Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 35 [Alby]
മുറി മാറിക്കഴിഞ്ഞപ്പോഴേക്ക് മാധവനും എത്തിയിരുന്നു.വൈകുന്ന
ദിവസം വാസുദേവൻ വണ്ടിയുമായി പോകുകയാണ് പതിവ്. ഇന്നും അങ്ങനെ തന്നെ. പിന്നീട് അവർ ഒന്നിച്ചുള്ള നിമിഷങ്ങളായിരുന്നു.
ഭക്ഷണവും, പരിഭവം പറച്ചിലും, അല്പസ്വല്പം കുറുമ്പും പള്ളു പറച്ചിലും ഒക്കെയായി അവരുടെ മാത്രം നിമിഷങ്ങൾ.
തന്നെ പഴയപോലെ ഒന്ന് ഫ്രീ ആവാൻ സമ്മതിക്കുന്നില്ല എന്ന ശംഭുവിന്റെ പരാതിയായിരുന്നു അതിൽ അല്പം ഗൗരവം നിറഞ്ഞത്.
"നീ തത്കാലം നിന്റെ ഭാര്യയെ നോക്കി ഇരുന്നാൽ മതി."എന്ന ഒറ്റ വാചകത്തിൽ മാധവൻ അത് മുളയിലേ നുള്ളി.അവന്റെ മുഖം വാടുന്നത് കണ്ട വീണ അവന്റെ കയ്യിൽ മുറുകെപ്പിടിച്ചു."എല്ലാം ശരിയാകും. നമുക്ക് വേണ്ടിയല്ലെ."
എന്ന് കണ്ണുകൾ കൊണ്ട് അവനോട് പറഞ്ഞു.ശേഷം അവരവരുടെ സ്വകാര്യതയിലേക്ക് കടക്കുന്ന നേരം നല്ലൊരു രാത്രിയും ആശംസിച്ചു കൊണ്ട് അവർ അന്നത്തേക്ക് പിരിഞ്ഞു.
"ഇനിയും വച്ചു താമസിപ്പിക്കണോ മാഷെ? പെണ്ണിന്റെ വയറു ദാ എന്നും പറഞ്ഞു വീർത്തു വരും. നാടറിഞ്ഞു കൈപിടിച്ചു കൊടുക്കണ്ടേയവളെ."
അത്താഴവും കഴിഞ്ഞു തങ്ങളുടെ
സ്വകാര്യതയിലാണ് മാധവനും സാവിത്രിയും.
"അത് ഞാനുമാലോചിക്കാതെയില്ല.
മോളുടെ അച്ഛനെ ഞാനൊന്ന് കാണുന്നുണ്ട്, വൈകാതെ തന്നെ."
"അത് പറഞ്ഞപ്പോഴാ ഓർത്തത്. നാളെ വീണയൊന്ന് തറവാട്ടിലേക്ക് പോകും.അമ്മക്ക് കാണാൻ കൊതി തോന്നും, അതുകൊണ്ടാ ഇപ്പൊ ഈ പോക്ക് പോലും.അവിടുന്ന് വിളിക്കുകയും ചെയ്തു."
"മ്മ്മ്.......അധികം യാത്ര വേണ്ട എന്ന് പറയ് മോളോട്.എന്നാലും ചിലത് ഒഴിവാക്കാൻ പറ്റില്ലല്ലൊ.സൂക്ഷിച്ചു പെരുമാറേണ്ട സമയമാണ്.ശ്രദ്ധിച്ചു കൊണ്ട് പോകാൻ പറയ് ശംഭുവിനോട്."
"അതൊക്കെ അറിയാം മാഷെ. അവിടുത്തെ അമ്മക്ക് യാത്ര പറ്റില്ലല്ലൊ.ഒരാഗ്രഹം പറയുമ്പോൾ എങ്ങനെയാ.ഈ സന്തോഷത്തിൽ മോളെ കാണാൻ കൊതിയുണ്ടാവില്ലെ?"
"മ്മ്മ്മ്......... അവര് പോയി വരട്ടെ.
പിന്നെ നമുക്കും അവിടെവരെ ഒന്ന് പോകണം.പിള്ളേര് പോയിവന്നിട്ട് മതി.നാടറിഞ്ഞുള്ള കെട്ടും,കൂട്ടി കൊണ്ടുപോകുന്ന ചടങ്ങും എല്ലാം ഒന്ന് തീരുമാനിക്കണം."
"മാഷെ...........എന്നാലും ഒരു പ്രശ്നം"
"അത് ഞാൻ പരിഹരിക്കും സാവിത്രി, അവര് ജീവിച്ചുതുടങ്ങിയതിനിടയിൽ തടസങ്ങൾ പാടില്ല."ഗോവിന്ദിനെ ആണ് സാവിത്രി ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കിയ മാധവൻ മറുപടി കൊടുത്തു.
അപ്പോഴും മാധവനെ കുഴക്കുന്ന ഒരു പ്രശ്നം അയാളുടെ മനസ്സിലുണ്ടായിരുന്നു."ചന്ദ്രചൂഡൻ"
അയാളെ എങ്ങനെ എതിരിടുമെന്നത് അല്ലായിരുന്നു മാധവന്റെ പ്രശ്നം. വിജയം തനിക്കാവും എന്ന് മാധവന് ഉറപ്പുമുണ്ടായിരുന്നു.പക്ഷെ സാവിത്രിയെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും
💬 Comments
View all comments