Chapter Title : ഒരേയൊരാൾ [ഹരി]
ജ്യോതി വീണ്ടും ചോദിച്ചു. "കഴിഞ്ഞ കൊല്ലം അവൻ കോഴ്സ് കംപ്ലീറ്റ് ചെയ്തു പോയി. കുറച്ചു നാള് കോണ്ടാക്റ്റ് ഉണ്ടായിരുന്നു. പിന്നെ പിന്നെ അത് കുറഞ്ഞു. അവൻ എന്നെ കംപ്ലീറ്റ് ആയിട്ട് ഒഴിവാക്കി. അവസാനം പറഞ്ഞു അവന് മതിയായീന്ന്." രാജിയുടെ കണ്ണുകൾ പതിയെ നിറഞ്ഞു. അപ്പോഴും അവൾ ഒരു ചെറിയ ചിരി ചുണ്ടില് തേച്ചുവച്ചിരുന്നു. പിന്നെ അവൾ തല താഴ്ത്തിയിരുന്നു. ആദ്യമായാണ് ജ്യോതി രാജിയെ ഇങ്ങനെ കാണുന്നത്. അവൾ കരയുന്നു. തന്റെ ശത്രുവാണ്. അവൾ വേദനിക്കുമ്പോൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന സന്തോഷം എവിടെ? ഇല്ല, ഒട്ടും സന്തോഷമില്ല. പിന്നെ? പിന്നെയെന്താണ്? സങ്കടം തോന്നുന്നു.
'ദൈവമേ, എന്തായിത്? ഈ ഒരു സന്തോഷം കൂടി തട്ടി തെറിപ്പിച്ചിട്ട് എന്തിനാണ് ഇവിടെ നീ നോവ് പാകിയത്?'
ജ്യോതി പതിയെ രാജിയുടെ അടുത്തേക്ക് നീങ്ങി. അവളുടെ തലയില് വലതുകൈ കൊണ്ട് തലോടി. അവൾ തലപൊന്തിച്ച് ജ്യോതിയുടെ കണ്ണില് നോക്കി.
'എന്ത് പറയണം?' അവൾക്കറിയില്ലായിരുന്നു. അവൾ രാജിയുടെ തലയില് തലോടിക്കൊണ്ടിരുന്നു. ജനൽച്ചില്ല കടന്നെത്തിയ ഒരു വെയിൽത്തുണ്ട് രാജിയുടെ കഴുത്തിൽ മിന്നു ചാർത്തിയിരിക്കുന്നു. അതിന് തൊട്ടുതാഴെ രാജിയുടെ ഇടത്തേ മാറിന് മുകളിലായി ജ്യോതി ആദ്യമായി അത് കണ്ടു, കടും തവിട്ടു നിറത്തിൽ ഒരു പുള്ളി! ഇത്രയും കാലത്തിടക്ക് താനത് കണ്ടില്ലല്ലോയെന്ന് ജ്യോതി അത്ഭുതപ്പെട്ടു. എവിടെയാണ് ഇത്രനാളും രാജി ആ ബിന്ദു ഒളിപ്പിച്ചു വച്ചത്? ജ്യോതിക്ക് താന് ആ ഒരു ബിന്ദുവിലേക്ക് ആഴ്ന്ന് പോകുന്നതായി തോന്നി. ഇടക്കെപ്പോഴോ കണ്ണ് ഒന്ന് തെന്നി രാജിയുടെ മുഖത്തേക്ക് മടങ്ങിയെത്തി.
"സാരല്ല്യ. പോട്ടെ." ജ്യോതി യാന്ത്രികമായി പറഞ്ഞു.
രാജിയുടെ മുഖത്ത് വീണ്ടും ഒരു പുഞ്ചിരി
💬 Comments
View all comments