Chapter Title : അർത്ഥം അഭിരാമം 6 [കബനീനാഥ്]
വഴി അവൻ കണ്ടില്ല …
എങ്ങും മുള്ളു നിറഞ്ഞ കാട്ടുതഴകൾ മാത്രം… !
അവന് അരിശം വന്നു തുടങ്ങി …
നിലം ചവിട്ടിക്കുലുക്കി , ആരോടോ അരിശം തീർക്കാനെന്ന പോലെ അവൻ പുഴയൊഴുകും പോലെ താഴേക്ക് നടന്നു.
വീണ്ടും പത്തു മിനിറ്റിലേറെ അവൻ അഭിരാമിയേയും എടുത്ത് നടന്നു……
പുഴ വട്ടം തിരിഞ്ഞ് വീണ്ടും വനത്തിലൂടെ തന്നെയാണ് കയറി ഒഴുകുന്നത് എന്ന് ആ സമയം അവൻ ചിന്തിച്ചതേയില്ല…….
രക്ഷപ്പെടണം, എന്ന വ്യഗ്രത മാത്രമായിരുന്നു മനസ്സിൽ…
മുൾക്കാടുകൾ കാരണം ഒരു തരത്തിലും പുഴയ്ക്കരികിലേക്ക് എത്തിചേരാൻ സാധിക്കാതെ വന്നപ്പോൾ ആവേശം , അവന്റെയുള്ളിൽ തന്നെ കെട്ടടങ്ങി..
പ്രേതബാധയുള്ള സ്ഥലത്തു കൂടെയാണോ തന്റെ സഞ്ചാരം എന്നവൻ ഒരു വേള ചിന്തിച്ചു പോയി……
വെള്ളച്ചാട്ടത്തിന്റെ ശബ്ദം ഏറിയും കുറഞ്ഞും ഇതിനിടയിൽ പല തവണ അവർ കടന്നുപോയിരുന്നു…
അവൻ ക്ഷീണിച്ച് അവളെ താഴെയിറക്കി……
" വയ്യമ്മാ… …. "
രണ്ടു ദിവസമായുള്ള കാനനയാത്രയിൽ ആദ്യമായി അജയ് സുല്ലിട്ടു…
കിതച്ചു നിൽക്കുന്ന, അവനെ ചാരി നിന്ന് അവളും കിതച്ചു..
തന്റെ പ്രതീക്ഷകളെല്ലാം വ്യഥാവിലാവുകയാണെന്നറിഞ്ഞ് അവന്റെ മിഴികൾ ഒന്ന് തുളുമ്പി ….
കാഴ്ചക്കപ്പുറം തന്റെ ലോകമുണ്ട്… !
പക്ഷേ, വഴിയില്ല…
ക്ഷീണവും വിശപ്പും തളർച്ചയും നൈരാശ്യവും ബാധിച്ച് ആകെ തകർന്ന് അജയ് നിന്നു…
തോൽവി അടുത്തു തുടങ്ങിയതായി അവനു തോന്നി…
കോടമഞ്ഞു മാറി സൂര്യപ്രകാശം പരന്നു തുടങ്ങി…
അജയ് വീണ്ടും അവളെ വലിച്ചു പുറത്തു കയറ്റി……
വീണ്ടും നടപ്പു തുടങ്ങി…
കുറച്ചകലെ പാറക്കെട്ടുകൾ കണ്ടപ്പോൾ അവനൊന്ന് ആശ്വസിച്ചു……
വീണ്ടും വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേട്ടു തുടങ്ങി..
അടുത്തു ചെല്ലുന്തോറും പാറകളുടെ വലിപ്പം കൂടിക്കൂടി വന്നു…
പാറക്കെട്ടുകളുടെ അടിഭാഗത്തു നിന്നും പുഴയിലേക്ക് ചെരിവാണ്..
മഴക്കാലമല്ലെങ്കിലും ജലമൊഴുകിയ വഴിയേ പായൽ പിടിച്ച പാടുകൾ കാണാം..
അവർ പാറക്കെട്ടിനു സമീപം നടന്നെത്തി ..
അജയ് അഭിരാമിയെ താഴെയിറക്കി……
അത്ര സുഖകരമല്ലാത്ത ഒരു ഗന്ധം അനുഭവപ്പെട്ടപ്പോൾ അജയ് ഒന്ന് മൂക്കു ചുളിച്ചു……
അവനതത്ര കാര്യമാക്കിയില്ല…
പുഴയുടെ വലുപ്പം കണ്ട് അവനൊന്നമ്പരന്നു…….
ഇരുപതു മീറ്ററോളം അകലെ, അത്ര വലുതല്ലാത്ത, കുത്തിയൊഴുകുന്ന വെള്ളച്ചാട്ടം…
അതിനപ്പുറവും വലിയ മരങ്ങൾ തന്നെ …
💬 Comments
View all comments