Chapter Title : ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 4 [സൂർദാസ്]
ചിരിക്കുന്ന ബുദൂറിനെ നോക്കി ഗാസി, പൊട്ടിപൊട്ടി... ചിരിക്കും.
ഗാസിയുടെ കൈ പിടിച്ചാണ് ബുദൂർ പിച്ചവെച്ചു തുടങ്ങിയത്.
ഋതുക്കൾ മാറിമറിയുന്നതിനനുസരിച്ച് ഗാസിയിലും ബുദൂറിലും വളർച്ചയ്ക്കും വേഗത കൂടി.
12 വയസ്സ് കഴിഞ്ഞ ഗാസിയെ അക്ഷരാഭ്യാസവും ആയുധാഭ്യാസങ്ങളും പരിശീലിപ്പിക്കാൻ ഭാരത ദേശത്ത് നിന്നും ഒളിംപ്യയിൽ നിന്നും ബഗ്ദാദിൽ നിന്നുമെല്ലാം ഗുരുക്കൻമാരെ കൊട്ടാരത്തിൽ വരുത്തിച്ചിരുന്നു...
ഗാസിയുടെ, ആയോധനാഭ്യാസങ്ങൾ പരിശീലിക്കുന്നത് കാണുന്നതായിരുന്നു ബുദൂറിന്റെ പ്രധാന വിനോദം. താൻ പഠിക്കുന്നതെല്ലാം അവൻ ബുദൂറിനും പഠിപ്പിച്ചു...
ഒരുമിച്ചുണ്ട് ഒരുമിച്ചുറങ്ങിയവർ വളരുന്നതിനിടക്ക് പന്ത്രണ്ടാം വയസ്സിൽ ബുദൂർ വയസ്സറിയിച്ചയന്നാണ് കൊട്ടാരത്തിൽ ആദ്യമായി അവരെ വേർതിരിച്ച് കിടത്തിയത്...
രണ്ട് പേരും അന്ന് കരഞ്ഞ് തളർന്നാണ് ഉറങ്ങിയത്.
പിന്നീട് ഉറക്കമൊഴികെയുള്ള ബാക്കി കാര്യങ്ങൾ മാത്രം എപ്പോഴും അവർ രണ്ടും ഒരുമിച്ച് തന്നെയായിരുന്നു.
ഒരിക്കൽ കൊട്ടാരത്തിലെ പരിചാരികയും ഉമ്മി മാരുടെ തോഴിയുമായ ഫാത്തിമയോട്, ബുദൂർ തന്നെ ഗാസിയുടെ കൂടെ കിടത്താതിരിക്കാനുള്ള കാരണം അന്വേഷിച്ചു...
പൊതുവിലേ വായാടിയായ ഫാത്വിമ സ്ത്രീ പുരുഷ ബന്ധത്തെ പറ്റി വിശദമായ ഒരു വിവരണം തന്നെ നടത്തിയതിന് ശേഷം
" ആങ്ങളയാണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല... പെണ്ണിന്റെ മാദക ഗന്ധമേറ്റാൽ ഏതൊരാണും ചിലപ്പോൾ കയറു പൊട്ടിക്കും... ആദമിന്റെയും ഹവ്വയുടെയും മക്കൾ തമ്മിൽ വിവാഹിതരായാണ് മനുഷ്യരുടെ തലമുറകളുടെ തുടർച്ച ഉണ്ടാകുന്നത് ... ആ പാരമ്പര്യ സ്വഭാവം നമ്മളിൽ ഉറങ്ങിക്കിടക്കുന്ന വിത്താണ്... അതിനെ ഉണർത്താതിരിക്കലാണ് ധർമ്മനിഷ്ഠ "
ഫാത്വിമയുടെ സാരോപദേശം ബുദൂറിന്റെ മനസ്സിൽ വിപരീത ഫലമാണ് ഉണ്ടാക്കിയത്. അവളുടെ മനസ്സിൽ,
കുട്ടിക്കാലത്ത് ഉമ്മിമാർ പറഞ്ഞു കൊടുത്ത രാജാറാണി കഥകളിലെ നായകൻമാർക്കെല്ലാം പിന്നെ ഗാസിയുടെ മുഖമായി. അവനെ കാണുമ്പോഴെല്ലാം പേരറിയാത്ത ഒരു ലജ്ജ അവളെ കുളിരണിയിച്ചു.
💬 Comments
View all comments