Chapter Title : ഒരേയൊരാൾ [ഹരി]
ജ്യോതിയുടെ മനസ്സില് രാജി പറഞ്ഞത് ഒരു മുള്ള് പോലെ കൊളുത്തി വലിച്ചുകൊണ്ടിരുന്നു.
'നഷ്ടപ്രണയമോ? അവൾക്കോ? അതെങ്ങനെ? അവള് എപ്പോള് പ്രണയിച്ചു? ഇനി പൊതുവെ പറഞ്ഞതായിരിക്കുമോ?'
ജ്യോതിയുടെ പേന നോട്ടുപുസ്തകത്തിന്റെ അവസാന പേജിൽ വട്ടം കറങ്ങി കറങ്ങി അതിനെ കുതിർത്തുകീറി.
ക്ലാസ് കഴിഞ്ഞ് പോകുമ്പോള് ബസ് സ്റ്റോപ്പ് വരെ രാജിയുടെ കൂട്ടുകാരുമുണ്ടായിരുന്നു കൂടെ. അവരോട് കലപിലയടിച്ച് രാജി നടക്കുമ്പോള് അതും നോക്കി തൊട്ടുപിറകെ ജ്യോതിയും നടന്നു. ആ ബഹളത്തിനിടയിൽ അവളോട് ഒന്നും ചോദിക്കാന് വയ്യ. തിരിച്ച് പോകുമ്പോള് ബസ്സില് സീറ്റില്ലായിരുന്നു. പതിവ് പോലെ ആ കമ്പിയില് തൂങ്ങി വീടുവരെ എത്തി. മുറിയിലെത്തി ബാഗ് ഒരു മൂലയിലേക്ക് ഇട്ടിട്ട് രാജി കട്ടിലില് മലർന്നു കിടന്നു. മുറിയിലേക്ക് എത്തിനോക്കുന വെയിലിനെ മറയ്ക്കാന് രാജി തന്റെ ഇടതു കൈത്തണ്ട കൊണ്ട് കണ്ണും മുഖവും മൂടി.
'അവളോട് ചോദിക്കണോ?' ജ്യോതി മനസ്സിലോർത്തു. 'ചോദിച്ചേക്കാം'.
"ടീ..." "മ്..." "നിനക്ക് വല്ല ലൈനും ഉണ്ടായിരുന്നോ?"
രാജി ഒന്നും മിണ്ടിയില്ല.
"ഞാന് ചോദിച്ചത് കേട്ടില്ലേ?" "കേട്ടു" "എന്നിട്ട്?"
രാജി മെല്ലെ കൈ മാറ്റി തല ചെരിച്ച് അവളെ നോക്കി. പിന്നെ പുഞ്ചിരിച്ചു കൊണ്ട് എഴുന്നേറ്റിരുന്നു.
"ഉണ്ടായിരുന്നു ടീ. എന്റെ സീനിയര് ഒരുത്തന്. നീ കണ്ടിട്ടുണ്ടാവില്ല. വേറാരോടും പറയുവൊന്നും വേണ്ടാട്ടാ" രാജി പറഞ്ഞു നിർത്തി.
ജ്യോതിക്ക് അത് വല്ലാത്തൊരു അത്ഭുതമായി തോന്നി. രാജിയെ പോലൊരു സുന്ദരിപ്പെണ്ണിന് ഒരു പ്രണയമുണ്ടായിരുന്നു എന്നതിൽ അത്ര അതിശയോക്തിയൊന്നും സത്യത്തില് ഇല്ലായിരുന്നു. പക്ഷേ താനത് എങ്ങനെ മനസ്സിലാക്കാതെ പോയി എന്നതായിരുന്നു ജ്യോതിയുടെ മനസ്സില്. ഒരു സൂചനപോലും കണ്ടെത്താഞ്ഞതിൽ അവൾക്ക് എന്തിനോ നിരാശ തോന്നി.
"എന്താ പറ്റിയേ?"
💬 Comments
View all comments