ഇപ്പോൾ രണ്ട് മൂന്ന് ദിവസമായി ഒരു ചെറുപ്പക്കാരനെ അവൾ വഴിയരികിൽ കാണുന്നു.. ദിവസവും പലരേയും കാണാറുണ്ടെങ്കിലും ഇവനെ അമ്പിളി ശ്രദ്ധിക്കാൻ കാരണമുണ്ട്.. കണ്ടപ്പോഴൊക്കെ അവളെയും കാത്ത് നിൽക്കുന്നത് പോലെയാണ് അവൾക്ക് തോന്നിയത്.. പിന്നെ തന്നെക്കാണുമ്പോഴുള്ള അവന്റെ മുഖഭാവം.. ഒരു തരം ആരാധനയാണവന്റെ മുഖത്ത്.. അമ്പലത്തിൽ ചെന്ന് ദേവിയെ നോക്കും പോലെ.. കണ്ണുകളിൽ കടുത്ത പ്രണയവും..
പലജാതി നോട്ടത്തിൽ ഈ നോട്ടം വ്യത്യസ്ഥമാണെങ്കിലും അതിനോട് പ്രതികരിക്കാനൊന്നും അമ്പിളിക്ക് താൽപര്യമില്ലായിരുന്നു.. വിജയനെന്ന ഒറ്റ ആണിനെ മനസിലാക്കിയതോടെ ആൺ വർഗത്തിനെത്തന്നെ അവൾക്ക് വിശ്വാസമില്ലായിരുന്നു..
വീട്ടിൽ നിന്ന് അൽപ്പം നടന്ന് വേണം അമ്പിളിക്ക് ബസ് സ്റ്റോപ്പിലെത്താൻ.. ഒൻപത് മണിക്കാണവൾ വീട്ടിൽ നിന്നിറങ്ങുന്നത്.. ഒൻപതേകാലിന് ബസ് വരും.. വൈകിട്ട് അഞ്ച് മണിക്ക് ജോലി സ്ഥലത്ത് നിന്നിറങ്ങും.. ആറ് മണിയോടെ വീട്ടിലെത്തും..
ബസ് കയറാൻ പോകുന്ന വഴിയിലും,ബസ് സ്റ്റോപ്പിലും, ചിലപ്പോൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന് മുന്നിൽ വരെ അമ്പിളി ആ ചെറുപ്പക്കാരനെ കണ്ടു..
ദിവസങ്ങൾ ചെല്ലുന്തോറും അവൻ തന്നെ കാണാനായി മാത്രം കാത്തിരിക്കുകയാണെന്ന് അമ്പിളിക്ക് മനസിലായി..പക്ഷേ അതിലൊന്നും ഒരാകർഷണവും അവൾക്ക് തോന്നിയില്ല..ഒരു പുരുഷനോടുളള സ്നേഹം,ഇഷ്ടം, പ്രണയം എന്നീ വികാരങ്ങളൊക്കെ അമ്പിളിയിൽ എന്നേ നഷ്ടപ്പെട്ടിരുന്നു..
✍️..ഇന്നൽപം വൈകിയാണ് അമ്പിളി വീട്ടിൽ നിന്നിറങ്ങിയത്.. വീടിന് മുമ്പിലുള്ള പഞ്ചായത്ത് റോട്ടിലൂടെ പത്ത് മിനിറ്റ് നടക്കണം ബസ് വരുന്ന മെയ്ൻ റോഡിലെത്താൻ.. അമ്പിളി ധൃതി പിടിച്ച് മുറ്റത്ത് നിന്ന് പഞ്ചായത്ത് റോട്ടിലേക്കിറങ്ങി.. പെട്ടെന്നവൾ ഒന്ന് നിന്നു..ആ റോഡരികിൽ ഒരു ബൈക്ക് നിർത്തിയിട്ടിരിക്കുന്നു..അതിൽ ചാരി ആ ചെറുപ്പക്കാരൻ.. അവന്റെ ചുണ്ടിൽ മനോഹരമായൊരു പുഞ്ചിരി..
