Chapter Title : ആണ്‍കുട്ടി [Master]
പാറുവിനോടുള്ളത് എന്ന് വ്യക്തമാക്കാനാണ്. ജീവിതമെന്താണെന്ന് എനിക്കറിയാം സര്‍. പൂമെത്തയില്‍ കിടന്ന് വളര്‍ന്നവനല്ല ഞാന്‍” സ്വയം നിയന്ത്രിച്ചാണ് പറഞ്ഞതെങ്കിലും ഒടുവില്‍ അവന്റെ കണ്ണുകള്‍ നനയുകതന്നെ ചെയ്തു.
“ഞങ്ങളുടെ സ്നേഹം വെറും പ്രണയമല്ല. അത് എങ്ങനെയാണ് സാറിനോട് പറഞ്ഞു മനസ്സിലാക്കേണ്ടത് എന്നെനിക്കറിയില്ല. പക്ഷെ ഞാനൊന്നു പറയാം സര്‍; പാറു വേറെ ആരെയെങ്കിലും വിവാഹം ചെയ്യാന്‍ ആശിക്കുന്നുണ്ടെങ്കില്‍, അവളെ ഞാന്‍ എതിര്‍ക്കില്ല; കാരണം സാറിനെപ്പോലെതന്നെ എനിക്കും പ്രധാനം അവളുടെ സന്തോഷം തന്നെയാണ്. ഞാനിത് എന്റെ ഹൃദയത്തില്‍നിന്നും പറയുന്ന സത്യമാണ്. സ്വാര്‍ഥതയല്ല എനിക്കവളോടുള്ള സ്നേഹം. എങ്കിലും ഞാന്‍ ഈ ജന്മത്തില്‍ എന്റെ മനസ്സുകൊണ്ട് വരിച്ചത് അവളെയാണ്. അവളെ മാത്രമേ ഞാന്‍ എന്റെ ഭാര്യയാക്കൂ. അതിനു ഭാഗ്യമുണ്ടായില്ലെങ്കില്‍ അതെന്റെ വിധിയായി കാണാന്‍ എനിക്ക് പ്രയാസമില്ല. സാറ് അവള്‍ക്ക് സന്തോഷം മാത്രം ആഗ്രഹിക്കുന്ന നല്ലൊരു അച്ഛനാണ്. അതുകൊണ്ട് സാറിന്റെ സന്മനസ്സുപോലെ അവള്‍ക്ക് നല്ലതേ വരൂ”
പറഞ്ഞു നിര്‍ത്തി പ്രിന്‍സ് എഴുന്നേറ്റു. നിറഞ്ഞ കണ്ണുകള്‍ തുടച്ച് പുഞ്ചിരിച്ചിട്ട് അവന്‍ നായരെ നോക്കി കൈകള്‍ കൂപ്പി.
“താങ്ക് യൂ സര്‍. എന്നെ കേള്‍ക്കാന്‍ കാണിച്ച സന്മനസ്സിന്”
പറഞ്ഞിട്ട് അവന്‍ പുറത്തേക്കിറങ്ങി.
അപ്പുറത്ത് പാര്‍വ്വതി അച്ഛന്റെ മറുപടിക്കായി കാതോര്‍ത്തു; പക്ഷെ ഒന്നും സംഭവിച്ചില്ല. ജാലകക്കമ്പികളുടെ ഇടയിലൂടെ തകര്‍ന്ന മനസ്സോടെ അവള്‍ നോക്കി. പഴയ സൈക്കിളില്‍ ചവിട്ടി അകന്നുപോകുന്ന പ്രിന്‍സ്. എങ്ങലടിച്ചുകൊണ്ട് അവള്‍ ജനലഴികളില്‍ മുഖം അമര്‍ത്തി. തന്റെ ജീവിതത്തില്‍ നിന്നും എന്നേക്കുമായി അവന്‍ പോകുകയാണോ? ശരീരവും മനസ്സും തളര്‍ന്ന്, സകലവും നഷ്ടപ്പെട്ടവളെപ്പോലെ ചേതനയറ്റ് അവളങ്ങനെ നിന്നു; ഏറെനേരം.
തോളില്‍ മൃദുവായ ഒരു കരസ്പര്‍ശം അനുഭവപ്പെട്ടപ്പോള്‍ പാര്‍വ്വതി ജനലഴികളില്‍ നിന്നും മുഖമുയര്‍ത്തി
💬 Comments
View all comments