0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 12216

അടുക്കളയിലും ഒന്നും ഇല്ല. ടെറസിൽ പോയി ഇരിപ്പാകും എന്ന് കരുതി അവിടെ കയറി നോക്കിയിട്ടും കണ്ടില്ല.

ഇഷാനി ഫോൺ എടുത്തു അവനെ വിളിച്ചു. ബെല്ല് പോകുന്നില്ല. ഈ പാട്ട ഫോണിന്റെ കുഴപ്പം ആണോ അതോ അവന്റെ ഫോൺ ഓഫ് ആണോ..? ഇഷാനിക്ക് പിടി കിട്ടിയില്ല. ഇഷാനി താഴെ വന്നു വീണ്ടും അവനെ വിളിച്ചു.. ഫോണിലും അല്ലാതെയും എല്ലാം.. പക്ഷെ അവൻ ഇവിടെ ഇല്ല.. ഇഷാനിയുടെ മനസ്സിൽ ഒരു കാർമേഘം വന്നു മൂടാൻ തുടങ്ങി.. അവൻ ഇതെവിടെ പോയി..?

നിന്ന നിൽപ്പിൽ അപ്രത്യക്ഷ്യമായ പോലെ ആണ് അവൻ പോയത്.. വല്ലാത്തൊരു ശൂന്യത ഇഷാനിക്ക് അനുഭവപ്പെടാൻ തുടങ്ങി. അവൻ പുറത്തേക്ക് എവിടെ എങ്കിലും പോയത് ആകാമെന്ന് അവൾ ആശ്വസിക്കാൻ തുടങ്ങി.. പക്ഷെ അതിന് അവളുടെ മനസിനെ പിടിച്ചു നിർത്താൻ ആയില്ല. പെട്ടന്ന് അവളുടെ ഉള്ളിൽ ഒരു തോന്നൽ ഉണ്ടായി. അവൾ വേഗം മുറിയിലേക്ക് ചെന്നു. താൻ പോകുന്നതിന് മുമ്പ് അവൻ സാധനങ്ങൾ ഒക്കെ പായ്ക്ക് ചെയ്യുന്നുണ്ടായിരുന്നു.. ആ ബാഗ് കട്ടിലിൽ ആയിരുന്നു വച്ചിരുന്നത്.. അവൾ കട്ടിലിൽ നോക്കി.. ആ ബാഗ് കാണാനില്ല..

ഇഷാനിക്ക് ശ്വാസം നിലയ്ക്കുന്നത് പോലെ തോന്നി. കണ്ണിൽ ഇരുട്ട് കയറുന്നത് പോലെയും.. ബാഗ് ഇവിടെ ഉണ്ടായിരുന്നത് ആണല്ലോ.. പിന്നെ എവിടെ പോയി.. ആ ബാഗ് കൊണ്ട് അവൻ ഇതിപ്പോ എവിടെ ആണ് പോയിരിക്കുന്നത്..? ഒരെത്തും പിടിയും ഇല്ലാതെ അവൾ ചിന്തിക്കാൻ തുടങ്ങി.. അവന് നാളെ അല്ലേ പോകേണ്ടത്.. അതിന് ഇപ്പോളെ അവൻ ഇവിടുന്ന് പോകേണ്ട കാര്യം ഉണ്ടോ..? അതും തന്നോട് പറയാതെ... ഹേയ്.. തന്നോട് പറയാതെ ഒരിക്കലും അവൻ പോകില്ല.. ഇഷാനി ഒരുവിധം അവളുടെ മനസിനെ ആശ്വസിപ്പിച്ചു. പക്ഷെ മനസ് അവളുടെ വരുതിയിൽ നിൽക്കാതെ വീണ്ടും കാട് കയറി ചിന്തിക്കാൻ തുടങ്ങി... ഇന്നലെ തന്നോട് അർജുൻ പറഞ്ഞ വാക്കുകൾ അവൾ പെട്ടന്ന് ഓർത്തു..

" ഇനിയൊരിക്കലും കാണില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു അവസാനമായി നിന്റെ മുഖത്തേക്ക് നോക്കാൻ എനിക്ക് കഴിയില്ല. അന്ന് അവസാനമായി നിന്നെ കണ്ടപ്പോൾ നീ എന്നത്തേയും പോലെ കാം ആയി എന്നെ ശ്രദ്ധിക്കാതെ നടന്നു പോണത് ആണ് എന്റെ ഓർമ്മയിൽ ഉള്ളത്. അപ്പോൾ എന്റെ മനസ്സിൽ അത് അവസാനത്തെ കാഴ്ച്ച ആണെന്ന് അറിയില്ലായിരുന്നു. അത് കൊണ്ട് തന്നെ ആ പിക്ച്ചർ മതി എനിക്ക് നിന്നെ ഓർമ്മിക്കാൻ.. അങ്ങനെ കരുതി ആണ് ഞാൻ നിന്റെ അടുത്ത് വരാഞ്ഞത്..."

അവൻ ഇന്നലെ ഇങ്ങനെ പറഞ്ഞിരുന്നു.. ഒരു വിടവാങ്ങൽ എന്റെ അടുത്ത് അവന് പറ്റില്ല എന്ന രീതിയിൽ.. ഇപ്പോൾ പെട്ടന്ന് അപ്രത്യക്ഷമായത് അത് കൊണ്ടാണോ..? തന്നോട് യാത്ര പറയാൻ കഴിയില്ല എന്ന് കരുതിയാണോ അവൻ ഒന്നും പറയാതെ പോയി കളഞ്ഞത്..? ഇഷാനിയുടെ കണ്ണുകൾ നിറയാൻ തുടങ്ങി..

💬 Comments

View all comments