Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 15 [SmiTHA] [ദ എൻഡ്]
അവന്റെ ശിരസ്സ് അവളുടെ മടിയിൽ വിശ്രമിച്ചു. അവന്റെ കണ്ണുകളിലേക്ക് അർമീന ഉറ്റുനോക്കി.
ഷഹാനയും സിദ്ധാർഥും ഫൈസലും അവർക്ക് ചുറ്റുമിരുന്നു.
"അർമീ..."
അർജ്ജുൻ കയ്യുയർത്തി അവളുടെ തലമുടിയിൽ തൊടാൻ ശ്രമിച്ചു.
അവൾ അവന്റെ കയ്യിൽ കൂട്ടി പിടിച്ചു.
"വെള്ളം..."
അവൻ പറഞ്ഞു.
ആ നിമിഷം ഷഹാന അകത്തേക്ക് കുതിച്ചു. വെള്ളം നിറച്ച ഒരു പ്ലാസ്റ്റിക് ബോട്ടിലും ഒരു ഗ്ളാസ്സുമായി അവൾ അതേ വേഗത്തിൽ തിരികെയെത്തി. അവന്റെ സമീപമിരുന്ന് ഗ്ലാസ്സിലേക്ക് വെള്ളം പകർന്ന് അർമീനിയയുടെ കയ്യിലേക്ക് കൊടുത്തു.
"കൊടുക്ക്..."
അവൾ അർമീനയോട് പറഞ്ഞു.
വിറയ്ക്കുന്ന വിരലുകളോടെ അർമീന ഗ്ളാസ് വാങ്ങി. ഒഴുകിയിറങ്ങുന്ന കണ്ണീർ കണങ്ങളോടെ അവന്റെ മുഖത്തേക്ക് നോക്കി അവൾ ഗ്ളാസ് പതിയെ അവന്റെ ചുണ്ടുകളുടെ നേരെ ചരിച്ചു. വെള്ളം സാവധാനം അവന്റെ ചുണ്ടുകൾക്കിടയിലൂടെ താഴേക്ക് വീഴുന്നത് എല്ലാവരും നോക്കിയിരുന്നു.
"അർമീന..."
കണ്ണുകളിൽ പുതിയ തിളക്കത്തോടെ അവൻ വിളിച്ചു. "എന്റെ ഫ്രെണ്ട്സിന് ....ഇവിടം വിട്ടു പോകണം...അവരെ ഏൽപ്പിച്ച ജോലി പൂർത്തിയാക്കാൻ നീ സഹായിക്കണം...എനിക്ക്...."
അർമീന അർജ്ജുന്റെ കൈയിൽ അമർത്തിപ്പിടിച്ചു.
അവളുടെ ചുണ്ടുകൾ അവന്റെ മുഖത്തേക്ക് താഴ്ന്നു.
അവന്റെ അധരത്തിൽ ചുണ്ടുകൾ കൊണ്ടും കണ്ണുനീർകൊണ്ടും അവൾ ചുംബിച്ചു...
സരായിക്കി സംഗീതം നിറഞ്ഞ റെസ്റ്റോറന്റ് മുറിയിലെ നിമിഷങ്ങൾ അവൾ ഓർത്തു.
പാഷ്തൂൺ നിറങ്ങളും ബലൂചി സൗന്ദര്യവും നിറഞ്ഞ ചിത്രങ്ങൾ അവിടെ ഭിത്തിമേൽ...
അവിടെയാണ് ദൊഹ്മേലി താഴ്വരയിൽ നിന്റെ സൂര്യപ്രകാശമേൽക്കുവാൻ വിടർന്ന് തരിക്കുന്ന അറേബിയൻ പാരിജാതമായി ഞാൻ മാറിയത്...
ഖൈബർ പഖ്‌തൂൺവായുടെ മലമുടികളിൽ ആകാശം മുട്ടുന്ന പനമരങ്ങളിൽ മലക്കുകൾ കാത്തിരുന്ന സുന്ദരനായ പ്രിയനാണ് നീയെന്ന് ഞാൻ കണ്ടെത്തിയത്....
അവിടെയാണ് ഇതിഹാസങ്ങളിൽ ജീവിക്കുന്ന രാജകുമാരി സുന്ദരി അമീറാ റാനിയാ ഞാനാണ് എന്ന് തിരിച്ചറിഞ്ഞത്.....
അർജ്ജുൻ മൂക്ക് വിടർത്തി ശ്വസിച്ചു.
"നീയിന്ന് ഹെരേരാ പെർഫ്യൂം ഇട്ടിട്ടില്ല; അല്ലേ?"
അവൻ ചോദിച്ചു.
അവൾ ഇല്ലായെന്ന അർത്ഥത്തിൽ തലകുലുക്കി.
"എനിക്കറിയാം അത് പ്രണയത്തിന്റെ ,വസന്തത്തിന്റെ ,ജീവന്റെ സുഗന്ധമാണ്..ഇവിടെ ഇപ്പോൾ അവയൊന്നുമില്ലല്ലോ ..ഇവിടെയിപ്പോൾ മരണമല്ലേ? ...അപ്പോൾ ഹെരേര ഇടരുത്..."
"അർജ്ജുൻ!!!!"
അർമീന ഹൃദയം പിളർന്ന് കരഞ്ഞു.
പിന്നെ അവൾ അവന്റെ അധരത്തിൽ നിർത്താതെ ചുംബിച്ചുകൊണ്ടിരുന്നു.
"വാക്ക്...എനിക്ക് നിന്റെ വാക്ക് വേണം..എന്റെ ഫ്രെണ്ട്സിനെ ...നീ...."
💬 Comments
View all comments