Chapter Title : ശ്രീയുടെ ആമി 4 [ഏകലവ്യൻ]
അത്യാവശ്യം പ്രൈവസി ഉണ്ടായിരുന്നു. അവനവളെയും കൊണ്ട് ഒരു മൂലയിൽ ചുമരിനോട് അടുപ്പിച്ചിട്ട ടേബിളിൽ പോയിരുന്നു. രണ്ടാൾക്ക് ഒരുമിച്ചിരിക്കാൻ പാകത്തിലുള്ള സോഫയാണ് ഇരിപ്പിടങ്ങൾ. രണ്ടാളും ഒരുമിച്ചിരുന്നു. അത്യാവശ്യം ഇന്റരിയർ വർക്ക് ചെയ്ത ഷോപ്പിൽ മങ്ങിയ വാം ലൈറ്റ്കളാണ് അലങ്കരിച്ചത്.
“എടി കഴിക്കാനും കൂടി പറയട്ടെ...”
“ഏഹ്.. എനിക്ക് വേണ്ട...”
“ഓ...”
വലിയ ആളെന്ന തരത്തിൽ അവനവളെ നോക്കി മുഖം ചുളിച്ചു. അവന് വേണ്ടുന്ന എണ്ണക്കടിയും രണ്ടു കോഫിയും ഓർഡർ ചെയ്ത് ആമിയെ നോക്കി. അവൾ കൊഞ്ഞനം കുത്തി മുഖം തിരിച്ചു.
“എന്തു പറ്റിയെന്റെ പൊന്നിന്...?”
വാത്സല്യത്തോടെയവൻ അവളെ ചേർത്തപ്പോൾ പരിസരം മറന്നു കൊണ്ട് തന്നെ അവളവന്റെ ചുമലിൽ തല ചായിച്ചു. അപ്പോഴേക്കും അവൻ ഓർഡർ ചെയ്ത സ്നാക്സും രണ്ടു മിനുട്ട് കൊണ്ട് കോഫിയും വന്നു.
“എടി നിനക്ക് വേണ്ടല്ലോ...”
“വേണ്ട...”
“എങ്കി ഈ കോഫി കുടിക്ക്..”
രണ്ടാളും കോഫി ഊതിയൂതി കുടിക്കാൻ തുടങ്ങി.
“എനിക്ക് തരാതെ തിന്നുന്നത് കണ്ടില്ലേ.. പ്രാന്തൻ..”
“പോടീ.. നീ വേണ്ടെന്ന് പറഞ്ഞിട്ടല്ലേ..”
“വേണ്ടെന്ന് പറഞ്ഞാൽ.. ഒന്നൂടെ ചോദിക്കില്ലേ മനുഷ്യൻ..”
“മ്മ് മനസിലായി.. നിന്റെ മൂഡിന്റെ കാര്യം മനസിലായി...
“എന്ത്..?”
“നിനക്ക് ഡേറ്റ് അല്ലേ ഇപ്പൊ...?”
അവൻ ശബ്ദം താഴ്ത്തി ചോദിച്ചു. ആമി ഒന്നും മിണ്ടിയില്ല. പക്ഷെ അതിന്റെ ഉത്തരം അവളുടെ കെറുവിച്ച മുഖത്തുണ്ടായിരുന്നു.
“സോറി.. ഒന്ന് ഓർഡർ ചെയ്യട്ടെ...?”
“വേണ്ട നമുക്ക് പോകാം...”
“ഹ്മ്മ്.. എങ്കി നടക്ക്...”
“ഓ...”
വല്ലാതെ മാറി മറിയുന്ന ആമിയുടെ ഭാവങ്ങളുടെ യഥാർത്ഥ കാരണം എന്താണൊന്നും മനസിലാകാതെ റിതിന്റെ ഉള്ളിൽ ഒരു അങ്കലാപ്പ് പടർന്നു. ചിലപ്പോൾ പീരിയഡ്‌സ് ന്റെ തന്നെയാകാം എന്നവൻ സമാധാനിച്ചു. അവർ വേഗം വീടെത്തി. ശ്രീ അപ്പോഴേക്കും വന്നിട്ടില്ലായിരുന്നു.
“എടി ഞാനങ്ങോട്ടു വരണോ..?”
“വേണ്ട.. വേഗം പൊയ്ക്കോ...”
“ഇപ്പോ അങ്ങനെയായി അല്ലേ..?”
“പോട...”
അവൾ ചിരിച്ചു കൊണ്ട് കാറിൽ നിന്നിറങ്ങി.
“കൊണ്ടു വിട്ട വക ഒന്നുമില്ലേ...?”
“ഒന്നുമില്ല... നാളെ കാണാം..”
“എടീ...”
“പോട പ്രാന്ത..”
ഇക്കിളി കൊണ്ടുണ്ടാവുന്ന ചിരിയുടെ സ്വരം കേൾപ്പിച്ച് ആമി തിരിഞ്ഞ് നടന്നു. അവൾ വീട്ടിലേക്ക് കയറുന്നതു വരെ നോക്കിയിരുന്ന ശേഷം റിതിൻ കാർ തിരിച്ചു.
💬 Comments
View all comments