Chapter Title : നിധിയുടെ കാവൽക്കാരൻ 19 [കാവൽക്കാരൻ]
അവർ എന്നെ ആമിയിൽ നിന്നും ബലമായി പിടിച്ചുമാറ്റാൻ ശ്രമിച്ചു.
ഞാൻ സർവ്വശക്തിയുമെടുത്ത് അവരെ തട്ടിമാറ്റി. വേദനകൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. പക്ഷേ ഞാൻ പിടി വിട്ടില്ല.
ഞാൻ ആമിയുടെ ചുണ്ടുകളിലേക്ക് എന്റെ ജീവൻ പകർന്നുകൊടുത്തു കൊണ്ട്, ആ മോതിരം അവളുടെ വിരലിൽ നിന്നും ശക്തിയായി വലിച്ചൂരി.
അതൊരു സാധാരണ മോതിരമായിരുന്നില്ല, അവളുടെ മാംസത്തോട് ഒട്ടിപ്പിടിച്ച ഒന്നായിരുന്നു.
അവസാനം, വലിയൊരു ബലപ്രയോഗത്തിനൊടുവിൽ ആ മോതിരം ഊരിപ്പോന്നു.
ആ നിമിഷം, എന്റെ ഉള്ളിലൂടെ ഒരു വലിയ മിന്നൽപിണർ കടന്നുപോയി.
ഞാൻ കിതച്ചുകൊണ്ട് ആമിയുടെ മുഖത്തേക്ക് നോക്കി.
അവളുടെ കണ്ണിന് ചുറ്റുമുണ്ടായിരുന്ന ആ കറുത്ത ഞരമ്പുകൾ മാഞ്ഞുപോയിരിക്കുന്നു. വലിഞ്ഞു മുറുകിയിരുന്ന മുഖം ശാന്തമായി. തിളച്ചുമറിഞ്ഞിരുന്ന ശരീരം തണുക്കാൻ തുടങ്ങി. ആ അമിതമായ വിയർപ്പ് കുറഞ്ഞു.
അവൾക്ക് ബോധം വന്നിട്ടില്ലെങ്കിലും, അവളുടെ ശ്വാസഗതി സാധാരണ നിലയിലായി. അവൾ രക്ഷപ്പെട്ടിരിക്കുന്നു.
പക്ഷേ...
എന്റെ ചുറ്റുമുള്ള കാഴ്ചകൾ മങ്ങാൻ തുടങ്ങി. തലയ്ക്കുള്ളിൽ ആയിരം മണികൾ മുഴങ്ങുന്ന ശബ്ദം. ശരീരമാകെ തളർന്നു പോവുന്നു...
കണ്ണുകളിലേക്ക് കൂരിരുട്ട് ഇരച്ചുകയറി. പിടിച്ചുനിൽക്കാൻ എനിക്ക് കഴിയുന്നില്ല...
എന്റെ കൈയ്യിൽ നിന്നും ആ മോതിരം താഴെ വീണു.
ഞാൻ സാവധാനം, ആമിയുടെ ശാന്തമായ നെഞ്ചിലേക്ക് തന്നെ കുഴഞ്ഞുവീണു.
"ദേവാ....!!!!"
അകലെ എവിടെ നിന്നോ നിധിയുടെ കരച്ചിൽ കേൾക്കാം... പക്ഷേ ഒന്നു അനങ്ങാൻ പോലും എനിക്ക് കഴിയുന്നില്ലായിരുന്നു. ബോധം എന്നെ പൂർണ്ണമായും കൈവിട്ടു പോയി.
*********************
ദൂരെ എവിടെ നിന്നോ ഒഴുകിയെത്തുന്ന മണിമുഴക്കമാണ് എന്നെ ബോധമണ്ഡലത്തിലേക്ക് തിരികെ വിളിച്ചത്.
കാറ്റിൽ അലയടിച്ചെത്തുന്ന ആ ശബ്ദം ഏതെങ്കിലും ക്ഷേത്രത്തിൽ നിന്നുള്ളതാണെന്ന് തിരിച്ചറിയാൻ എനിക്ക് അധികം സമയം വേണ്ടി വന്നില്ല.
ഞാൻ കഷ്ടപ്പെട്ട് കണ്ണ് തുറക്കാൻ ശ്രമിച്ചു.
കൺമുന്നിൽ കൂരിരുട്ട് മാത്രം. രാത്രിയായിരിക്കണം. എവിടെയാണ് ഞാൻ? എന്താണ് സംഭവിച്ചത്? കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ചതും തലയ്ക്കുള്ളിൽ ആരോ ഇരുമ്പു ചുറ്റിക കൊണ്ട് അടിക്കുന്നത് പോലത്തെ വേദന അനുഭവപ്പെട്ടു.
"ആഹ്..."
ഞാൻ അറിയാതെ ഞരങ്ങിപ്പോയി.
എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ ആ വേദന തലയിൽ നിന്നും ശരീരമാകെ പടരുന്നത് ഞാനറിഞ്ഞു. എല്ലുകൾ ഓരോന്നും നുറുങ്ങുന്ന വേദന. ഓരോ പേശിയും വലിഞ്ഞു മുറുകിയിരിക്കുന്നു.
ചുറ്റും കനത്ത
💬 Comments
View all comments