Chapter Title : ദമയന്തിപ്പൂട്ട് 2 [നളിനി രമണൻ]
മുത്തശ്ശനും ഒടുക്കത്തെ കൂട്ടാണ്. അവൻ വന്ന് പറഞ്ഞു കാണും ഏട്ടന്റെ ഓരോ കോമഡികൾ എന്നും പറഞ്ഞിട്ട്.
"അറിയില്ല... നോക്കാം..."
അരവിന്ദ് മുത്തശ്ശന്റെ മുഖത്ത് നോക്കാതെ പറഞ്ഞു.
"നീയിവടെ നോക്ക്.. എടാ കുട്ടാ... കാര്യം നിനക്കെന്റെ അച്ഛന്റെ സ്വഭാവവും കുരുട്ടു ബുദ്ധിയും ഒക്കെയാണെങ്കിലും സ്ത്രീ വിഷയത്തിൽ നീ പിന്നിലേക്കാ... എന്റെ ഏത് കൊച്ചു മക്കളെക്കാളും ഉശിരും ചൊണയുമുള്ളവനാണ് നീ..
പക്ഷേ, പെണ്ണുങ്ങളുടെ കാര്യത്തിൽ എന്റെ കുട്ടിക്ക് ഒന്നുമറിയില്ല.."
പറയുന്നത് സത്യമാണെന്നറിയുന്നത് കൊണ്ട് അരവിന്ദ് ഒന്നും മിണ്ടിയില്ല.
"ഇങ്ങനെ പോയാൽ അരു നിന്നെ കടത്തി വെട്ടുമല്ലോ എന്നോർത്ത് പേടിച്ചിരിക്കയാരുന്നു ഞാൻ. അപ്പഴാണ് നീയീ കുട്ടീടെ കാര്യത്തിൽ വാശിപിടിക്കണുണ്ടെന്ന് അവൻ പറഞ്ഞത്..
അത് നന്നായി.. എന്റെ കുട്ടി ഒന്നും കാണാതെ ഒന്നും പറയില്ലാന്ന് എനിക്കറിയാ... നന്നായി...ഞാൻ കണ്ടിട്ട് കുറച്ചായി ആ സുന്ദരിക്കുട്ടിയെ. ഇനീപ്പോ എപ്പഴും കാണാല്ലോ..."
"ഹേയ്...അതൊന്നും നടക്കില്ല മുത്തശ്ശാ.. അവളെങ്ങനെ പിടിതരുന്ന ടൈപ്പ് അല്ല. ബുദ്ധിയുള്ളവളാണ്.. പിന്നെ, ആദ്യായിട്ട് ഇഷ്ടം തോന്നിയ പെണ്ണ് അനിയന്റെ ഭാര്യ ആയിട്ട് വരുന്നത് തടഞ്ഞെന്ന് മാത്രം. ബാക്കിയൊക്കെ വിധി പോലെ നടക്കട്ടെ..."
"എടാ പൊട്ടാ... നമ്മള് തീരുമാനിക്കണതാണ് നമ്മടെ വിധി. അല്ലാണ്ടൊരു തേങ്ങയും ഇല്ല... അതാണ് ഈ ശങ്കുണ്ണി സ്വന്തം ജീവിതത്തിൽ നിന്ന് പഠിച്ച പാഠം.
നീയൊരു കാര്യം ചെയ്യ്... എന്നെ നമ്മടെ തെങ്ങിൻപുരയിലേക്കൊന്ന് കൊണ്ടാക്ക്. മുത്തശ്ശൻ ഇച്ചിരി സാധനങ്ങളുടെ ലിസ്റ്റ് തരാം. അച്ഛനറിയാതെ അതെല്ലാം മേടിച്ചോണ്ട് അങ്ങട്ട് വരണം. നിന്റച്ഛന് ഇതൊന്നും പറ്റൂല.."
"എന്തിനാ അങ്ങട്ട് പോണേ? എന്താ മുത്തശ്ശൻ ചെയ്യാൻ പോണേ??"
"അതൊക്കെ ഞാൻ പറയിണ്ട്... ഇപ്പോ അല്ല.. എല്ലാം കഴിഞ്ഞിട്ട്.
💬 Comments
View all comments