0%

Chapter Title : നിധിയുടെ കാവൽക്കാരൻ 28 [കാവൽക്കാരൻ]

ഭയാനകമായ അന്തരീക്ഷം.

പെട്ടെന്നാണ് കൃതിക എന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെ റോസിന് നേരെ തിരിഞ്ഞത്.

"എഡി... നിനക്ക് അതിലൊരാളെ മാനേജ് ചെയ്യാൻ പറ്റുമോ?"

ആ ചോദ്യം കേട്ടതും റോസ് ഞെട്ടി കണ്ണുമിഴിച്ചു.

"നീ കാര്യമായിട്ട് തന്നെയാണോ ഈ ചോദിക്കുന്നത്? അവന്മാരുടെ ദേഹത്തെ മസിൽസ് കണ്ടില്ലേ നീ? ഒരൊറ്റ അടി തന്നാൽ നമ്മൾ രണ്ടുപേരും തെറിച്ചുപോകും!"

"അതെടീ, ഞാൻ കാര്യമായിട്ട് തന്നെയാണ്,"

കൃതികയുടെ സ്വരത്തിൽ അപ്പോഴും കടുത്തൊരു ഗൗരവമുണ്ടായിരുന്നു.

"നിഹാരയും സംഘവും നമ്മളെക്കാൾ എത്രയോ മുൻപേ അകത്തു കയറിയതാ. ദേവയും നിധിയുമൊക്കെ വരുമ്പോഴേക്കും ഒരുപക്ഷേ എല്ലാം കൈവിട്ടുപോയേക്കാം. നമുക്ക് ഇവന്മാരെ കൊല്ലാൻ പറ്റിയില്ലെങ്കിലും, അല്പം സമയം വൈകിപ്പിക്കാൻ നമുക്ക് സഹായിച്ചൂടെ?

ദേവ വരുന്നതുവരെ പിടിച്ചുനിൽക്കാൻ..."

കൃതികയുടെ ചോദ്യത്തിന് മുന്നിൽ റോസ് പെട്ടെന്ന് മൗനത്തിലായി. വാക്കുകൾ കിട്ടാതെ അവൾ ആ കാവൽക്കാരെയും കൃതികയെയും മാറിമാറി നോക്കി. ഉള്ളിൽ ഭയത്തിന്റെ പെരുമ്പറ കൊട്ടുന്നുണ്ടെങ്കിലും, കൃതിക പറഞ്ഞതിലെ കാര്യവും ഉത്തരവാദിത്തവും അവളുടെ മനസ്സിനെ വല്ലാതെ ഉലച്ചു.

എന്നാൽ ആ മൗനം പൂർത്തിയാക്കാൻ പ്രകൃതി അവരെ അനുവദിച്ചില്ല.

തൊട്ടടുത്ത നിമിഷം! മലയുടെ ഉള്ളിലെ ആഴങ്ങളിൽ നിന്നും ഭൂമിയുടെ അടിത്തട്ട് പിളരുന്നതുപോലെയുള്ള ഒരു വലിയ പ്രകമ്പനം ഉണ്ടായി. കാതടപ്പിക്കുന്ന ശബ്ദമില്ലാത്ത, എന്നാൽ സർവ്വതിനെയും വിഴുങ്ങാൻ പോന്ന അതിശക്തമായ ഒരു പ്രഷർ വേവ് ഗുഹയ്ക്കുള്ളിൽ നിന്നും പുറത്തേക്ക് ആഞ്ഞടിച്ചു!

ഒരു നിശബ്ദ പൊട്ടിത്തെറി! ശബ്ദം കുറവായിരുന്നെങ്കിലും അതിൽ നിന്നുമുണ്ടായ വായുമർദ്ദം ഒരു പ്രളയം പോലെയാണ് അലയടിച്ചെത്തിയത്. ഗുഹാമുഖത്തുണ്ടായിരുന്ന മരങ്ങളും ഭീമൻ പാറകളും ആ തരംഗത്തിൽ വിറച്ചുപോയി.

ആ തരംഗത്തിനൊപ്പം വായുവിൽ മാന്ത്രികതയുടെ അനേകം വർണ്ണക്കണികകൾ പാറിപ്പറന്നു കടുംനീലയും പച്ചയും രക്തവർണ്ണവും സ്വർണ്ണനിറവും ഇടകലർന്ന തിളങ്ങുന്ന ചെറുതരികൾ!

ഒരു സ്വപ്നലോകം പോലെയോ കണ്ണഞ്ചിപ്പിക്കുന്ന വലിയൊരു മായാജാലം പോലെയോ ആ വർണ്ണങ്ങൾ ആകാശത്തേക്ക് ചുഴറ്റിയടിക്കപ്പെട്ടു. കണ്ണുകളെ ഭ്രമിപ്പിക്കുന്ന ആ മാന്ത്രികപ്രഭാവത്തിൽ ഗുഹാമുഖത്തുണ്ടായിരുന്ന രണ്ട് കാവൽക്കാർ പോലും നിലതെറ്റി ഒന്നുലഞ്ഞുപോയി.

💬 Comments

View all comments