Chapter Title : അവൻ 2 [OG]
“ ഉം…പഞ്ചറാണെന്ന് തോന്നുന്നു."
"ഇനി എന്ത് ചെയ്യും?"
"നോക്കട്ടെ."
അവൻ മൊബൈൽ എടുത്ത് ഗൂഗിൾ മാപ്പിൽ അടുത്തുള്ള ടയർ കടകൾ തിരഞ്ഞു.പക്ഷേ ഞായറാഴ്ചയായതിനാൽ മിക്ക കടകളും അടച്ചിരുന്നു. സമയം വൈകിയതുകൊണ്ട് തുറന്നിരിക്കുന്ന കടകളൊന്നും കണ്ടെത്താനും കഴിഞ്ഞില്ല.
"എന്തെങ്കിലും വഴി കാണുന്നുണ്ടോ?"
ആര്യ ചോദിച്ചു.
"ഇല്ല. അടുത്തുള്ള കടകളൊക്കെ അടച്ചിരിക്കുകയാണ്."
അവൾ ചുറ്റും നോക്കി.
അവർ നിൽക്കുന്ന സ്ഥലം ഒരു ചെറിയ ഗ്രാമപ്രദേശമായിരുന്നു. റോഡിന്റെ ഇരുവശങ്ങളിലും കുറച്ച് വീടുകളും കടകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
"ഇനി എന്ത് ചെയ്യും അഭീ?"
"വേറെ വഴിയില്ല. ആരോടെങ്കിലും ചോദിക്കണം."
അപ്പോഴാണ് കുറച്ചുദൂരെ ഒരു പഴയ ടയർ വർക്ക്‌ഷോപ്പിന്റെ ബോർഡ് അവന്റെ ശ്രദ്ധയിൽപ്പെട്ടത്.കട അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാൽ ബോർഡിൽ ഒരു ഫോൺ നമ്പർ എഴുതിയിരുന്നു.അവൻ അടുത്തേക്ക് നടന്ന് നമ്പറിൽ വിളിച്ചു.
ആദ്യത്തെ വിളി ആരും എടുത്തില്ല.
രണ്ടാമതും വിളിച്ചു.
ഇത്തവണ ഒരാളെടുത്തു .
"ഹലോ."
"ചേട്ടാ, നിങ്ങളുടെ കടയുടെ മുന്നിലാണ് ഞങ്ങളുള്ളത്. ഒരു ബുള്ളറ്റ് പഞ്ചറായിട്ടുണ്ട്. ഒന്ന് വന്ന് ശരിയാക്കി തരാൻ പറ്റുമോ?"
"ഇന്ന് കടയടച്ചതാണ് മോനേ. നാളെ രാവിലെ വന്നാൽ പോരേ?"
"ചേട്ടാ, ഞങ്ങൾ കുറേ ദൂരെനിന്ന് വരികയാണ്. ഇവിടെ നിന്ന് വീട്ടിലേക്ക് ഇനിയും ഒരുപാട് ദൂരമുണ്ട്."
"ഇപ്പോൾ വരാൻ കുറച്ച് ബുദ്ധിമുട്ടാണ്."
അഭിജിത്ത് വീണ്ടും അപേക്ഷിച്ചു.
"ചേട്ടാ, പ്ലീസ്. എത്ര പൈസ വേണമെങ്കിലും തരാം. ഒന്ന് സഹായിക്കണം."
കുറച്ചുനേരത്തെ സംസാരത്തിനുശേഷം അയാൾ സമ്മതിച്ചു.
"ശരി, ഒരുമണിക്കൂർ കഴിഞ്ഞ് എത്താം."
"ഒരുപാട് നന്ദിയുണ്ട് ചേട്ടാ."
ഫോൺ വെച്ചശേഷം അഭിജിത്ത് ആര്യയെ നോക്കി.
"ആൾ വരാമെന്ന് പറഞ്ഞിട്ടുണ്ട്."
"ഹാവൂ! ഭാഗ്യം."
അവൾ ആശ്വാസത്തോടെ ശ്വാസം വിട്ടു.
💬 Comments
View all comments