Chapter Title : ഇതൾ 🍃 2 [Mayakannan]
നിമിഷം ആ വീടാകെ നിശബ്ദമായി. മേമയുടെ മുഖത്തെ ആ അമ്പരപ്പ് പതുക്കെ വലിയ സന്തോഷമായി മാറി. ആ കണ്ണുകൾ പെട്ടെന്ന് നിറഞ്ഞു തുളുമ്പുന്നത് ഞാൻ കണ്ടു.
കൈയിലിരുന്ന പാത്രം ടീപ്പോയിയിലേക്ക് വെച്ച് മേമ എന്റെ ഇരു തോളുകളിലും മുറുകെ പിടിച്ചു.
"ദൈവമേ... സത്യമാണോടാ കണ്ണാ?"
മേമയുടെ ശബ്ദം ഇടറിയിരുന്നു. എന്റെ മുഖം രണ്ടു കൈകളിലും കോരിയെടുത്ത്, നെറ്റിയിലേക്ക് ചുണ്ടുകൾ അമർത്തി മേമ ദീർഘമായി ഒരുമ്മ തന്നു. ആ കണ്ണുനീർത്തുള്ളികൾ എന്റെ കവിളിലും വീണു.
"എന്റെ മോൻ ആഗ്രഹിച്ചതുപോലെ തന്നെ കിട്ടിയല്ലോടാ... ഞാൻ അമ്പലത്തിൽ വിളക്ക് വെച്ച് പ്രാർത്ഥിച്ചതാ….. എന്റെ കുട്ടിക്ക് ആരുടെയും മുന്നിൽ തോറ്റുകൊടുക്കേണ്ടി വരില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു."
മേമ എന്നെ വാരിപ്പുണരുമ്പോൾ അമ്മ അവിടെത്തന്നെ തറഞ്ഞു നിൽക്കുകയായിരുന്നു. ചട്ടുകം പിടിച്ച കൈകൾ താഴ്ന്നുപോയി. അച്ഛന്റെ വാശിക്കും എന്റെ സ്വപ്നങ്ങൾക്കും ഇടയിൽ കിടന്ന് വീർപ്പുമുട്ടിയ ആ മനസ്സിലെ വലിയൊരു കല്ല് ഇളകിപ്പോയതുപോലെ അമ്മയുടെ മുഖം അയഞ്ഞു.
പുറത്തേക്ക് വലിയ സന്തോഷമൊന്നും പ്രകടിപ്പിച്ചില്ലെങ്കിലും, അമ്മയുടെ ചുണ്ടിലൊരു നേരിയ ചിരി വിരിയുന്നത് ഞാൻ വ്യക്തമായി കണ്ടു.
"ഒടുവിൽ ഏതോ ഒരെണ്ണത്തിൽ കയറിപ്പറ്റിയല്ലോ,"
പതിവ് ദേഷ്യം അഭിനയിക്കാൻ ശ്രമിച്ചുകൊണ്ട് അമ്മ പറഞ്ഞു.
"ഇനിയിപ്പോ ശങ്കരേട്ടൻ വന്നിട്ട് വേണം ഇതൊന്ന് പറയാൻ.."
അമ്മ അത് പറഞ്ഞ് അടുക്കളയിലേക്ക് തിരിഞ്ഞു നടക്കുമ്പോഴും ആ മുഖത്ത് ഒരു ആശ്വാസത്തിന്റെ വെളിച്ചമുണ്ടായിരുന്നു. അച്ഛൻ തന്ന ആ ഒരാഴ്ചത്തെ കാലാവധി തീരുന്നതിന് മുൻപ് തന്നെ ഞാൻ എന്റെ വഴി വെട്ടിത്തുറന്നിരിക്കുന്നു.
മേമ എന്റെ കൈയിൽ അമർത്തിപ്പിടിച്ച് കണ്ണീരോടെ ചിരിച്ചു. ആ ചിരിയിൽ എന്റെ വിജയത്തിന്റെ മുഴുവൻ തിളക്കവും ഉണ്ടായിരുന്നു…
💬 Comments
View all comments