ആതിര.!എ. എസ്. ഐ ആതിര.!
കിഷോർ അന്വേഷണത്തിന് നിയമിച്ച പോലീസ് ഉദ്യോഗസ്ഥ.! ഈ നാട്ടിൽ അരങ്ങേരുന്ന നിഗൂഢത കണ്ടെത്താൻ നിയോഗിച്ചവൾ. അവൾക്ക് തുണയായിട്ടാണ് തന്നെ അയച്ചിരിക്കുന്നത്, പക്ഷേ ആദ്യമെത്തിയത് തനാണെന്ന് മാത്രം. വാഹിദ് വാതിൽ പതുക്കെ പൂർവ്വ സ്ഥിതിയിൽ ചാരിയിട്ട് തിരികെ കട്ടിലിൽ വന്നു കിടന്നു ഇടയ്ക്കിടയ്ക്കുയരുന്ന പട്ടികളുടെ ഓരിയിടൽ കാതോർത്തു ശ്രദ്ധിച്ചു ഉറക്കത്തിലേക്ക് പതുക്കെ വഴുതി വീണു.
അദ്ധ്യായം 2
“സരസു.!
അതായിരുന്നു ആ പെൺകുട്ടിയുടെ പേര്. സരസ്വതി എന്നെങ്ങാനും ആയിരുന്നു. പക്ഷേ എല്ലാവരും സരസു എന്നാണ് വിളിച്ചിരുന്നത് എന്നാണ് കേട്ടിട്ടുള്ളത്. തുളസിചെടിപോലൊരു പാവം കൊച്ചായിരുന്നു അവൾ. തീർത്ഥജലം പോലെ പുണ്യമുള്ള ഒരു പൂമ്പാറ്റക്കുട്ടി. ഈ നാട്ടിലെ എല്ലാവർക്കും അവളെ ഒത്തിരി ഇഷ്ടമായിരുന്നു. ഈശ്വര ചിന്തയും മനസ്സ് നിറയെ സ്നേഹവും ഉള്ള താമരപ്പൂ പോലെ സുന്ദരിയായൊരു കന്യക. ”
വായിലെ മുറുക്കാൻ ഒന്ന് നാവുകൊണ്ട് ഒതുക്കി, ചുക്കിച്ചുളിഞ്ഞ കവിളിലേ മാംസങ്ങൾ ചുളുക്കി നാണി മുത്തശ്ശി പറഞ്ഞു നിർത്തി ഒന്ന് പുഞ്ചിരിച്ചു. നീണ്ട ചെവിയിലെ തോട അണിഞ്ഞിരുന്ന വലിയ ദ്വാരത്തിൽ വിരലിട്ടൊന്നു ചൊറിഞ്ഞു. വാഹിദും ആതിരയും ആ വൃദ്ധയുടെ മുഖത്തേക്ക് തന്നെ നോക്കി അവർ പറയുന്നത് കേട്ടുകൊണ്ടിരുന്നു.
അവർ രണ്ടുപേരും താമസിക്കുന്നത് കാഞ്ഞിരമുക്ക് എന്ന് വിളിക്കുന്ന ഒരു കവലയിലാണ്. അവിടെ നിന്ന് ഇടത്തോട്ട് പോയാൽ കല്ലാപുരം അങ്ങാടിയും വലത്തോട്ട് പോയാൽ കക്കേരി അങ്ങാടിയുമാണ്. കല്ലാപുരത്തു നിന്ന് കക്കേരിയിലേക്ക് പോകുന്ന ഹൈവേയിലൂടെ കുറച്ചു മുമ്പോട്ട് വന്നിട്ട് ഇടത്തോട്ട് പോകുന്ന പഞ്ചായത്ത് റോഡ് വഴി കാഞ്ഞിരമുക്കിൽ എത്താം. കാഞ്ഞിരക്കാവ് ഗ്രാമത്തിൽ ആളുകൾ ഇടപഴകുന്ന ചെറിയൊരു ഭാഗമാണ് കാഞ്ഞിര മുക്ക്. ഒന്ന് രണ്ട് കടയും ഒരു സ്‌കൂളുമുള്ള ഒരു കവല.
