Chapter Title : നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ]
'സൂക്ഷിക്കണം' എന്ന് ആമിയുടെ കണ്ണുകൾ പറയുന്നത് എനിക്ക് വായിച്ചെടുക്കാമായിരുന്നു.
ഞങ്ങൾ തിരിച്ച് അവർക്കും ധൈര്യം കൊടുക്കുന്നതുപോലെ തലയാട്ടി.
ഞങ്ങളെ യാത്രയാക്കി അവർ ആ മുറിയിൽ തന്നെ നിന്നു.
തക്ഷകന് പിന്നാലെ ഞാനും സച്ചിനും രാഹുലും ആ വലിയ ഇടനാഴിയിലൂടെ നടന്നു. എതിർവശത്തേക്ക് നാഗികയ്ക്കൊപ്പം റോസും കൃതികയും നടന്നു മറയുന്നത് ഞാൻ തിരിഞ്ഞുനോക്കി. ഒരൊറ്റ രാത്രികൊണ്ട് ഞങ്ങളുടെ ജീവിതം എങ്ങോട്ടാണ് മാറിമറിഞ്ഞത്!
ആ തറവാടിന്റെ ഒരറ്റത്തുള്ള, വെളിച്ചം അധികം കടക്കാത്ത ഒരു വലിയ മുറിക്ക് മുന്നിൽ തക്ഷകൻ നിന്നു. വാതിൽ തുറന്ന് അവൻ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. ഉള്ളിൽ ഇരുട്ടും വല്ലാത്തൊരു തണുപ്പുമായിരുന്നു. ഞങ്ങൾ പരസ്പരം നോക്കി ആ മുറിക്കുള്ളിലേക്ക് കാലെടുത്തുവെച്ചു.
അങ്ങനെ, വരാനിരിക്കുന്ന വലിയൊരു യുദ്ധത്തിനായുള്ള... ഞങ്ങളുടെ പരിശീലനത്തിന്റെ ആദ്യ ദിനം ആ നിഗൂഢമായ വാതിൽപ്പടിയിൽ നിന്നും തുടങ്ങുകയായിരുന്നു.
തക്ഷകന് പിന്നാലെ ആ മുറിയുടെ പടി കടന്നതും, എന്റെ ശ്വാസം തൊണ്ടയിൽ ഒരു നിമിഷത്തേക്ക് നിന്നുപോയി.....
പുറത്തുനിന്നും നോക്കുമ്പോൾ തറവാട്ടിലെ ഇരുട്ടടഞ്ഞ വെറുമൊരു സാധാരണ മുറി... എന്നാൽ ആ വാതിൽ കടന്ന് ഉള്ളിലേക്ക് വെച്ച കാൽപ്പാദം ചെന്നു പതിച്ചത് തികച്ചും മറ്റൊരു ലോകത്തായിരുന്നു!
സച്ചിനും രാഹുലും എനിക്ക് പിന്നാലെ ആ മുറിക്കകത്തേക്ക് കയറിയതും, വാതിൽ പിന്നിൽ വലിയൊരു ശബ്ദത്തോടെ തനിയെ അടഞ്ഞു.
അടഞ്ഞ വാതിലിൽ ചാരി നിന്ന് ഞാൻ മുന്നിലേക്ക് നോക്കി അങ്ങനെ നിൽക്കുകയാണ്.....
ഏതോ മാന്ത്രികവിദ്യയാൽ ആ മുറിയുടെ അതിരുകൾ അദൃശ്യമായി മാറ്റിമറിക്കപ്പെട്ടിരുന്നു.
ഒരു വലിയ സ്റ്റേഡിയത്തേക്കാൾ വിശാലമായ ഒരു ഉൾഭാഗം! തലയുയർത്തി മുകളിലേക്ക് നോക്കിയപ്പോൾ തറവാടിന്റെ തടി മേൽക്കൂരയല്ല കണ്ടത്, പകരം അറ്റം കാണാത്തത്ര ഉയരത്തിൽ, ആകാശത്തോളം പോന്ന ഒരു കരിങ്കൽ മേൽത്തട്ട്. അതിൽ നക്ഷത്രങ്ങൾ പോലെ പതിപ്പിച്ചിരിക്കുന്ന അസംഖ്യം ക്രിസ്റ്റൽ കല്ലുകളിൽ നിന്നും നേർത്തൊരു നീല വെളിച്ചം താഴേക്ക് ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു.
താഴെ, ഒരു പുരാതന കളരിയെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ, നല്ല ചുവന്ന മണ്ണ് വിരിച്ച അതിവിശാലമായ അങ്കത്തട്ട്. അവിടെ വീശിയടിക്കുന്ന കാറ്റിന് പോലും ആയിരം യുദ്ധങ്ങളുടെ ചോരയുടെയും വിയർപ്പിന്റെയും, ഒപ്പം ഇരുമ്പ് ഉരസുന്നതിന്റെയും ഗന്ധമുണ്ടായിരുന്നു.
എന്റെ കണ്ണുകൾ ആ മുറിയുടെ ചുറ്റിലുമുള്ള ഭിത്തികളിലേക്ക് പോയി.
💬 Comments
View all comments