Chapter Title : നിധിയുടെ കാവൽക്കാരൻ 25 [കാവൽക്കാരൻ]
മുഴുവൻ ഒറ്റയടിക്ക് വെള്ളത്തിൽ മുക്കിക്കൊല്ലാൻ ലക്ഷ്യമിട്ട് അലറിവിളിച്ചു പെയ്യുന്ന ഒരു കൊടുംപേമാരി! കാറ്റ് ഒരു രാക്ഷസനെപ്പോലെ ഹൂങ്കാരശബ്ദത്തോടെ ആ വലിയ തറവാടിന് ചുറ്റും വട്ടമിട്ടു പറന്നു.
ജനാലയ്ക്കൽ നിന്ന് പുറത്തേക്ക് നോക്കുമ്പോൾ, ആർത്തലച്ചു പെയ്യുന്ന ആ മഴയുടെ വന്യതയിൽ, മിന്നൽ വെളിച്ചത്തിൽ... എന്റെ ഉള്ളറകളിൽ ഉറങ്ങിക്കിടക്കുന്ന എന്തോ ഒന്ന് പതുക്കെ കണ്ണുതുറക്കുന്നതുപോലെ എനിക്ക് തോന്നി!
പുറത്ത് പ്രകൃതി സംഹാരതാണ്ഡവമാടുകയാണ്. ആകാശം പിളരുന്നതുപോലെയുള്ള ആ വലിയ ഇടിമുഴക്കത്തിന്റെ ഭയത്തിലായിരിക്കണം, ആമിയും നിധിയും കിതച്ചുകൊണ്ട് എന്റെ മുറിയിലേക്ക് ഓടിയെത്തിയത്.
അവരുടെ മുഖത്ത് വലിയൊരു പേടിയുണ്ടായിരുന്നു. മുറിയിൽ കയറിയ പാടെ അവരുടെ കണ്ണുകൾ പോയത്, കട്ടിലിനു മുകളിൽ എന്റെ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട് പാക്ക് ചെയ്യുന്ന എന്നിലേക്കാണ്. എന്റെ മുഖത്തെ ദേഷ്യവും നിരാശയും കണ്ടതും അവർക്ക് കാര്യങ്ങൾ മനസ്സിലായി. ആ നിമിഷം അവരൊന്നും ചോദിച്ചില്ല, ഞാനൊന്നും പറഞ്ഞതുമില്ല.
പരസ്പരം മനസ്സിലാക്കാൻ ആ നിശ്ശബ്ദത തന്നെ ധാരാളമായിരുന്നു. യാതൊരു മറുചോദ്യവുമില്ലാതെ അവരും തങ്ങളുടെ ബാഗുകൾ എടുത്ത് നിശ്ശബ്ദമായി പാക്ക് ചെയ്യാൻ തുടങ്ങി. ഞാൻ എങ്ങോട്ട് പോയാലും എന്റെ നിഴലായി കൂടെയുണ്ടാകുമെന്ന് ഉറപ്പിക്കുന്നതുപോലെയുള്ള ഒരു മൗനസമ്മതം ആ പാക്കിങ്ങിൽ ഉണ്ടായിരുന്നു.
കുറച്ചുനേരത്തിനൊടുവിൽ, ആ വലിയ മാന്ത്രിക തറവാടിന്റെ വിശാലമായ ഹാളിൽ ഞങ്ങൾ എല്ലാവരും യാത്രതിരിക്കാൻ തയ്യാറായി നിന്നു.
പുറത്ത് മഴ അതിന്റെ അസുരഭാവം പൂണ്ട് അലറുകയാണ്. കാറ്റ് വലിയ മരങ്ങളെപ്പോലും പിഴുതെറിയാൻ പാകത്തിൽ ഹൂങ്കാരത്തോടെ വീശിയടിക്കുന്നു.
'ഈ കൊടുംമഴയത്ത് എങ്ങോട്ടും പോകരുത്... വലിയ അപകടമാണ്!' എന്ന് ആരൊക്കെയോ വിളിച്ചുപറയുന്നുണ്ടായിരുന്നു. പക്ഷേ എന്റെ കാതുകൾ അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല.
എന്റെ കണ്ണുകൾ അവിടെ നിശ്ചലമായി നിന്നിരുന്ന മാനസയിലേക്ക് തന്നെ നീണ്ടുപോയി.
അവളുടെ കണ്ണുകളിലെ അർത്ഥം എനിക്കാ നിമിഷം വായിച്ചെടുക്കാൻ സാധിച്ചില്ല.. അല്ല അവളുടെ ഉള്ളിൽ ഒളിഞ്ഞു കിടക്കുന്നതൊന്നും എനിക്കിതുവരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ജീവിതമത്രയും ഞാൻ ആരുടെയൊക്കെയോ കളിപ്പാവമാത്രമായിരുന്നു.....
അവളെ അവസാനമായി ഒരുതവണ കൂടി ഉറ്റുനോക്കിയ ശേഷം, ബാഗുമെടുത്ത് ഞാൻ ആ വലിയ പടിവാതിലിന് നേരെ നടന്നു. എന്റെ പിന്നാലെ മറ്റുള്ളവരും.
ഞാൻ പടിവാതിൽ കടക്കാൻ ഒരുങ്ങവെ, പിന്നിൽ നിന്നും ആ ഗാംഭീര്യമുള്ള ശബ്ദം ഉയർന്നു.
"ദേവാ..."
ഞാൻ കാലുകൾ നിശ്ചലമാക്കി.
💬 Comments
View all comments