Chapter Title : ആഷ്‌ലിൻ 3 [Jobin James] [Climax]
ഞാനീ കിടപ്പാണ്.. വെറുതെ അല്ല സംസാരിക്കാൻ ഇത്ര പാട്. അപ്പൊ ആഷ്‌ലിൻ അവളെപ്പോഴാ വന്നേ.. അവളെത്രയോ ദിവസമായി എന്റെ അരികിലുണ്ട്, എന്തോ തെറ്റ് ചെയ്തെന്ന കുറ്റബോധം കൊണ്ട് ആവുമോ ഇങ്ങനെ.. പക്ഷെ സ്നേഹമില്ലെങ്കിൽ അവളെങ്ങനെ ചെയ്യോ.. ഞാൻ മഹാ ചെറ്റ തന്നെ ഇങ്ങനെ പെരുമാറാൻ..
"ഇപ്പോൾ അവളെങ്ങോട്ടാ പോയത്?" എനിക്ക് അവളെ ഇപ്പോൾ തന്നെ കാണണം എന്ന തോന്നൽ ശക്തമായി
"വീട്ടിലേക്ക്.. മോൾ തിരിച്ചു പോവാണെന്നു പറഞ്ഞു." അമ്മ എന്റെ അരികിലേക്ക് ഇരുന്നു.
"അമ്മ അവളെ വിളിക്ക്, ഇങ്ങോട്ട് വരാൻ പറ" ഞാൻ അക്ഷമനായി.
"യാത്ര പറയാൻ വരും അപ്പൊ കാണാം" അമ്മ ഞാൻ പറയുന്നത് മൈൻഡ് ചെയ്യുന്നില്ല.
"പറ്റില്ല എനിക്കിപ്പോ കാണണം, വരാൻ പറ അമ്മ പ്ലീസ്" ഞാൻ ചെറിയ കുട്ടികൾ പെരുമാറുന്നത് പോലെ ആയപ്പോൾ അമ്മക്ക് ചിരി വന്നു. ഫോൺ എടുത്ത് വിളിച്ചു.
"വരാമെന്ന് പറഞ്ഞിട്ടുണ്ട്" അമ്മ എഴുന്നേറ്റ് മുറിക്കു പുറത്തേക്ക് നടന്നു വാതിലടച്ചു.
മിനുട്ടുകൾ കഴിഞ്ഞപ്പോഴേക്കും വാതിൽ വീണ്ടും തുറന്നു, ആഷ്‌ലിൻ.. ഞാൻ അവളെ അപ്പോഴാണ് പൂർണമായി ശ്രെദ്ധിക്കുന്നത്. അയഞ്ഞ മഞ്ഞ നിറത്തിലുള്ള ടോപ്പും ജീനും ആണ് വേഷം. ഉറക്ക കുറവ് കൊണ്ടാകാം കണ്ണിനു താഴെ കറുപ്പ് നിറം പടർന്നിട്ടുണ്ട്. പൂവിനേക്കാൾ സൗന്ദര്യമുള്ള അവൾടെ മുഖം വാടിയതായി കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി.
അവളെനിക്കരികിലേക്ക് നടന്നു വന്ന് ബെഡിനരികെ നിന്നതേ ഉള്ളു..
ഞാൻ കൈ എത്തിച്ചു അവളുടെ കൈയിൽ പിടിക്കാൻ ആഞ്ഞു. എന്റെ ശ്രെമം കണ്ടത് കൊണ്ടാവാം ആഷ്‌ലിൻ കുറച്ച് കൂടെ എനിക്കരികിലേക്ക് നീങ്ങി നിന്നു. ഞാനവളുടെ കയ്യിൽ പിടിച്ചു എനിക്കരികിലേക്ക് ഇരിക്കാൻ പറഞ്ഞു.
എന്റെ മുഖത്തേക്ക് നോക്കുന്നില്ല എങ്കിലും പറഞ്ഞത് കേട്ട് അരികിൽ ഇരുന്നു. കയ്യെത്തിച്ചു ബെഡ് പൊസിഷൻ ശെരിയാക്കാനുള്ള കീപാഡ് എടുത്ത് ചാരി കിടക്കാൻ പാകത്തിലാക്കി. അവളെന്നെ ഇപ്പോഴും നോക്കുന്നില്ല..
"ഇച്ചായനോട് മിണ്ടില്ലേ?" കയ്യിൽ പതിയെ തലോടി കൊണ്ട് ഞാൻ ചോദിച്ചു.
അവളെന്നെ മുഖം തിരിച്ചു നോക്കി.. പക്ഷെ മറുപടി ഇല്ല..
"അത്രക്ക് ഇഷ്ടമാണ് എങ്കിൽ അന്നെന്തിനാ അങ്ങനെ മെസ്സേജ് അയച്ചത്" അവളുടെ മറുപടി ഇല്ലാത്തത് കൊണ്ട് ഞാൻ വീണ്ടും ചോദിച്ചു.
ആ ചോദ്യം കേട്ടതോടെ അവളെന്റെ മുഖത്ത് നിന്ന് കണ്ണുകൾ പിൻവലിച്ചു. ഞാൻ കയ്യിൽ പിടിച്ചു വലിച്ചപ്പോൾ ആണ് വീണ്ടുമെന്നെ നോക്കിയത്.
"പറ" ഞാൻ വീണ്ടും പറഞ്ഞു.
അവളെന്നെ നോക്കി കൊണ്ട് ഇരിക്കാണ്, ഒന്നും മിണ്ടുന്നില്ല.. പിന്നെ പതിയെ ചുണ്ടുകൾ ചലിക്കാൻ തുടങ്ങി.
💬 Comments
View all comments