Chapter Title : മന്ദാരക്കനവ് 1 [Aegon Targaryen]
ഒന്നും ഒരുപാട് ആളുകൾ ഇല്ലന്നേ…അതുകൊണ്ട് പറയത്തക്ക വലിയ പണിയും കാണുകേല…പക്ഷേ പറഞ്ഞിട്ടെന്താ കാര്യം ഇങ്ങോട്ടേക്ക് പണിക്ക് വരുന്നവർ ഒക്കെ ആരുടേലും കയ്യും കാലും പിടിച്ച് ഇവിടുന്ന് പോകാൻ നോക്കും…" പറഞ്ഞത് കുട്ടച്ചൻ ആയിരുന്നു.
"അതെന്താ ഈ സ്ഥലത്തിന് എന്തേലും പ്രശ്നം ഉണ്ടോ കുട്ടച്ചാ?"
"ഏയ് അതൊന്നും അല്ലന്നെ…ഈ പട്ടിക്കാട്ടിൽ ഒക്കെ അല്ലേലും ആരു നിക്കാനാ…ഇവിടുള്ളവർ ഒക്കെയും ഇവിടുത്തുകാർ തന്നെയാ…പിന്നെ നിങ്ങളെ പോലെ ഉള്ള സർക്കാർ ജീവനക്കാർ ഇങ്ങനെ പുറത്ത് നിന്നും വന്നാൽ ആയി…ഹാ നിങ്ങളെ പറഞ്ഞിട്ടും കാര്യമില്ല എന്ത് ആവശ്യത്തിനും ഇവിടുന്ന് ടൗണിൽ പോകണം…എന്നാലോ ആകെ ഒരു ബസ്സ് ഉള്ളത് രാവിലെയും വൈകിട്ടും മാത്രം…ഹാ അതിനായിരിക്കുമല്ലോ വന്നതും."
"അതേ കുറെ നേരം നോക്കി നിന്ന ശേഷമാണ് വണ്ടി കിട്ടിയത്."
"ഹാ അതാ പറഞ്ഞത്…പറഞ്ഞപോലെ പേര് ചോദിക്കാൻ വിട്ടു."
"ആര്യൻ"
"ആര്യൻ…ഹമ്മ്…ചായ കുടിച്ചാട്ടെ…"
തൻ്റെ കൈയിൽ ഇരുന്ന് ചൂടാറിയ ചായ കുടിക്കുമ്പോ ആര്യന് കുട്ടച്ചൻ പറഞ്ഞതിൻ്റെ പൊരുൾ ഏറെക്കുറെ വ്യക്തമായിരുന്നു…കാരണം ഇങ്ങോട്ടേക്ക് എത്തിപ്പെടാൻ തന്നെ അവൻ നന്നേ പാടുപ്പെട്ടിരുന്നു…ഈ നാടിന് പുറത്തുള്ളവർക്ക് ഇങ്ങനെ ഒരു സ്ഥലം ഉണ്ട് എന്നുപോലും അറിയുമായിരുന്നില്ല…ടൗണിൽ നിന്നും ഏകദേശം രണ്ട് മണിക്കൂറോളം വേണ്ടി വന്നു ഇവിടെ എത്താൻ തന്നെ…ആര്യൻ ഓർത്തെടുത്തു.
ചായ കുടിച്ച് തീർത്തുകൊണ്ട് ആര്യൻ പെട്ടെന്ന് തന്നെ എഴുന്നേറ്റ് കുട്ടച്ചൻ്റെ കൈയിൽ പൈസയും കൊടുത്ത് തോമാച്ചൻ്റെ വീട്ടിലേക്കുള്ള വഴിയും ചോദിച്ച് മനസ്സിലാക്കി ഇറങ്ങി.
എന്നാൽ ഇറങ്ങാൻ തുടങ്ങിയപ്പോഴേക്കും കുട്ടച്ചൻ്റെ ഭാര്യ പിന്നിൽ നിന്നും വിളിച്ചുകൊണ്ട് "അതേ മന്ദാരക്കുളം വരെ ഞാനും ഉണ്ട് ഒന്നിച്ച് പോകാം വഴി തെറ്റേണ്ടാ" എന്ന് പറഞ്ഞുകൊണ്ട് അകത്തേക്ക് പോയി.
💬 Comments
View all comments