Chapter Title : വശീകരണ മന്ത്രം 10 [ചാണക്യൻ]
അവന്റെ ആകാംക്ഷ നിറഞ്ഞ നോട്ടം കണ്ട് അഞ്‌ജലിയും അങ്ങോട്ടേക്ക് തുറിച്ചു നോക്കി.
അവിടെയുള്ള കാഴ്ച്ച കണ്ട് അവളുടെ കണ്ണുകളും തിളങ്ങി.
അഞ്‌ജലിയേയും കൊണ്ട് അനന്തു പതിയെ ആ അറയുടെ ഭിത്തിയിലേക്ക് നടന്നടുത്തു.
മുന്നിലുള്ള തടസങ്ങൾ വകഞ്ഞു മാറ്റി മാറാലകൾ തുടച്ചു മാറ്റി അവർ അവിടേക്ക് വന്നു നിന്നു.
നിലവറയിലെ അസഹനീയമായ ഉഷ്ണം അവർ ഇരുവരെയും ഒരുപോലെ തളർത്തി.
വിയർപ്പിൽ കുളിച്ചതും ഇരു ശരീരങ്ങളും തമ്മിൽ ഒട്ടിച്ചേർന്നു.
വായു സഞ്ചാരത്തിന്റെ കുറവും ഇരുട്ടും അവർക്ക് മുന്നിൽ വലിയ കടമ്പ പോലെ നിന്നു.
അഞ്ജലിയുടെയും അനന്തുവിന്റെയും ദേഹത്തു നിന്നും ഒഴുകിയ വിയർപ്പ് തുള്ളികൾ നിലവറയിലെ അന്ധകാരത്തിലേക്ക് മറഞ്ഞു.
ആകെ നനഞ്ഞു കുതിർന്ന പോലെ.
അപ്പോഴും അനന്തുവിന്റെ കണ്ണുകൾ ആ ഭിത്തിയിൽ തന്നെയായിരുന്നു.

അവിടെ കൊത്തുപണികൾ ഒക്കെ ചെയ്തിട്ടുള്ള മനോഹരമായ ഒരു വാതിൽ ഉണ്ടായിരുന്നു.
രണ്ടു വാതിൽ പാളികൾ കൂടി ചേർന്നത്.
അതിനു ചുറ്റും എന്തൊക്കെയോ ശില്പങ്ങൾ വിഗ്രഹങ്ങൾ എന്നിവ കൃത്യതയോടെ കൊത്തി വച്ചിരിക്കുന്നു.
നാഗങ്ങളുടെ കൊത്തുപണികൾ ആണ് അധികവും.
ഇരു പാളികളുടെ മുകൾ തട്ടിൽ നിന്നും സർപ്പിള രീതിയിലുള്ള നാഗത്തിന്റെ ഉടൽ നിർമിതി താഴേക്ക് വന്ന ശേഷം വീണ്ടും ലംബാകൃതിയിൽ മുകളിലേക്ക് വന്നു ഇണ ചേരുന്ന പോലെ പരസ്പരം അതിന്റെ ആഗ്ര ഭാഗങ്ങൾ തമ്മിൽ കൂട്ടി മുട്ടുന്നു.
അത് തുറക്കപ്പെട്ടിട്ട് വർഷങ്ങളായെന്ന് അനന്തുവിന് മനസിലായി.
അഞ്ജലി ഇത്രയും വലുപ്പമുള്ള വാതിൽ ഈ മനയിൽ ആദ്യമായി കണ്ടതിന്റെ അത്ഭുതത്തിൽ ആയിരുന്നു.
"നന്ദുവേട്ടാ എന്തൊക്കെയാ ഇത് ഒരുമാതിരി മണിച്ചിത്രത്താഴിൽ ഉള്ള പോലെ എനിക്കാകെ പേടി തോന്നുന്നു"
അഞ്ജലിയെ ഭയം ക്രമേണ കീഴ്പ്പെടുത്തി തുടങ്ങിയിരുന്നു.
💬 Comments
View all comments