Chapter Title : മന്നാടിയാർ കോട്ട 1 [Ramavarma]
കുട്ടേട്ടൻ മുൻപിലും. ഡ്രൈവർ വണ്ടിയെടുത്തു. പുറകോട്ട് നോക്കുമ്പോൾ കാടിന് നടുവിലെ എന്റെ വീട് പതുക്കെ കണ്ണിൽ നിന്നും മാഞ്ഞുപോകുന്നുണ്ടായിരുന്നു...
കാർ മലയിറങ്ങി നിരപ്പായ വഴിയിലേക്ക് പ്രവേശിച്ചു. കരച്ചിൽ അടങ്ങിയപ്പോൾ കുട്ടേട്ടൻ തിരിഞ്ഞുനോക്കി ചോദിച്ചു:
"കുട്ടി ഇതിനു മുൻപ് കൊല്ലങ്കോട് വന്നിട്ടുണ്ടോ?"
"ഇല്ല, ഞാൻ അമ്മയെ വിട്ട് എങ്ങും പോയിട്ടില്ല..."
പിന്നെ കുറേനേരം ആരും ഒന്നും മിണ്ടിയില്ല.
സന്ധ്യമയങ്ങുകയായിരുന്നു.
റോഡിന്റെ ഇരുവശത്തും കരിമ്പനകൾ നിറഞ്ഞ പാടങ്ങൾ. കുറച്ചു ദൂരം ചെന്നപ്പോൾ വലിയൊരു കവാടം കണ്ടു.
അത് കടന്ന് കാർ അകത്തേക്ക് കയറിയപ്പോൾ കുട്ടേട്ടൻ പറഞ്ഞു: "ഇവിടം മുതൽ മന്നാടിയാർ കോട്ട തുടങ്ങുകയാണ്."
"മന്നാടിയാരോ? അതാരാ?" ഞാൻ ചോദിച്ചു.
കുട്ടേട്ടനും ഡ്രൈവറും പരസ്പരം നോക്കി.
കുട്ടേട്ടൻ പതുക്കെ പറഞ്ഞു:
"കുട്ടിയുടെ അച്ഛൻ... ഞങ്ങളുടെ മന്നാടിയാർ! ഈ നാടിന്റെ ഉടയോൻ!"
എനിക്കൊന്നും മനസ്സിലായില്ല. ഞാൻ ചോദിച്ചു: "അച്ഛൻ സ്കൂൾ മാഷ് അല്ലേ...?"
"അതല്ല കുഞ്ഞേ... ഈ നാട് മുഴുവൻ ജീവിക്കുന്നത് മന്നാടിയാരുടെ തണലിലാണ്.
എണ്ണായിരം ഏക്കർ പാടവും മലവാരവും ഒക്കെ മന്നാടിയാരുടേതാണ്."
"അപ്പോൾ അച്ഛൻ ഒറ്റയ്ക്കാണോ താമസം?"
കുട്ടേട്ടൻ മറുപടിയൊന്നും പറഞ്ഞില്ല. കാർ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.
കുറച്ചുകഴിഞ്ഞപ്പോൾ വലിയൊരു ഇരുമ്പ് ഗേറ്റിനു മുൻപിൽ കാർ നിന്നു. കുട്ടേട്ടൻ ഇറങ്ങി ഗേറ്റ് തുറന്നു. വിശാലമായ മുറ്റം... വലിയൊരു എട്ടുകട്ട് മാളിക.
ചുറ്റും നിലവിളക്കുകളും പന്തങ്ങളും തെളിയിച്ചിരിക്കുന്നു.
കാർ മുറ്റത്തിന്റെ ഒരു കോണിൽ നിർത്തി. കുട്ടേട്ടൻ വന്ന് വാതിൽ തുറന്നു തന്നു. ഇരുട്ടിൽ, ആ ദീപപ്രഭയിൽ ആ വലിയ തറവാട് തിളങ്ങിനിന്നു.
മുറ്റത്തിന്റെ മറുവശത്തെ മാവിൻചുവട്ടിലെ ചാരുകസേരയിലേക്ക് ചൂണ്ടി കുട്ടേട്ടൻ പതുക്കെ പറഞ്ഞു: "മന്നാടിയാർ..."
💬 Comments
View all comments