Chapter Title : യക്ഷയാമം 10 [വിനു വിനീഷ്]
കുറച്ചു കല്പടവുകൾ കാണാം. ഭയം കൂടാതെ, താഴേക്ക് ഇറങ്ങി അവസാന പടിയിൽ നിൽക്കുക. അതിന്റെ ഇടതുവശം ചേർന്ന് ഒരു ചുമരുണ്ടാകും. അവിടെയും ഒരു അറയുണ്ട്. അതിന്റെ താക്കോലാണ് കൈയിലുള്ള ചെറുത്. അതുതുറന്നാൽ വീണ്ടുമൊരു താക്കോൽ കൂട്ടമുണ്ടാകും അതെടുത്ത് താഴേക്കിറങ്ങിയാൽ മൂന്ന് വാതിലുകൾ കാണാം. അതിൽ തലയോട്ടി പതിച്ച ഒരു മുറിയുണ്ട് അതുതുറന്ന് ചുടലഭദ്രയുടെ വലിയ വിഗ്രഹത്തിന്റെ അടുത്ത് ചുവന്നപട്ടിലായിരിക്കും. ആ ചെപ്പ്."
ഇതെല്ലാം കേട്ട് ഗൗരി അമ്പരന്നുനിന്നു.
"പക്ഷെ ഗൗരിക്ക് അതെടുക്കാൻ കഴിയില്ല. ഇവൾക്കെ പറ്റു." സീത അമ്മുവിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു.
"ഇല്ല്യാ, എനിക്ക് പറ്റില്ല്യ." അമ്മു തീർത്തുപറഞ്ഞു.
"അമ്മു, ദുഷ്ട്ടനായ മാർത്താണ്ഡന്റെ ചതിയിൽപെട്ടതല്ലേ സീത. എന്റെ മനസുപറയുന്നു ഇതോടുകൂടി എല്ലാം അവസാനിക്കും ന്ന്." ഗൗരി അവളെ പറഞ്ഞുമനസിലാക്കി.
"പക്ഷെ ഗൗര്യേച്ചി മുത്തശ്ശനറിഞ്ഞാൽ.."
"മുത്തശ്ശനൊന്നുമറിയില്ല്യ. നീ ധൈര്യമായിട്ടിരിക്ക്." ഗൗരി അവളെ പറഞ്ഞുസമ്മതിപ്പിച്ചു. ശേഷം സീതക്കുനേരെ തിരിഞ്ഞു.
"ഞങ്ങൾ പോകാം. പക്ഷെ ഞങ്ങളുടെ ജീവന് സംരക്ഷണം നൽകണം."
"ഹഹഹ.." സീത ആർത്തട്ടഹസിച്ചു.
"നീയിപ്പോഴും ഒരുകാര്യംമറന്നു ഗൗരി. അമാവാസിയിലെ കാർത്തികയിലാണ് നിന്റെ ജനനം. നിന്നെ അപായപ്പെടുത്താൻ മാർത്താണ്ഡൻ വരെ ഭയക്കും." പുഞ്ചിരിപൊഴിച്ചുകൊണ്ട് സീത പറഞ്ഞു.
"മ്, പോയ്‌കോളൂ..." സീത വലതുകൈ ഉയർത്തി പോകുവാൻ ആംഗ്യം കാണിച്ചു.
ഗൗരി അമ്മുവിന്റെ കൈയ്യുംപിടിച്ച് ആ വീടിന്റെ ഉമ്മറത്തേക്ക് ചെന്നു.
അടഞ്ഞുകിടക്കുന്ന തിരുട്ടിവതിൽ പതിയെ തുറന്നതും പൊടിയും,മാറാലയും ഒരുമിച്ച് മുകളിൽനിന്നും താഴേക്ക് പതിച്ചു.
ഗൗരി പിന്നിലേക്ക് തിരിഞ്ഞുനോക്കി.
പുഞ്ചിരിപൊഴിച്ചുകൊണ്ട് സീത അവിടെത്തന്നെ നിൽക്കുകയായിരുന്നു.
പൊടിപടലങ്ങൾ കൊണ്ട് നിറഞ്ഞിരുന്ന ചെറിയ ഹാളിന്റെ മധ്യത്തിലായി അവർ നിന്നു. ചന്ദനത്തിരിയുടെയും കർപ്പൂരത്തിന്റെയും രൂക്ഷഗന്ധം ചുറ്റിലും പരന്നു.
"ഗൗര്യേച്ചി, അതാ.."
💬 Comments
View all comments