0%

Chapter Title : പൊട്ടിയ കണ്ണികൾ [അവളിലേക്കുള്ള യാത്ര]

തുടങ്ങിയ ഓട്ടം ഉച്ചയായിട്ടും തുടർന്നു. ഒരു ചെറിയ വിവരത്തിന് പിന്നാലെ പോയാൽ അത് അവസാനിക്കുന്നത് മറ്റൊരു അടഞ്ഞ വാതിലിന് മുന്നിലായിരുന്നു.

വൈകുന്നേരമായപ്പോഴേക്കും അശ്വിന്റെ ക്ഷമ പൂർണ്ണമായും നശിച്ചിരുന്നു. കാർ റോഡരികിലേക്ക് ഒതുക്കി നിർത്തി അവൻ അടുത്തുണ്ടായിരുന്ന ചെറിയൊരു ചായക്കടയിലേക്ക് നടന്നു.

"ചേട്ടാ... ഒരു ചായ."

ചായ കിട്ടിയതും പോക്കറ്റിൽ നിന്ന് സിഗരറ്റ് എടുത്ത് കത്തിച്ചു. ആദ്യത്തെ പുക പുറത്തേക്ക് വിട്ടപ്പോൾ തന്നെ ശരീരത്തിലെ ക്ഷീണം മുഴുവൻ അവൻ തിരിച്ചറിഞ്ഞു.

"അവന്റെ പേരിനപ്പുറം ഒരു തുമ്പും ഇല്ലല്ലോ..."

അവൻ സ്വയം പിറുപിറുത്തു. ഇനി അന്വേഷിച്ചിട്ട് കാര്യമില്ലെന്ന് തോന്നി. ഇന്നും വെറും കയ്യോടെ മടങ്ങേണ്ടി വന്നാൽ തിരികെ നാട്ടിലേക്ക് പോകാമെന്ന് പോലും അവൻ മനസ്സിൽ തീരുമാനിച്ചു. അപ്പോഴാണ് പിറകിൽ നിന്നൊരു ശബ്ദം കേട്ടത്.

"ഒരു ചായ…."

അശ്വിൻ തിരിഞ്ഞു നോക്കി. അറുപത്  വയസ്സിനടുത്ത് പ്രായം തോന്നിപ്പിക്കുന്ന ഒരു മനുഷ്യൻ. കറുത്ത ഷർട്ടും വെള്ളമുണ്ടും, നര കയറിയ മീശ. മുഖത്ത് വലിയ ഭാവമൊന്നുമില്ലെങ്കിലും അയാളുടെ ആ മൂർച്ചയുള്ള കണ്ണുകൾ ചുറ്റുമുള്ളതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അയാൾ ചായ വാങ്ങി അശ്വിന്റെ അടുത്ത് തന്നെയെത്തി നിന്നു. കുറച്ചു നിമിഷം ആരും ഒന്നും സംസാരിച്ചില്ല.പിന്നെ അയാൾ പതുക്കെ ചോദിച്ചു:

"സിഗരറ്റ് ഉണ്ടോ...?"

അശ്വിൻ പോക്കറ്റിലുണ്ടായിരുന്ന പാക്കറ്റ് നീട്ടിക്കൊടുത്തു.

"താങ്ക്യൂ..."

സിഗരറ്റ് കത്തിച്ച് ഒരു പുക വിട്ട ശേഷം അയാൾ അശ്വിനെ ഒന്നു നോക്കി.

"രണ്ടു ദിവസമായി ഈ ഭാഗത്ത് കാണുന്നുണ്ടല്ലോ..."

അശ്വിൻ ഒന്ന് ഞെട്ടി.

"എന്നെയോ...?"

"അതെ,"

അയാൾ ചെറുതായി ചിരിച്ചു.

"ഇന്നലെയും കണ്ടു, ഇന്നും കണ്ടു. ഓരോരുത്തരോടും എന്തൊക്കെയോ ചോദിക്കുന്നുണ്ട്."

അശ്വിൻ ഒരു നിമിഷം ആലോചിച്ചു.

💬 Comments

View all comments