Chapter Title : ഞാൻ 2 [Ne-Na]
ഞാൻ ഒന്നും മിണ്ടിയില്ല.
"ഞാൻ പ്രിയയെ നിനക്ക് വേണ്ടി നോക്കട്ടെ. നമ്മളെക്കാൾ 3 വയസ് ഇളയതാണ്. ഇടയ്ക്ക് ഒരു കിളി പോയ സാധനം ആണോന്ന് തോന്നുമെങ്കിലും ആള് പാവമാണ്."
പ്രിയയുടെ ഫോട്ടോസ് ഞാൻ കണ്ടിട്ടുള്ളതാണ്. വെളുത്ത് നല്ലൊരു സുന്ദരി പെണ്ണാണ്. എങ്കിലും ഞാൻ പറഞ്ഞു.
"നിന്റേത് ആദ്യം കഴിയട്ടെ. എന്നിട്ട് എനിക്ക് നോക്കാം."
"എന്റെ കഴിഞ്ഞിട്ട് നിന്റെ നടത്താനിരിക്കുവാണേൽ എനിക്കൊരാളെ പെട്ടെന്ന് കണ്ടു പിടിച്ചോ.. ഞാൻ എന്തിനും റെഡി ആണ്."
"അങ്ങനെ എനിക്ക് കല്യാണം കഴിക്കാനായി നിന്നെ പെട്ടെന്നൊന്നും അങ്ങനെ കെട്ടിച്ച് വിടുന്നില്ല.. അഭിലാഷ് ഇനിയും പിന്നാലെ വരുവാണേൽ എന്റടുത്ത് സംസാരിക്കാൻ പറഞ്ഞേക്ക്."
ദേവു തല ചരിച്ച് എന്റെ മുഖത്തേക്ക് ഒന്ന് നോക്കി.
"അത് വേണോടാ?"
"ഇനിയും വരുവാണേൽ നമുക്ക് ആളെങ്ങനെ ഉണ്ടെന്ന് സംസാരിച്ച് നോക്കാന്നെ"
അവൾ ഒന്ന് മൂളുക മാത്രം ചെയ്തു.
.
.
എന്റെ കൂടെ പഠിച്ച ജിനുവിന്റെ സഹോദരിയുടെ കല്യാണമാണ് നാളെ. കല്യാണത്തിന്റെ വർക്ക് എനിക്ക് തന്നെയാണ് കിട്ടിയിരിക്കുന്നത്. തലേ ദിവസം കൂടെ പഠിച്ച മിക്കപേരും വന്നിട്ടുണ്ട്. ഞാൻ കല്യാണത്തിന്റെ തിരക്കിൽ ഓടുന്നതിന്റെ ഇടയിൽ പഴയ കൂട്ടുകാരെയൊക്കെ കണ്ടു സംസാരിക്കുനുള്ള സമയം കണ്ടെത്താൻ നന്നേ പാട് പെട്ടു.
രാത്രി 9 മണി കഴിഞ്ഞപ്പോഴേക്കും എല്ലാം ഒന്ന് ഒതുങ്ങി. ആഡിറ്റോറിയത്തിൽ പാചകത്തിനുള്ള വിറകും എത്തിച്ച് ജിനുവിന്റെ വീട്ടിൽ എത്തിയപ്പോൾ മിക്കപേരും പോയിരുന്നു.
കൂടെ പഠിച്ച ഏഴ് എട്ടുപേർ മാത്രമാണ് അവിടെ ബാക്കി ഉണ്ടായിരുന്നത്. അവരാണേൽ ജിനു കൊടുത്ത കുപ്പി അടിച്ച് തീർക്കാനുള്ള തന്ത്രപ്പാടിലും.
ജോലിയൊക്കെ ഒരുവിധം ഒതുങ്ങിയതിനാൽ അവരോടൊപ്പം ടെറസിൽ ഇരുന്നു. അവർ കുടിക്കാൻ നിർബന്ധിക്കുന്നുണ്ടെങ്കിലും ഞാൻ പരമാവധി ഒഴിഞ്ഞ് മാറി. പണ്ടേ എനിക്ക് കുടിക്കുന്നതിനോട് വലിയ താല്പര്യം ഇല്ല. വല്ലപ്പോഴും കൂടി കുടിക്കും. അതും ദേവുവിനോട് പറഞ്ഞ ശേഷം മാത്രം. മാസത്തിൽ രണ്ടു തവണയേ അവൾ കുടിക്കാൻ അനുവദിക്കൂ. അവളുടെ ആ നിയന്ത്രണം ഉള്ളത് ഒരുകണക്കിന് എനിക്കും നല്ലത് തന്നെയാണ്. കാരണം മിക്ക കല്യാണ വർക്ക് കഴിയുമ്പോഴും എനിക്ക് ഒരു കുപ്പി കിട്ടുക പതിവാണ്.
💬 Comments
View all comments