Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 4 [Shan1994]
ജീവിതമാണ്...
ജനലിലൂടെ വന്ന ഇളംവെയിൽ മുഖത്ത് തട്ടിയപ്പോഴാണ് ഞാൻ ഉണർന്നത്. മുറ്റത്തെ മാവിലിരുന്ന് ചിലയ്ക്കുന്ന പക്ഷികളുടെ ശബ്ദം കേട്ടാണ് എന്റെ പ്രഭാതം വിടർന്നത്. കട്ടിലിൽ നിന്നെഴുന്നേൽക്കാൻ നോക്കിയപ്പോൾ ഒരു നിമിഷം ഞാൻ വീണ്ടും ആ പഴയ ഇരുട്ടറയിലാണെന്ന് തോന്നിപ്പോയി. പെട്ടെന്ന് ഞാൻ എന്റെ കാലുകളിലേക്ക് നോക്കി. ഇല്ല... അവിടെ ചങ്ങലകളില്ല. ഞാൻ സ്വതന്ത്രനാണ്. ആ തിരിച്ചറിവിൽ ഞാൻ വലിയൊരു ദീർഘനിശ്വാസം വിട്ടു.
ഞാൻ മെല്ലെ എഴുന്നേറ്റ് റൂമിലെ കണ്ണാടിക്ക് മുന്നിൽ പോയി നിന്നു. മെലിഞ്ഞൊട്ടിയ മുഖം. കുഴിഞ്ഞ കണ്ണുകൾ. എങ്കിലും ആ കണ്ണുകളിൽ കഴിഞ്ഞ മൂന്നു വർഷമായി ഉണ്ടായിരുന്ന ഭയവും ശൂന്യതയും ഇപ്പോഴില്ല. അവിടെ പുതിയൊരു തിളക്കം വന്നിട്ടുണ്ടെന്ന് എനിക്ക് തോന്നി.
വാതിൽ തുറന്ന് ഞാൻ പുറത്തേക്ക് ചെന്നു. ഉമ്മ അടുക്കളയിലായിരുന്നു. പത്തിരിയും ഇറച്ചിക്കറിയും ഉണ്ടാക്കുന്ന കൊതിയൂറുന്ന ഗന്ധം വീടിനകത്താകെ നിറഞ്ഞുനിൽപ്പുണ്ടായിരുന്നു. എന്നെ കണ്ടതും ഉമ്മയുടെ മുഖം വിടർന്നു.
ഉമ്മ: "എണീറ്റോ മോനെ... നല്ല ഉറക്കമായിരുന്നോ?"
ഞാൻ: "അതെ ഉമ്മാ... ഒരുപാട് കാലത്തിന് ശേഷം ഇന്നാണ് സ്വസ്ഥമായിട്ടൊന്ന് ഉറങ്ങിയത്."
അപ്പോഴാണ് ഹാളിൽ ഇക്കയുടെ മോൾ തനിയെ കളിച്ചുകൊണ്ടിരിക്കുന്നത് ഞാൻ കണ്ടത്. ഞാൻ പതുക്കെ അവളുടെ അടുത്തേക്ക് ചെന്നു. ഇന്നലെ കണ്ടപ്പോൾ പേടിച്ചു മാറിയതുപോലെ അവൾ ഇന്നും ഓടിപ്പോകുമോ എന്നൊരു പേടി എന്റെ ഉള്ളിലുണ്ടായിരുന്നു. ഞാൻ അവളുടെ കുറച്ചകലെയായി മുട്ടുകുത്തി ഇരുന്നു.
അവൾ കളിപ്പാട്ടം താഴെ വെച്ചിട്ട് വലിയ കണ്ണുകളോടെ എന്നെത്തന്നെ നോക്കി. എന്നിട്ട് നിഷ്കളങ്കമായി ഒന്ന് ചിരിച്ചു. ആ ചിരി കണ്ടപ്പോൾ എന്റെ സകല പേടിയും മാറി.
ഞാൻ പതുക്കെ എന്റെ കൈകൾ അവൾക്ക് നേരെ നീട്ടി.
💬 Comments
View all comments