Chapter Title : രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO]
ജോക്കുട്ടാ... (ചേച്ചിയാണ് മറുപടി പറഞ്ഞത്)
അയ്യോ.... ഒരു നിലവിളി എന്നില്നിന്നും അച്ചുവിൽനിന്നും ഒരുമിച്ചുണ്ടായി.
എന്റെ സിൽക്ക് ഷർട്ട്.... നിലവിളിച്ചുകൊണ്ടു കൈപൊലും കഴുകാതെ ഞാൻ മുറിയിലേക്കോടി. കൂടെ അച്ചുവും. എന്റെ തേപ്പുപെട്ടിയെന്നും പറഞ്ഞോണ്ട് സീതാമ്മയും ഓടിയെത്തി.
മൂവായിരത്തഞ്ഞൂറെന്നല്ലേ പറഞ്ഞത്... അതിന്റെകാര്യം തീരുമാനമായി...
അച്ചു മുറിയിലേക്ക് പായുമ്പോൾ എന്നെനോക്കി വിളിച്ചുകൂവി. എന്നാലിന്നിവളെ ഞാൻ കൊല്ലും. ഞാനും ചേച്ചിയെ നോക്കിക്കൊണ്ട് പറഞ്ഞോണ്ടാണ് ഓടിയത്. വേറൊന്നുമല്ല, തുണി തേയ്ക്കുന്ന കാര്യത്തിൽ മാത്രം പെണ്ണൊരു എക്സ്പെർട്ടാണ്. കരിക്കാതെ ഒരു തുണിയും ബാക്കിവെയ്ക്കാറില്ല. സ്വപ്നംകണ്ടുനിന്ന് തേച്ചു കരിക്കുന്നതാണെന്നാണ് സീതാമ്മയുടെ പക്ഷം. അതുകൊണ്ട് ചേച്ചിയെമാത്രം ആഭാഗത്തേക്ക് അടുപ്പിക്കാറില്ല. ചേച്ചി തേയ്ച്ചത് വല്ലപ്പോഴുമെ ഇടാറുള്ളൂ. അഥവാ എന്തെങ്കിലുമുണ്ടെങ്കിൽ അച്ചുവാണ് തേച്ചുകൊടുക്കുക. അതിന് പകരം അത്രേംഎണ്ണം അവളുടെ തുണി ചേച്ചി അലക്കേണ്ടി വരും. ഓരോരോ കരാറെ. പക്ഷേ ഇന്നിപ്പോൾ എന്റെ മൂവായിരത്തഞ്ഞൂറിന്റെ ഷർട്ടാണ് പെണ്ണെടുത്തു തേച്ചിരിക്കുന്നത്. !!!
ചെന്നു നോക്കിമ്പോഴേക്കും കട്ടിലിൽ എടുത്തുവെച്ചിരുന്ന ഇളംചുവപ്പു നിറമുള്ള ഷർട്ടെടുത്ത് തിരിച്ചും മറിച്ചും പരിശോധന തുടങ്ങിയിരുന്നു. പിന്നാലെയെത്തിയ സീതാമ്മ അയൺബോക്‌സുമെടുത്തു പരിശോധന തുടങ്ങി. കഴിച്ചതിന്റെബാക്കി കയ്യിലിരുന്നത് ഓരോ വിരലായി വായിലിട്ടൂമ്പിക്കൊണ്ട് ഞാനും അച്ചുവിന്റെ പരിശോധന നോക്കിനിന്നു. തിരിച്ചുംമറിച്ചും നോക്കിയിട്ടും ഒന്നും കാണാത്തതിനാൽ അച്ചു സംശയഭാവത്തിൽ എന്നെയൊന്നു നോക്കി. എന്നിട്ട് വാതിൽക്കലെത്തിനിൽക്കുന്ന ചേച്ചിയെയും. കൂട്ടത്തിൽ ഞാനും ചേച്ചിയെ അവിശ്വസനീയ ഭാവത്തിലൊന്നു നോക്കി. സങ്കടവും ദേഷ്യവുമെല്ലാം കൂടിക്കുഴഞ്ഞൊരു ഭാവത്തിൽ നിൽക്കുകയാണ് കക്ഷി.
ഉം... കരിച്ചിട്ടൊന്നുവില്ല. !!! (അച്ചുവൊന്ന് ഊന്നിപ്പറഞ്ഞു. എന്നിട്ട് ഒന്നുകൂടി ഉറപ്പിച്ചേക്കാമെന്ന മട്ടിൽ വീണ്ടും പരിശോധന തുടങ്ങി.)
പക്ഷേ ഞാനൊന്നും മിണ്ടിയില്ല. ഞാൻ ചേച്ചിയുടെ മുഖത്തുതന്നെ നോക്കി നിൽക്കുകയായിരുന്നു. ഒരുമാതിരി കൊതികുത്തിയ ഭാവം. ഇന്നിനി ഇതിന്റെ ബാക്കി കിട്ടുമെന്ന് ഉറപ്പായി. അടിപൊളി.
അല്ല ജോക്കുട്ടാ... ഇതേതാ ഷർട്ട് ??? ഇത് കണ്ടിട്ടില്ലലോ ??? നീ പുതിയതെടുത്തോ ???
അച്ചുവിന്റെ ചോദ്യം കേട്ടതും ഞാൻ വെട്ടിത്തിരിഞ്ഞു. അപ്പോഴാണ് ഞാനുമത് ശ്രദ്ധിച്ചത്. അത് ഞാനിതുവരെ കണ്ടിട്ടുള്ളതല്ല. പുതിയൊരെണ്ണം. ഇതേത് ഷർട്ട് ??? ഞാൻ ആദ്യം നോക്കിയത് സീതാമ്മയെയാണ്. പുള്ളിക്കാരിയും അപ്പോഴേക്കും ഷർട്ടിന്റെ ഭംഗിനോട്ടം തുടങ്ങിയിരുന്നു. അപ്പൊ അമ്മായിയമ്മയുടെ പണിയല്ല. പിന്നിതേത് ???. ഞാൻ അത്ഭുതത്തോടെ പെണ്ണിന്റെ നേർക്ക് നോക്കി.
💬 Comments
View all comments