Chapter Title : സുതാര്യമായ തടവറ 8 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
എത്രയും വേഗം ഓടി രക്ഷപെടണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
"എന്റെ മാത്യു സാറേ.. ഒന്ന് പതിയെ പോ.. ആകെ ഒരു വണ്ടിക്ക് പോകാൻ പറ്റുന്ന സ്ഥലമേ ഉള്ളു... എന്താ പറ്റിയെ.. സർ എന്തിനാ പെട്ടെന്ന് ഇറങ്ങിയത്...?"
മാത്യുവിന്റെ വിറയ്ക്കുന്ന കൈകൾ സ്റ്റിയറിംഗിൽ മുറുകുന്നത് കണ്ട് ഷാജിയേട്ടൻ പേടിയോടെ ചോദിച്ചു.
മാത്യു വണ്ടി വളരെ വേഗം ഹോസ്പിറ്റൽ പരിസരത്തേക്ക് തിരികെ എത്തിച്ചു.
ആ പഴയ ഗേറ്റിന് അല്പം മാറി അയാൾ വണ്ടി നിർത്തി. ഷാജിയേട്ടൻ അപ്പോഴും മാത്യുവിന്റെ മുഖത്തെ ആ നിഗൂഢ ഭാവം കണ്ട് ഭയന്നു നിൽക്കുകയായിരുന്നു.
മാത്യു തന്റെ പോക്കറ്റിൽ നിന്നും അഞ്ഞൂറിന്റെ പത്ത് നോട്ടുകൾ എടുത്ത് ഷാജിയേട്ടന് നേരെ നീട്ടി.
"ഇത് വച്ചോളൂ ഷാജിയേട്ടാ..."
ഷാജിയേട്ടൻ കൈകൾ പിന്നിലേക്ക് വലിച്ചു.
"അയ്യോ... വേണ്ട സാറേ.. എന്തിനാ ഇതൊക്കെ? ഞാൻ സർ വന്നപ്പോ ഒന്ന് സഹായിച്ചു എന്നല്ലേ ഉള്ളൂ. ഇതിന്റെ ആവശ്യമില്ല."
"ഇരിക്കട്ടെ ഷാജിയേട്ടാ... ഇത് വാങ്ങി വച്ചോളൂ."
മാത്യുവിന്റെ ശബ്ദത്തിലെ ഗാംഭീര്യം കണ്ട് ഷാജിയേട്ടന് മറുത്തു പറയാൻ കഴിഞ്ഞില്ല.
അയാൾ വിറയ്ക്കുന്ന കൈകളോടെ ആ പണം വാങ്ങി പോക്കറ്റിലിട്ടു.
"ഷാജിയേട്ടാ.. കൂടുതൽ ഒന്നും ഞാൻ പറയുന്നില്ല. ഇവിടെ ഒരു കാര്യം അറിയാൻ വന്നതായിരുന്നു. അത് നടന്നു. എനിക്കിപ്പോൾ പോകണം. വീണ്ടും കാണാം..."
മാത്യുവിന്റെ വാക്കുകളിൽ ഒരു വിടവാങ്ങലിന്റെ ഭാരമുണ്ടായിരുന്നു.
ഷാജിയേട്ടന് ഒന്നും മനസ്സിലായില്ല. പന്ത്രണ്ട് വർഷം മുൻപ് ആ കൈവിട്ട സർജറി കഴിഞ്ഞു കണ്ട അതേ വെപ്രാളവും ഭയവും അന്ന് ആ മുഖത്ത് അയാൾ വീണ്ടും കണ്ടു.
ഷാജിയേട്ടൻ കാറിൽ നിന്നിറങ്ങി ആ റോഡരികിൽ നിന്നു.
💬 Comments
View all comments