0%

Chapter Title : നിധിയുടെ കാവൽക്കാരൻ 21 [കാവൽക്കാരൻ]

വീണ്ടും വിരലിലായതിന്റെ സങ്കടത്തിൽ, നിധി വളരെ ദയനീയമായി മാനസയുടെ മുഖത്തേക്ക് നോക്കി. "എന്തിനാ വീണ്ടും ഇട്ടത്?" എന്നൊരു നിസ്സഹായത ആ നോട്ടത്തിലുണ്ടായിരുന്നു.

മാനസ നിധിയുടെ കൈകൾ ഒന്നുകൂടി ചേർത്തുപിടിച്ചു...

"നീ വിഷമിക്കേണ്ട... ഇതൊരു സാധാരണ മോതിരമല്ല. സാക്ഷാൽ നാഗമാണിക്യത്തിൽ നിന്നും അടർത്തിയെടുത്ത ഒരു ചെറുതരി പ്രകാശത്തിൽ നിന്നുമാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ പേര് 'ആത്മദർപ്പണം' എന്നാണ്. വെറുതെ മുന്നിൽ നിൽക്കുന്നവന്റെ മനസ്സിലുള്ളത് വായിക്കാനുള്ള ഒരു ഉപകരണം മാത്രമല്ല ഇത്..."

നിധിയുടെ കണ്ണുകൾ വികസിച്ചു, അവൾ തന്റെ ഉമിനീരിറക്കി മാനസയുടെ വാക്കുകൾ ശ്രദ്ധയോടെ കേട്ടു....

"മുന്നിൽ നിൽക്കുന്ന മനുഷ്യനോ മൃഗമോ ആരായാലും, അവന്റെ ഏറ്റവും ഇരുണ്ട രഹസ്യങ്ങൾ, അവന് പോലും ഓർക്കാൻ പേടിയുള്ള ഭയാനകമായ ഓർമ്മകൾ, ഉള്ളിലൊളിപ്പിച്ച കൊടുംക്രൂരതകൾ... എല്ലാം വലിച്ചെടുത്ത് നിന്റെ കൺമുന്നിൽ ഒരു ദൃശ്യം പോലെ കാണിച്ചു തരാൻ ഇതിന് കഴിയും. ഒരുവന്റെ തലച്ചോറിലേക്ക് ഇരച്ചുകയറി അവന്റെ ചിന്തകളെ പൂർണ്ണമായി നിന്റെ വരുതിയിലാക്കാനും, അവനെക്കൊണ്ട് നിനക്ക് വേണ്ടത് എന്തും ചെയ്യിക്കാനും ഈ ആത്മദർപ്പണത്തിന് കഴിയും. വിചാരിച്ചാൽ, മുന്നിൽ നിൽക്കുന്നവന്റെ ഏറ്റവും വലിയ പേടിയെ അവന്റെ മുന്നിൽ ജീവനോടെ നിർത്തി അവനെ ഭ്രാന്തുപിടിപ്പിക്കാൻ വരെ നിനക്കാവും..."

ഞങ്ങൾ എല്ലാവരും നിധിയുടെ കയ്യിലെ ആ മോതിരത്തിലേക്ക് നോക്കി. ഒരാളുടെ ആത്മാവിനെ വരെ കീറിമുറിക്കാൻ കഴിവുള്ള ആത്മദർപ്പണം!

മാനസ തുടർന്നു:

"പക്ഷേ, ഇതിന്റെ ഈ കൊടുംശക്തി താങ്ങാനുള്ള ശക്തി നിന്റെ മനസ്സിന് ഇപ്പോഴില്ല. അതുകൊണ്ടാണ് നീയിത്രയും ഭയക്കുന്നത്. ഈ മോതിരത്തിന്റെ യഥാർത്ഥ ശക്തി ഒരു സാധാരണ മനുഷ്യന് താങ്ങാവുന്നതിനും അപ്പുറമാണ് അതുകൊണ്ട് തന്നെ ഈ മോതിരത്തിന്റെയും ബാക്കിയുള്ള മോതിരംങ്ങളുടെയും യഥാർത്ഥ ശക്തി ഇപ്പോഴും പൂർണ്ണരൂപത്തിൽ എത്തിയിട്ടില്ല. അതിന് നിന്നെ ഞാൻ സഹായിക്കാം . ഇനിയുള്ള ദിവസങ്ങളിൽ മറ്റുള്ളവരുടെ മനസ്സിലേക്ക് ഒരു കൊടുങ്കാറ്റുപോലെ എങ്ങനെ കടന്നുചെല്ലണമെന്നും, അവരുടെ ചിന്തകളെ എങ്ങനെ നിയന്ത്രിക്കണമെന്നും ഞാൻ നിനക്ക് പഠിപ്പിച്ചു തരാം..."

💬 Comments

View all comments