Chapter Title : പാർവണം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
നെഞ്ചിടിപ്പ് കൂടാൻ തുടങ്ങി. ബാഗും പിടിച്ച് ട്രെയിനിലേക്ക് കയറി, ജനാലയ്ക്കരികിലെ ആ സീറ്റിലിരിക്കുമ്പോൾ എന്റെ യാത്ര അക്ഷരാർത്ഥത്തിൽ തുടങ്ങുകയായിരുന്നു.
പാലക്കാട് എത്താറായപ്പോൾ തന്നെ പ്രകൃതിയുടെ ഭാവം മാറിത്തുടങ്ങി. ജനാലയിലൂടെ അടിച്ചുവീശുന്ന കാറ്റിന് വല്ലാത്തൊരു ശക്തിയും
കുളിർമയുമുണ്ടായിരുന്നു. ഉച്ചകഴിഞ്ഞ നേരത്താണ് ഞാൻ കൊല്ലങ്കോട് വണ്ടി ഇറങ്ങിയത്. സഹ്യപർവ്വതത്തിന്റെ മടിത്തട്ടിൽ പച്ചപ്പുതച്ചു കിടക്കുന്ന സുന്ദരമായ ഗ്രാമം. ദൂരെ കോടമഞ്ഞണിഞ്ഞ മലനിരകൾ. എങ്ങോട്ട് തിരിഞ്ഞാലും കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന നെൽപ്പാടങ്ങൾ.ആ നെൽച്ചെടികൾക്കിടയിലൂടെ കാറ്റ്
കടന്നുപോകുമ്പോൾ ഉണ്ടാകുന്ന നേർത്ത ശബ്ദം ഒരു സംഗീതം പോലെ തോന്നി. മണ്ണും പച്ചപ്പും കലർന്ന ആ നാട്ടിൻപുറത്തിന്റെ ഗന്ധം ശ്വസിച്ച് ഞാൻ അവിടുത്തെ ചെറിയൊരു ചായക്കടയിൽ കയറി വഴി ചോദിച്ചു..
"ചേട്ടാ, ഈ കരിമ്പനക്കാവ് അമ്പലത്തിന് അടുത്തുള്ള ഇന്ദ്രനീലം തറവാട്ടിലേക്ക് ഏതാ വഴി?"
ചായ അടിക്കുന്നതിനിടയിൽ കടക്കാരൻ തലയുയർത്തി നോക്കി.
"ഇന്ദ്രനീലത്തിലേക്കാ? രാമനാഥൻ നമ്പൂതിരിയുടെ തറവാട്... ദാ ഈ വഴി നേരെ പോയാൽ മതി. ആ വളവ് തിരിയുമ്പോൾ കാണുന്ന വലിയ പടിപ്പുരയാ ഇന്ദ്രനീലം."
കടക്കാരൻ വിരൽചൂണ്ടി കാണിച്ചുതന്നു.
ബാഗും തോളിലിട്ട് ഞാൻ ആ ഇടവഴിയിലൂടെ നടന്നു. ഇരുവശത്തും വലിയ മരങ്ങൾ അതിരിട്ട മൺവഴി. കാറ്റടിക്കുമ്പോൾ കരിമ്പനയോലകൾ ഉരയുന്ന ശബ്ദം മാത്രം കേൾക്കാം. കുറച്ചു നടന്നപ്പോൾ തന്നെ എന്റെ കാഴ്ച്ചയിൽ ആ വലിയ പടിപ്പുര വന്നു. പഴയകാല പ്രൗഢി വിളിച്ചോതുന്ന വലിയ തടിപ്പണികളുള്ള, ഓടുമേഞ്ഞ പടിപ്പുര. അതിന്റെ മുകളിൽ 'ഇന്ദ്രനീലം' എന്ന് മനോഹരമായി കൊത്തിവെച്ചിട്ടുണ്ട്..
ഗേറ്റ് തുറന്നുതന്നെയാണ് കിടന്നിരുന്നത്. ഞാൻ പടിപ്പുര കടന്ന് മെല്ലെ അകത്തേക്ക് കാലെടുത്തുവെച്ചു. വിശാലമായ മുറ്റം. നടുക്കായി വളരെ ഭംഗിയിൽ കെട്ടിയുണ്ടാക്കിയ വലിയൊരു തുളസിത്തറ.
💬 Comments
View all comments