0%

Chapter Title : ഹലോ [ഋഷി]

Author : ഋഷി Read All Parts 2.4K

പിന്നെ ഫ്ലാറ്റിൽ ആവശ്യമില്ലാത്ത സാധനങ്ങളത്രയും. അരുണാദീദിയെ വിളിച്ച് എല്ലാം ക്ലിയറു ചെയ്യാനേൽപ്പിച്ചു. പുള്ളിക്കാരിക്ക് അനാഥാലയങ്ങളുമായി നല്ല സമ്പർക്കമാണ്. ബാക്കിയുള്ള തുണികളും, പുസ്തകങ്ങളും കൊച്ചീലെ എന്റെ ഫ്ലാറ്റിലേക്ക് പാർസൽ ചെയ്തു. അപ്പോഴേക്കും തളർന്നിരുന്നു. വോഡ്ക്കയും, ദീദിയുടെ ചിക്കൻ കറിയും ചപ്പാത്തിയും അകത്താക്കി ബോധം കെട്ടുറങ്ങി.

ഹലോ....

ആഹാ... ഇന്ന് ചങ്കനായ മട്ട്ണ്ടല്ലോ! ഇന്നലെ എങ്ങനെയുണ്ടാരുന്നെടാ?എന്താ വിളിക്കാഞ്ഞേ? ഇപ്പോഴെങ്ങനെ? ചോദ്യവർഷം. എന്നാലും എന്നോടുള്ള ഒരു കരുതൽ ആ വാക്കുകളിൽ തെളിഞ്ഞിരുന്നു.

ഗുഡ്മോർണിംഗ്, ഞാൻ ചിരിച്ചു.

ഓ..വല്ല്യ ഉപചാരോന്നും വേണ്ട, കേട്ടോടാ ചെക്കാ! നിയ്യ് ചോദിച്ചതിന് സമാധാനം പറയ്! ഇത്തിരി അരിശം കലർന്ന വാക്കുകൾ!

ശരിയെന്റെ പൊന്നേ മീനുക്കുട്ടീ! ഞാനവസാനത്തൂന്നു തൊടങ്ങാം. ഇപ്പോൾ ഞാൻ വളരെ നോർമൽ. ഇനിയങ്ങോട്ടും. ഇന്നലെ എന്റെ സോഫിയ ഭാഭിയെ വിളിച്ചു സംസാരിച്ചു. പിന്നെ ഒരു ഹ്യൂമൻ ഇന്ററസ്റ്റ് സാധനമെഴുതി നാട്ടിലെ ലിറ്റിൽ മാഗസിന് അയച്ചു.

സോഫിയ....ഹം....നിയ്യ് ഫ്രീയാണെങ്കിൽ അതിനു മുമ്പുള്ള ബാക്കി കഥ പറഞ്ഞിട്ട് പുതിയ കഥാപാത്രത്തിന്റെ ജാതകമടക്കം എല്ലാ കഥേം നിക്കറിയണം!

ബാക്കി അങ്ങനെ കഥയൊന്നുമില്ല മീനാമ്മേ. ഞാൻ ചുരുക്കത്തിൽ പറയാം...

മഴയൊന്നൊതുങ്ങി വെയിലിന്റെ ചീളുകൾ തലനീട്ടിയിരുന്നു. സമയം പന്ത്രണ്ടു മണി. ഞാൻ കോർണറിലുള്ള ഇറാനി കഫേയിൽ ഒഴിഞ്ഞ മൂലയിലിരുന്ന് തണുത്ത ബിയർ മൊത്തിക്കൊണ്ടിരിപ്പായിരുന്നു. എനിക്കിവിടം ഇഷ്ട്ടമാണ്. എന്നാലും ഒരു മാറ്റം കുറച്ചുനാളത്തേക്കെങ്കിലും.. കൂടിയേ കഴിയൂ...

പതിനെട്ട് കഴിഞ്ഞ് കോളേജിൽ ഡിഗ്രി പൂർത്തിയാക്കാൻ പോയത് ഇനിയൊരു തിരിച്ചുവരവില്ല എന്ന ബോദ്ധ്യത്തോടു കൂടിയായിരുന്നു. മാധവൻ വക്കീലായി എന്റെ ഗാർഡിയൻ. ചോദിച്ച കാശ് ബാങ്കിലിട്ടു തരികേം ചെയ്തു. അവധിക്കാലം മിക്കവാറും പട്ടണത്തിൽ ചെലവഴിച്ചു. ചിലപ്പോൾ ജോസഫിന്റെ വീട്ടിലും.

💬 Comments

View all comments