0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 78399

അത് കൊണ്ട് കണ്ണീരൊപ്പിയിട്ട് ലച്ചു അവളെ നോക്കി. താൻ കരയുന്നത് കണ്ട് അവൾ വല്ലാതെ ആയി. അവളുടെ തോളിനൊപ്പം മുറിഞ്ഞു കിടക്കുന്ന മുടി ലച്ചു ശ്രദ്ധിച്ചു. നീണ്ട സമൃദ്ധമായ അവളുടെ പഴയ മുടി ലച്ചു മനസ്സിൽ ഓർത്തു. അത് ചുരുട്ടി പിടിച്ചു കണ്ടിച്ചു വിട്ട ദിവസം അവളുടെ മനസ്സിൽ ഓടിയെത്തി. പശ്ചാത്താപവിവശയായി ലച്ചു കൈനീട്ടി അവളുടെ മുടിയിൽ തലോടി

'സോറി...'
പിന്നെയും കണ്ണീർ ഉതിർത്തു കൊണ്ട് ലച്ചു പറഞ്ഞു. അവൾ വീണ്ടും കരച്ചിലിലേക്ക് വഴുതി വീണപ്പോൾ ഇഷാനിക്ക് എന്ത് ചെയ്തു അവളെ ആശ്വസിപ്പിക്കണം എന്നറിയില്ലായിരുന്നു. ഇഷാനി പോട്ടെ എന്ന് പറഞ്ഞു അവളുടെ തലയിൽ മെല്ലെ തട്ടി പറഞ്ഞു. കരച്ചിൽ ഒതുങ്ങുമ്പോ ഇഷാനിയുടെ മടിയിൽ മുഖം ചേർത്ത് കിടക്കുകയായിരുന്നു ലച്ചു.. കോളേജ് മുഴുവൻ വിറപ്പിച്ച, തന്നെ കൊല്ലുമെന്ന് വരെ ഭീഷണിപ്പെടുത്തിയ വില്ലത്തി ആണ് സോറി പറഞ്ഞു കരഞ്ഞു തളർന്നു തന്റെ മടിയിൽ കിടക്കുന്നത് എന്ന് ഓർത്തപ്പോൾ അവൾക്ക് അതിശയം തോന്നി. അർജുൻ ഈ കാഴ്ച കണ്ട് കയറി വന്നാൽ ഹാർട്ട് അറ്റാക്ക് ഉണ്ടാകുമെന്ന് അവൾക്ക് തോന്നി..

അപ്പോളേക്കും അർധരാത്രി ആയിരുന്നു. ഞാൻ ആണേൽ ദേവരാജന്റെ വീടിന് അടുത്ത് എത്തിയിരുന്നു അതിനോടകം. അയാളുടെ വീടിന് ചുറ്റും ഞാൻ ഒന്ന് റൗണ്ട് ചുറ്റി. ലൈറ്റ് എല്ലാം അണഞ്ഞു കിടക്കുന്നു. ഉറക്കം പിടിച്ചിട്ട് ഉണ്ടാകും. ഇവിടെ സിസിറ്റിവി ഒക്കെ ഉള്ളതാണ്. പക്ഷെ ഞാൻ അതൊന്നും കാര്യം ആക്കിയില്ല. മുഖത്ത് ഒരു ടവൽ കെട്ടി മതിൽ ചാടി ഞാൻ കോമ്പൗണ്ടിൽ ഇറങ്ങി..

ദേവരാജന്റെ വീട്ടിൽ ഞാൻ പലവട്ടം വന്നിട്ടുണ്ട്. അത് കൊണ്ട് തന്നെ അതിന്റെ ഘടന എനിക്ക് ഒരുവിധം ഓർമ്മ ഉണ്ട്.. എന്റെ ഉള്ളിലെ വാസന ഉണർന്നു. കള്ളനെ പോലെ വലിഞ്ഞു കയറി വീടിനുള്ളിൽ കയറുന്ന എന്റെ വിദ്യ ഇവിടെ ഞാൻ പരീക്ഷിച്ചു. എങ്ങനെ എങ്കിലും ടെറസിൽ കയറിയാൽ അവിടെ നിന്നും രണ്ടാം നിലയിലേക്ക് തൂങ്ങി ഇറങ്ങി അവിടുത്തെ ബാൽക്കണിയിൽ ഇറങ്ങാം. അവിടുന്ന് അയാളുടെ മുറിയിലേക്ക് എങ്ങനെ എങ്കിലും കമ്പി വളച്ചിട്ട് ആണേലും പോകണം.. കുറച്ചു കഷ്ടപ്പെട്ടിട്ട് ആണേലും ഞാൻ വലിഞ്ഞു ടെറസിന് മേലെ കയറി.

💬 Comments

View all comments