Chapter Title : ഇതൾ 🍃 1 [Mayakannan]
കെട്ടിനിവർന്ന് അമ്മയുടെ മുഖത്തേക്ക് നോക്കി.
"വേണ്ടമ്മേ... എനിക്കിപ്പോൾ ഒട്ടും വിശപ്പില്ല. അച്ഛൻ ഇന്നലെ പറഞ്ഞത് അമ്മയും കേട്ടതല്ലേ. എന്റെ സ്വന്തം കാലിൽ നിൽക്കാൻ എനിക്ക് പറ്റുമോ എന്ന് ഞാൻ ആദ്യം നോക്കട്ടെ."
എന്റെ വാക്കുകളിൽ ഇന്നലത്തെ മുറിവിന്റെ നീറ്റലുണ്ടായിരുന്നു.
അതുകേട്ട് അമ്മ പിന്നെ ഒന്നും പറഞ്ഞില്ല. ആ നിശബ്ദതയിൽ ഒരുപാട് സങ്കടങ്ങളുണ്ടെന്ന് എനിക്കറിയാം. അച്ഛന്റെ നിർബന്ധങ്ങൾക്കും എന്റെ വാശിക്കും ഇടയിൽ പെട്ട് ശ്വാസംമുട്ടുന്നത് അമ്മയാണ്.
പക്ഷെ, എനിക്കിപ്പോൾ ഒരു കാരണവശാലും പിന്നോട്ട് പോകാൻ കഴിയില്ല. ഞാൻ വേഗം മുറ്റത്തേക്കിറങ്ങി അഭിയുടെ ബൈക്കിന് പിന്നിൽ കയറി.
"എന്താടാ മുഖത്തൊരു വല്ലായ്മ? വീട്ടിൽ വല്ല സീനും ഉണ്ടാക്കിയോ?"
ഗിയർ മാറ്റുന്നതിനിടയിൽ അവൻ എന്നെ നോക്കി ചോദിച്ചു.
"വലിയൊരു പ്രശ്നമുണ്ടായി... ഒരുതരം ഫൈനൽ വാണിംഗ് കിട്ടിയിട്ടാ ഞാൻ ഇറങ്ങിയിരിക്കുന്നത്. ഇതിന്ന് ശരിയായില്ലെങ്കിൽ പിന്നെ എന്റെ ലൈഫ് ഞാൻ വിചാരിച്ച പോലെ നടക്കില്ല."
ഞാൻ ഒരു നെടുവീർപ്പോടെ അവനോട് പറഞ്ഞു.
അഭി ബൈക്ക് വേഗത്തിൽ മുന്നോട്ട് എടുത്തു.
"ഒന്നും ഓർത്ത് നീ ടെൻഷൻ അടിക്കണ്ട. നിന്റെ പ്രൊഫൈൽ വെച്ച് നോക്കുമ്പോൾ ഇതൊരു സുവർണ്ണാവസരമാണ്. നീ ആ സിവിയിലെ കാര്യങ്ങളൊക്കെ ഒന്ന് മനസ്സിൽ സെറ്റ് ആക്കി വെച്ചോ.
പാളയത്ത് എത്തിയിട്ട് ബാക്കി കാര്യങ്ങൾ നമുക്ക് നോക്കാം."
അവനൊരു ആത്മവിശ്വാസത്തോടെ പറഞ്ഞു.
വണ്ടി മുന്നോട്ട് കുതിക്കുമ്പോൾ രാവിലത്തെ തണുത്ത കാറ്റ് എന്റെ മുഖത്ത് തട്ടുന്നുണ്ടായിരുന്നു. ആ കാറ്റിന് പോലും ഇന്നൊരു പ്രത്യേക ഗന്ധമുള്ളത് പോലെ.
ഇത് വെറുമൊരു ഇന്റർവ്യൂവിന് വേണ്ടിയുള്ള യാത്രയല്ല, എന്റെ സ്വാതന്ത്ര്യത്തിലേക്കും സ്വപ്നങ്ങളിലേക്കുമുള്ള ഒരോട്ടമാണ്…
പാളയത്തെ ആ വലിയ ഗ്ലാസ് കെട്ടിടത്തിന് മുന്നിൽ അഭിയുടെ ബൈക്ക് നിൽക്കുമ്പോൾ, അവിടെ ചെറിയൊരു ആൾക്കൂട്ടം തന്നെ ഉണ്ടായിരുന്നു. കയ്യിൽ ഫയലുകളും പിടിച്ച് വലിയ പ്രതീക്ഷകളോടെ നിൽക്കുന്ന കുറെ ചെറുപ്പക്കാർ.
ചിലരുടെ മുഖത്ത് ടെൻഷൻ വ്യക്തമായി കാണാം, മറ്റുചിലർ പരസ്പരം എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.
💬 Comments
View all comments