Chapter Title : ഓർമ്മക്കുറിപ്പ് [അപ്പുപ്പൻ താടി]
ആയാളുടെ പേരെന്താണെന്നു ആർക്കും അറിയില്ല.. ആരും ചോദിച്ചതുമില്ല.. പുറത്തേക്ക് വലിച്ചിട്ട മേശയ്ക്ക് പുറകിലെ ചൂരൽ കസേരയിലേക്ക് മുതലാളിയെ ഭാർഗവൻ ആനയിക്കും. പളുപളെ തിളങ്ങുന്ന കുപ്പായമിട്ട് മുതലാളി ആ കസേരയിൽ നിവർന്നിരിക്കും. മുഖത്തെ വട്ട കണ്ണാടി ഇടയ്കിടയ്ക്ക് ഊരി വയ്ക്കും. കയറിന്റെയും തൊണ്ടിന്റെയും മണത്തിനൊന്നും മുതലാളിയുടെ പെർഫ്യൂമിനെ തോൽപിക്കാനായില്ല.എണ്ണ തേച്ചു മിനുക്കിയ നീളൻ മുടികൾക്കിടയിൽ ഒന്ന് രണ്ട് വെള്ളി നാര് ഒളിഞ്ഞിരുന്നു.സൗമ്യനായ അയാളുടെ മുഖത്ത് എപ്പോളും ചിരി മായാതെ ഉണ്ട്.വലതു വശത്തായി ഭാർഗവനും.
പെണ്ണുങ്ങൾക്ക് മാത്രമാണ് മുതലാളിയുടെ വക ശമ്പള വിതരണം. ആണുങ്ങൾക്കുള്ളത് രാവിലെ തന്നെ ഭാർഗവൻ കൊടുത്തിട്ടുണ്ടാവും. തന്റെ മുന്നിൽ നിരന്നു നിൽക്കുന്ന മഹിളാ രത്നങ്ങളിലേക്ക് വട്ട കണ്ണടയ്ക്കിടയിലൂടെ അയാൾ ചൂഴ്ന്ന് നോക്കി. ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ അയാളാണെന്ന് ആ ഇരുപ്പിൽ തോന്നാതിരുന്നില്ല.. ബ്ലൗസും കൈലി മുണ്ടുമുടുത്ത സുന്ദരികളെ അയാൾ മേശയ്‌ക്കരികിലേക്ക് ക്ഷണിച്ചു. അതിൽ ചിലരൊക്കെ തോർത്തു മുണ്ട് കൊണ്ട് മാറ് മറച്ചിരുന്നു. അതിന്റെ നഷ്ടം അവരുടെ ശമ്പളത്തിൽ കണ്ടു. മുതലാളിയുടെ പ്രീതിയ്ക്കായി ചിലർ മേശയ്‌ക്കരികിൽ ആവശ്യത്തിലധികം കുനിഞ്ഞു. അവരുടെ കൈക്കുള്ളിലേക്ക് രണ്ടോ മൂന്നോ രൂപ അധികം മടക്കി വച്ച് അയാൾ നന്ദി അറിയിച്ചു. വരിയുടെ ഏറ്റവും അവസാനം നിന്നത് ജാനകിയാണ്. അവളുടെ ഊഴത്തിനായി ഭാർഗവനും മുതലാളിയും ഒരു പോലെ കാത്തിരുന്നു.
അവസാനം പതിനെട്ടിന്റെ നിറവ് കാട്ടി ജാനകി മേശയ്കരികിലേക്ക് നീങ്ങി നിന്നു.. പാല് തോൽക്കുന്ന നിറമല്ല.. ചന്ദനം ചാലിച്ച മെയ്യഴക്.. ചുവന്നു തുടുത്ത ചുണ്ടിനു മുകളിൽ തെളിയാൻ മടിച്ചൊരു കാക്കപ്പുള്ളി. ചുരുണ്ട മുടികൾ കാറ്റിൽ ചെറതായി ഇളകി. അതിൽ ചിലത് മുഖത്തേയ്ക്ക് കാൽ വഴുതി വീണു.
💬 Comments
View all comments