Chapter Title : സുമലതം [കത്തനാർ]
തനിക്കു അയാളെ കൂടുതൽ വിശ്വാസമായിരുന്നെങ്കിൽ അയാളോട് ഒരു കുഞ്ഞിനെ ആവശ്യപ്പെടുമായിരുന്നോ?
ഈ ചിന്തകൾ…അതിനെ ഇല്ലാതാക്കാനായില്ല. വേദനയോടൊപ്പം അടച്ചുവയ്ക്കാനേ കഴിഞ്ഞുള്ളൂ.
ആദിത്യൻ ഓർമയിൽനിന്ന് പിന്മാറാൻ ശ്രമിച്ചു. പക്ഷേ അതിനു മുൻപ് മറ്റൊരു ദൃശ്യം തെളിഞ്ഞു. കാടിനുള്ളിലെ രഹസ്യയോഗം. തെക്കേടത്ത് കുടുംബത്തിന്റെ അടയാളമുള്ള രണ്ടു പുരുഷന്മാർ. അവർക്കൊപ്പം ലൂപിൻ കൂട്ടം.
സാധാരണ മനുഷ്യരെ ആക്രമിക്കാതെ ജീവിക്കുന്ന സുമലതയുടെ വംശക്കാരല്ല. കൊലപാതകങ്ങളും കവർച്ചകളും നടത്തിയിരുന്ന അപകടകാരികളായ സംഘം.
അവർ ആയുധങ്ങൾ കൈമാറുന്നു. ഔഷധങ്ങൾ. പൊതിഞ്ഞു സൂക്ഷിച്ചു കെട്ടിയ ഭാണ്ഡങ്ങളിൽ വെള്ളി. പഴയ രേഖകൾ.
എന്തിനുവേണ്ടിയെന്നു വ്യക്തമല്ല.
പക്ഷേ നീലവള സംരക്ഷിക്കേണ്ട കുടുംബം ലൂപിൻ കൂട്ടങ്ങളെ നിരീക്ഷിക്കുകയല്ല ചെയ്തിരുന്നത്. അവരുമായി സഖ്യം സ്ഥാപിച്ചിരുന്നു. അധികാരം നേടാനുള്ള സഖ്യം. എന്തോ വലിയ പദ്ധതി.
കാലത്തിന്റെ ശക്തി ഉപയോഗിച്ച് എന്താണ് അവർ ചെയ്യാൻ പോകുന്നത്?
ഭാവിസാധ്യതകൾ കണ്ടു രാഷ്ട്രീയാധികാരം നേടാനോ? മറ്റുവളകളുടെ സ്ഥാനം കണ്ടെത്താനോ? മരിക്കേണ്ടവരുടെ സമയം മാറ്റാനോ? ഉത്തരം ഉണ്ടായിരുന്നില്ല.
സുമലതയുടെ അന്വേഷണം കൂടുതൽ ആഴത്തിലേക്കു പോകുന്നതിനു മുൻപ് അവളുടെ സാന്നിധ്യം ആരോ തിരിച്ചറിഞ്ഞിരുന്നു. കൂടുതൽ അന്വേക്ഷിക്കുവാൻ ചെറിയച്ഛൻ അച്ഛനുമായി പുറപ്പെട്ടു. അതിനുശേഷമാണ് മഹാദേവനും ഹരിദേവനും കൊല്ലപ്പെട്ടത്.
അവൾ അടുത്ത മൂന്നു വർഷം മൗനം പാലിച്ചത് ഭയന്നിട്ടല്ല. ശത്രുക്കളെ ശാന്തരാക്കാൻ. പുതുശ്ശേരി അപകടത്തെ സ്വാഭാവികമരണമായി അംഗീകരിച്ചുവെന്ന് അവരെ വിശ്വസിപ്പിക്കാൻ.
ഹരിഹരൻ തീർത്ഥയാത്രയ്ക്കു പോയെന്നാണ് പ്രചരിപ്പിച്ചത്. വളകളെക്കുറിച്ചുള്ള അന്വേഷണം അവസാനിച്ചതുപോലെ നടിച്ചു. തെക്കേടത്ത് കുടുംബം ജാഗ്രത കുറയ്ക്കുന്നതുവരെ കാത്തിരുന്നു.
ഓർമയുടെ ഒഴുക്ക് മങ്ങി. ആദിത്യൻ കണ്ണുകൾ തുറന്നു.
കറുത്ത വള കൈത്തണ്ടയിൽനിന്ന് പതുക്കെ അപ്രത്യക്ഷമായി. സുമലതയുടെ തല ഇപ്പോഴും അവന്റെ മടിയിലായിരുന്നു. അവൾ കണ്ണുകൾ തുറന്നില്ല.
💬 Comments
View all comments