Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 5 [Shan1994] [Climax]
ഒരുപാട് ഉപദ്രവിച്ചില്ലേ ഞാൻ... വീണ്ടും ആ ഇരുട്ടറയിലേക്ക് തള്ളിവിടാൻ..."
അവൾക്ക് വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
ഒരു കൊച്ചുകുഞ്ഞിനെപ്പോലെ അവൾ കരഞ്ഞു.
ഞാൻ അവളെ ചേർത്തുപിടിച്ചു. അവളുടെ തലമുടിയിൽ പതുക്കെ തലോടിക്കൊണ്ട് ഞാൻ പറഞ്ഞു:
"കരയല്ലേ ... നിനക്ക് സത്യങ്ങൾ അറിയില്ലായിരുന്നു. നിന്റെ സ്ഥാനത്ത് ആരായാലും അങ്ങനെ തന്നെ ചെയ്യൂ. എന്റെ ഒരു തെറ്റുകൊണ്ടാണ് അവൾക്ക് ആ അവസ്ഥ വന്നതും എന്ന കുറ്റബോധം എന്നെയും ഒരുപാട് വേട്ടയാടിയിരുന്നു. അതുകൊണ്ടാണ് ആ ശിക്ഷകളെല്ലാം എന്റെ വിധിയാണെന്ന് കരുതി ഞാൻ സഹിച്ചത്.
പക്ഷേ,
ഇപ്പോൾ എല്ലാം കഴിഞ്ഞില്ലേ... ആ വലിയ സത്യം നമ്മൾ രണ്ടാളും അറിഞ്ഞില്ലേ..."
ഞാൻ അവളുടെ മുഖം പതുക്കെ ഉയർത്തി. കവിളിലേക്ക് വീണ കണ്ണുനീർ എന്റെ വിരലുകൾ കൊണ്ട് ഞാൻ തുടച്ചുമാറ്റി.
"ഇനി ആ പഴയ കാര്യങ്ങൾ ഒന്നും ഓർത്ത് നമ്മൾ സങ്കടപ്പെടരുത്. കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഇനി നമുക്ക് മുന്നോട്ട് നോക്കാം. എല്ലാം മറന്നും പൊറുത്തും ഒരു പുതിയ തുടക്കം..."
ഞാൻ ഒരു ചെറുചിരിയോടെ അവളോട് പറഞ്ഞു.
അവൾ എന്നെ നോക്കി പതുക്കെ തലകുലുക്കി.
അവളുടെ മുഖത്തും ആശ്വാസത്തിന്റെ ഒരു പുഞ്ചിരി വിരിഞ്ഞു. അവൾ വീണ്ടും എന്റെ നെഞ്ചിലേക്ക് ചാരി കണ്ണുകളടച്ചു കിടന്നു.
"ഇനി എന്റെ ഉപ്പയോ ഉമ്മയോ താത്തയോ ഒന്നുമില്ല... എനിക്ക് ആകെയുള്ളത് നീ മാത്രമാണ്. ..."
അവൾ പതുക്കെ മന്ത്രിച്ചു.
ആ നിമിഷം എന്റെ ഉള്ളിലുണ്ടായിരുന്ന അഞ്ച് വർഷത്തെ ആ വലിയ ഭാരം പൂർണ്ണമായും അലിഞ്ഞില്ലാതായത് ഞാൻ അറിഞ്ഞു. ഇത്രയും കാലം ഞങ്ങൾക്കിടയിലുണ്ടായിരുന്ന ആ വലിയ മതിലാണ് ആ വാക്കുകളോടെ പൂർണ്ണമായും തകർന്നുവീണത്.
മഞ്ഞ് പെയ്യുന്ന ആ രാവിൽ, ബാക്കിയുണ്ടായിരുന്ന എല്ലാ സങ്കടങ്ങളും ആ കോടമഞ്ഞിൽ അലിഞ്ഞുപോകുന്നത് പോലെ എനിക്ക് തോന്നി.
തണുത്ത കാറ്റ് വീശിയപ്പോൾ ഞാൻ അവളോട് ഒന്നുകൂടി ചേർന്നിരുന്നു.
മനസ്സിലെ വലിയ ഭാരങ്ങളെല്ലാം ഇറക്കിവെച്ചതിന്റെ വല്ലാത്തൊരു സമാധാനം ഞങ്ങൾക്കിരുവർക്കും ഉണ്ടായിരുന്നു.
"നമുക്ക് പുറത്തൊന്ന് നടന്നാലോ? ഈ മഞ്ഞിലൂടെ..." ഞാൻ ചോദിച്ചു.
അവൾ വളരെ സന്തോഷത്തോടെ തലകുലുക്കി. ജാക്കറ്റുകൾ ധരിച്ച് ഞങ്ങൾ കോട്ടേജിന് പുറത്തേക്കിറങ്ങി.
റിസോർട്ടിലെ ചെറിയ മഞ്ഞ വെളിച്ചങ്ങൾ കോടമഞ്ഞിലൂടെ കാണാൻ വല്ലാത്തൊരു ഭംഗിയുണ്ടായിരുന്നു.
💬 Comments
View all comments