സുമനൻ വലിയൊരു ശാസ്ത്രജ്ഞനെപ്പോലെ തന്റെ കണ്ണട നടുവിരൽ കൊണ്ട് നേരെയാക്കിക്കൊണ്ട് പറഞ്ഞു.
എന്റെ ഈശ്വരാ! ഞാൻ അന്വേഷിച്ചു നടന്ന ആ സഞ്ജീവനി ഇതാ എന്റെ കയ്യിൽ ഇരിക്കുന്നു! സുമന നാരായണൻ ഇന്ന് എനിക്ക് വെറുമൊരു പഴയ ക്ലാസ്സ്മേറ്റ് അല്ല, സാക്ഷാൽ ദൈവം തമ്പുരാനാണ്!
“അല്ല… ഇതൊക്കെ എന്തിനാ ഇപ്പൊ നിനക്ക്?”
സുമനൻ സംശയത്തോടെ എന്നെ നോക്കി ചോദിച്ചു.
ഞാൻ ആ ഇല വേഗം വാങ്ങി ആരും കാണാതെ പാന്റ്സിന്റെ പോക്കറ്റിൽ വെച്ചു. ശേഷം അവനെ നോക്കി ഒരുതരം വെടല ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു:
“അല്ല… ഇനി അഥവാ ഏതെങ്കിലും വാമ്പയർ എന്റെ അടുത്ത് ചോര കുടിക്കാൻ വന്നാൽ, എങ്ങനെയെങ്കിലും ഇതൊന്ന് പ്രയോഗിച്ചു നോക്കാമല്ലോ എന്ന് വിചാരിച്ചിട്ടാ…ഏത് ഹഹഹഹ…..”
സുമനൻ എന്റെയാ കോമഡി കേട്ട് വല്ലാത്തൊരു ഇളി ഇളിച്ചു…..
ഞാൻ പറഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സത്യമാണെന്ന് ആ പൊട്ടനറിയില്ലല്ലോ!
അപ്പോഴേക്കും കിരൺ ഫോൺ വിളിയൊക്കെ കഴിഞ്ഞ് തിരികെ ഞങ്ങളുടെ അടുത്തേക്ക് വന്നു. സാധനം പോക്കറ്റിൽ ഭദ്രമായി ഇരിപ്പുണ്ടെന്ന് ഞാൻ ഒന്നുകൂടി ഉറപ്പുവരുത്തി. പിന്നെ ഞങ്ങൾ അധികം അവിടെ നിന്നില്ല. സുമനനോട് യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി.
എന്റെ ചോര കുടിക്കുന്ന ആ യക്ഷിയെ ഇന്നത്തോടെ ഞാൻ എന്റെ ജീവിതത്തിൽ നിന്നും കെട്ടുകെട്ടിക്കും! പോക്കറ്റിലെ ആ ഇലയിൽ തൊട്ടുകൊണ്ട് വലിയൊരു ആത്മവിശ്വാസത്തോടെ ഞാൻ ബൈക്കിൽ കയറി…..
________________________________________________
