” എന്താ സിനി, ഇവിടെ ഒറ്റയ്ക്ക് നിൽക്കുന്നത്…? നിന്നെ അന്വേഷിച്ച് ഇൻവെസ്റ്റേഴ്സ് അവിടെ നിൽക്കുന്നുണ്ട്… ”
” ഫിലിപ്പ്… നമ്മൾ എന്തിനാണ് എപ്പോഴും ഇങ്ങനെയുള്ള പാർട്ടികളിൽ മാത്രം വരുന്നത്…? നമുക്ക് എപ്പോഴെങ്കിലും ഒന്ന് സമാധാനമായി തനിച്ച് എവിടെയെങ്കിലും പോയി ഇരുന്നു സംസാരിക്കാൻ പറ്റുന്നുണ്ടോ…? ” സിനി പെട്ടന്ന് ചോദിച്ചു.
ഫിലിപ്പ് ഒന്ന് അമ്പരന്നു… ” ഇതെന്താ പെട്ടെന്ന് ഇങ്ങനെ ഒരു ചോദ്യം..? നമ്മൾ സക്സസ്ഫുൾ ആകണമെങ്കിൽ ഇത്തരം നെറ്റ്വർക്കിംഗ് അത്യാവശ്യമല്ലേ…? സിനി, നീ വല്ലാതെ ടയേർഡ് ആണെന്ന് തോന്നുന്നു. നമുക്ക് നാളെ ലണ്ടൻ ട്രിപ്പിനെക്കുറിച്ച് പ്ലാൻ ചെയ്യാം. അപ്പോൾ എല്ലാം ശരിയാകും… ”
അയാൾ അവളുടെ തോളിൽ ഒന്ന് തട്ടി തിരികെ ഹാളിലേക്ക് നടന്നു. സിനി അവിടെത്തന്നെ നിന്നു… ഫിലിപ്പിന് തന്റെ ചോദ്യത്തിന്റെ ആഴം മനസ്സിലായില്ല. അയാൾക്ക് ജീവിതം എന്നാൽ കൃത്യമായി നിർമ്മിക്കപ്പെട്ട ഒരു കെട്ടിടം പോലെയാണ്… അതിൽ വിള്ളലുകൾ ഉണ്ടാകാൻ അയാൾ അനുവദിക്കില്ല… പക്ഷേ, ആ കെട്ടിടത്തിനുള്ളിൽ വായു സഞ്ചാരം കുറയുന്നത് അയാൾ അറിയുന്നില്ല… അറിയാൻ ശ്രമിക്കുന്നുമില്ല…!
ഡിന്നർ കഴിഞ്ഞ് വില്ലയിലേക്ക് മടങ്ങുമ്പോൾ ദുബായ് നഗരത്തിലെ വെളിച്ചങ്ങൾ മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു…
വീട്ടിലെത്തിയപ്പോൾ ഫിയ ഉറങ്ങിക്കഴിഞ്ഞിരുന്നു… സിനി അവളുടെ മുറിയിൽ ചെന്ന് നെറ്റിയിൽ പതുക്കെ ചുംബിച്ചു. തന്റെ മകൾക്ക് നൽകാൻ കഴിയാത്തത് എന്താണെന്ന് അവൾക്ക് പതുക്കെ മനസ്സിലാകുന്നുണ്ടായിരുന്നു… അതൊരു ആത്മബന്ധമാണ്…
