Chapter Title : മഴനീർതുള്ളികൾ 6 [Anamika]
വീട്ടുകാരും എല്ലാം കൂടെ കൂട്ടി ഒരു അൻപതു പേര് കാണും….
ബിരിയാണിക്ക് ഓർഡർ കൊടുക്കാമെന്നു ഹരി പറഞ്ഞതാണ്….
എന്നാൽ ലളിതമ്മയുടെ പരിചയത്തിൽ ഉള്ളൊരു ചേട്ടൻ വീട്ടിൽ വന്ന് ചെറിയ ഫങ്ക്ഷനുകൾക്ക് ഉണ്ടാക്കികൊടുക്കും എല്ലാം അരിഞ്ഞുപെറുക്കി സഹായിച്ചുകൊടുത്താൽ മതിയെന്ന് പറഞ്ഞപ്പോൾ അങ്ങനെയാകട്ടെയെന്നു വച്ചു….
സാധാരണ ഇങ്ങനെ പണി എന്തെങ്കിലും കണ്ടാൽ ആ ടെറിട്ടറി കടക്കാത്ത ചിന്നു നേരെ യൂണിഫോം പോലും മാറ്റാതെ അവർക്കിടയിലേക്ക് ചെന്ന് ഇരുന്നു….
അമ്മു ഡ്രസ്സ് മാറ്റി ഒരു ചെറിയ പിച്ചാത്തിയുമെടുത്ത് കൂടി….
അതിനിടയിൽ തന്നെ ചായ കുടിയും….
നാല് പെരും കൂടെ ആയപ്പോൾ പെട്ടെന്ന് പണി കഴിഞ്ഞെങ്കിലും പിന്നെയും കുറെ നേരം വട്ടം കൂടി അവിടേ തന്നെ ഇരുന്നു…..
ഹരിയും അരുണും വന്നപ്പോളേക്ക് ലളിതമ്മയും ചിന്നും എഴുന്നേറ്റ് അങ്ങോടേക്ക് നടന്നു….
പിന്നെന്തോ ഓർത്തപോലെ തിരിഞ്ഞു വന്ന് ഇനി വൈകിട്ടത്തേക്ക് കറി ഉണ്ടാക്കാൻ ഒന്നും വയ്യെന്നും പറഞ്ഞ് മായ വച്ചതിൽ നിന്നും കുറച്ച് വാങ്ങിയിട്ട് അതുമായി പോയി…..
മായ സിറ്റൗട്ടിൽ നിന്നു തന്നെ ഹരി വാങ്ങികൊണ്ടുവന്നവയിൽ എല്ലാം ഉണ്ടോയെന്ന് നോക്കുകയാണ്……
ബൈക്ക് സൈഡിലേക്ക് ഒതുക്കിവെച്ചിട്ട് ആടിന്റെ പ്ലാവിൻ ചവറ് നീക്കിയിട്ടു കൊടുക്കുകയായിരുന്ന അമ്മുവിനെ കൂടെ ചെല്ലാൻ കണ്ണുകാണിച്ചിട്ട് പിറകുവശത്തേക്ക് നടന്നു…..
“നിന്റെ മാമന്റെ നമ്പർ എനിക്ക് സെന്റ് ചെയ്യ്…ഞാൻ വിളിച്ചോളാം…പകൽ നേരം കിട്ടിയില്ല…..”
ആകെ വിയർത്തു മുഷിഞ്ഞ ഷർട്ട് അഴിച്ചു അഴയിലേക്ക് തൂക്കികൊണ്ട് അവൻ പറഞ്ഞു…..
അമ്മു മൂളിക്കൊണ്ട് അകത്തേക്ക് കയറിപ്പോയി കയ്യിൽ എണ്ണക്കുപ്പിയുമായി തിരികെ വന്നു….
മുണ്ടിനു മേലെ തോർത്തുചുറ്റി മുണ്ടഴിച്ചുമാറ്റുകയായിരുന്ന ഹരി അവൾ നിൽക്കുന്ന തിണ്ണയ്ക്ക് താഴെയുള്ള സ്റ്റെപ്പിലേക്ക് കയറിനിന്നിട്ട് തലയല്പം കുനിച്ചുകൊടുത്തു…..
അമ്മു കയ്യിലേക്ക് എണ്ണ പകർന്നെടുത്തിട്ട് അവന്റെ തലയിലേക്ക് പൊത്തി…..
“നാളെ കുടിക്കല്ലുട്ടോ….” വാർക്കയ്ക്ക് ട്രീറ്റ് വേണമെന്ന് ആരോ ഫോണിൽ പറയുന്നതും അതിന് ഹരി സെറ്റാക്കാമെന്ന് സമ്മതിക്കുന്നതും അമ്മു കേട്ടിരുന്നു…..
“ലേശം…..” കൈകൊണ്ട് ആംഗ്യം കാണിക്കുന്നുണ്ട്…..
💬 Comments
View all comments