Chapter Title : ടോക്സിക് 3 [സാത്യകി]
പിറ്റേന്ന് എന്തെങ്കിലും ഒരു തുമ്പ് ഉണ്ടാകും എന്ന് ഞങ്ങൾക്ക് ഉറപ്പ് ഉണ്ടായിരുന്നു. പക്ഷെ ഒന്നും തന്നെ ഉണ്ടായില്ല. ആ കേസ് ഒരടി മുന്നോട്ടു നീങ്ങിയില്ല. ഞാനും സുനിയും സനൂപേട്ടന്റെ ഒപ്പം സ്റ്റേഷനിൽ കുത്തി ഇരുന്നിട്ടും ഒരു പ്രയോജനവും ഉണ്ടായില്ല.
മീനാക്ഷി മിസ്സിംഗ് ആയത് അന്ന് രാത്രി തന്നെ അത്യാവശ്യം ന്യൂസിൽ ഒക്കെ വന്നിരുന്നു. പിന്നെ മീഡിയയിൽ ആയിരുന്നു ഞങ്ങളുടെ പ്രതീക്ഷ. പക്ഷെ പോലീസ് കയ്യൊഴിഞ്ഞത് പോലെ മീഡിയയും ഈ കേസ് കൈ വിട്ടു. അന്വേഷണം മുന്നോട്ടു പോകാത്തത് തെളിവുകൾ ഇല്ലാത്തത് കൊണ്ടല്ല, മറിച്ചു ആരോ ഈ കേസ് ആട്ടിമറിക്കുന്നത് ആണെന്ന് ഞങ്ങൾക്ക് തോന്നി. മുകളിൽ ഉള്ള ഉദ്യോഗസ്ഥന്മാർക്കും മന്ത്രിക്കും എല്ലാം പരാതി കൊടുത്തിട്ടും ഒരു കാര്യവും ഉണ്ടായില്ല.. മീനാക്ഷി എന്ന പെൺകുട്ടി ഒറ്റയടിക്ക് ഇല്ലാതായി പോയത് പോലെ ആയിരുന്നു.. അവളെ കുറിച്ച് ആകെ ചിന്തിക്കുന്നത് അവളുടെ കുടുംബവും ഞങ്ങൾ കുറച്ചു പേരും ആണെന്ന് എനിക്ക് മനസിലായി.. പോലീസോ മീഡിയയോ ഒന്നും നമ്മളെ സഹായിക്കില്ല.. ജോർജ് സാർ ആണെങ്കിലും കണ്മുന്നിൽ വന്നാൽ മുഖത്ത് നോക്കാതെ കടന്നു പോകും.. പ്രിവിലേജ് ഇല്ലാത്ത ആളുകളുടെ പ്രശ്നങ്ങൾ അവരുടെ മാത്രമാണ്..
സനൂപേട്ടന്റെ ആരോഗ്യ സ്ഥിതി ഇതിനിടയിൽ വഷളായി. അത് കൊണ്ട് ഞങ്ങൾ പുള്ളിയെ ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്ക് ആണ് കൊണ്ട് പോയത്. ഇനിയും സ്റ്റേഷനിലും മന്ത്രി മന്ദിരങ്ങളിലും ഒക്കെ ഇറങ്ങി നടന്നു സനൂപേട്ടന്റെ ആരോഗ്യം കൂടുതൽ മോശമാക്കണ്ട എന്ന് ഞാൻ കരുതി. കേസിന്റെ കാര്യത്തിൽ ഞാനും സുനിയും എന്നും സ്റ്റേഷനിൽ ചെല്ലുന്നുമുണ്ട്. പക്ഷെ ഒരാഴ്ച കഴിഞ്ഞിട്ടും മീനാക്ഷി എവിടെ എന്ന് ആർക്കും അറിയില്ല..
💬 Comments
View all comments