0%

Chapter Title : പാർവണം 5 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

നീലക്കണ്ണുകൾ ഉരുട്ടി അവൾ എന്നെ ദേഷ്യത്തോടെ നോക്കുന്നുണ്ടായിരുന്നു. ആ നോട്ടം കണ്ടപ്പോൾ തന്നെ എന്റെ നെഞ്ചിടിപ്പ് കൂടി.

കുടുങ്ങിയല്ലോ എന്നോർത്ത് ഞാൻ വിറയാർന്ന ശബ്ദത്തിൽ പറഞ്ഞു

​"അത്... അത് പിന്നെ... പാർവണേ... ഞാൻ... ഞാൻ ഈ വയലിന്റെ ഭംഗി ഒക്കെ... വെറുതെ ഒന്ന് കാണാൻ വേണ്ടി... അങ്ങനെ നോക്കി നിന്നതാ..."

​എന്റെ വിക്കിവിക്കിയുള്ള ആ മറുപടി കേട്ടതും അവൾ പുരികം ചുളിച്ചു.

​"ഓഹോ... വയലിന്റെ ഭംഗി ആസ്വദിക്കാർന്നല്ലേ..."

ആ പാലക്കാടൻ ഈണത്തിൽ കുറച്ച് ശബ്ദമുയർത്തി അവൾ പറഞ്ഞു,

"അധികം ഭംഗി നോക്കാൻ നിക്കണ്ട ട്ടോ... അടുത്തത് ഞാനായിരിക്കും ആദീനെ കത്തീം കൊണ്ട് കുത്താൻ പോവണത്... പറഞ്ഞേക്കാം..."

​അത്രയും പറഞ്ഞിട്ട്, എന്നെ ഒന്നുകൂടി രൂക്ഷമായി നോക്കി കണ്ണുരുട്ടിയിട്ട്, അവൾ പെട്ടെന്ന് തിരിഞ്ഞ് പത്തായപ്പുരയുടെ ഭാഗത്തേക്ക് വേഗത്തിൽ നടന്നുപോയി. അവളുടെ ആ പോക്കും ദേഷ്യവും കണ്ട്, പടിപ്പുരയ്ക്കൽ നിന്ന് ഞാൻ ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിലായി.എന്തൊരു പെണ്ണാണ് ഈശ്വര ഇത്.

പടിപ്പുരയ്ക്കൽ നിന്ന് ഒരുവിധം തടിയൂരി ഞാൻ നേരെ വീടിന്റെ പുറകുവശത്തുകൂടി അടുക്കള ഭാഗത്തേക്ക് നടന്നു. വലിയൊരു തറവാട്ടിലെ പ്രഭാതങ്ങൾ ശരിക്കും തുടങ്ങുന്നത് ആ അടുക്കളയിൽ നിന്നാണ്. അവിടെയെത്തിയപ്പോൾ വലിയൊരു ബഹളം തന്നെ നടക്കുകയാണ്. പ്രഭാതഭക്ഷണമുണ്ടാക്കുന്നതിന്റെ നല്ല മണവും, അതിനൊപ്പം പാത്രങ്ങളുടെ കലമ്പലും കൂട്ടച്ചിരികളും അവിടെയാകെ നിറഞ്ഞുനിൽക്കുന്നുണ്ട്.

​അടുപ്പിലെ തീ ഊതിക്കത്തിക്കുന്ന തിരക്കിലാണ് സാവിത്രി അമ്മായിയും ഭദ്ര ആന്റിയും. വലിയൊരു കല്ലിലിട്ട് ദോശ ചുട്ടെടുക്കുന്ന തിരക്കിൽ എന്റെ അമ്മയും അനഘ ചേച്ചിയും നിൽക്കുന്നുണ്ട്. അതിനിടയിൽ അഞ്ജലി ചേച്ചിയുടെ പുറകെ ചുറ്റിപ്പറ്റി നടന്ന് എന്തൊക്കെയോ സഹായിക്കാൻ ശ്രമിച്ച് കൂടുതൽ പണിവാങ്ങുകയാണ് സച്ചുച്ചേട്ടൻ.

💬 Comments

View all comments