്ഥാനം പിടിച്ചിട്ടുണ്ട്...
ഞാൻ ഭയത്തോടെ ആമിയെ നോക്കി.
അവൾ കണ്ണുകൾ അടച്ചുപിടിച്ച് എന്തോ പിറുപിറുക്കുകയാണ്. ചുണ്ടുകൾ മാത്രം അനങ്ങുന്നു. മന്ത്രം പോലെ...
അപ്പോഴേക്കും ആ രാക്ഷസി സ്റ്റേജിലേക്ക് കയറിക്കഴിഞ്ഞിരുന്നു.
സൂര്യപ്രകാശം അവളുടെ കയ്യിലെ വാളിൽ തട്ടി പ്രതിഫലിച്ചു. അത് കാണുമ്പോൾ തന്നെ കണ്ണ് മഞ്ഞളിച്ചു പോവുന്നു. അവൾ ആമിയുടെ നേരെ തിരിഞ്ഞുനിന്നു. വാൾ തറയിലേക്ക് കുത്തി, ഒരു രാജകീയ പ്രൗഡിയോടെ അവൾ പറഞ്ഞു:
"എന്റെ പേര്... നിഹാര."
അവളുടെ ശബ്ദം ആ ഹാളിൽ മുഴങ്ങി.
അതിന് മറുപടിയായി ആമി സാവധാനം കണ്ണുകൾ തുറന്നു.
ആ കണ്ണുകളിൽ... അഗ്നിപർവ്വതം പോലെ എന്തോ ഒന്ന് തിളയ്ക്കുന്നുണ്ടായിരുന്നു.
അവൾ ആ വാൾ വായുവിൽ ഒന്ന് കറക്കി, നിഹാരയുടെ നേരെ പിടിച്ചു.
"സാഹിറ നൂറിൻ..."
അവളുടെ ശബ്ദത്തിന് വല്ലാത്തൊരു കനം വന്നിരുന്നു.
ഞാൻ ആമിയുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി. അതിൽ കാണുന്ന തീക്ഷ്ണത...
എനിക്ക് തെറ്റി. ഞാൻ കരുതിയത് അവളുടെ ശക്തി ഭാവി കാണാൻ കഴിയുന്നതാണെന്നായിരുന്നു. പക്ഷേ അല്ല... ഇത് അതല്ല. ഇത് വേറെന്തോ ആണ്.
ആമി എന്നെയൊന്ന് നോക്കി....
ആ നോട്ടം എന്റെ നേരെ വന്നതും, എവിടെ നിന്നോ ഒരു തണുത്ത കാറ്റ് ആ ഹാളിലേക്ക് വീശിയടിച്ചു. വാതിലുകളും ജനലുകളും ഒന്ന് ആടിയുലഞ്ഞു.
💬 Comments
View all comments