Chapter Title : മൃഗം 15 [Master]
സ്ഥായീഭാവം ക്രൂരതയാണ് എന്ന് വാസുവിന് തോന്നി. വണ്ടി വന്നുനിന്ന ശബ്ദം കേട്ടാണ് എന്ന് തോന്നുന്നു, ആറോ ഏഴോ വയസു പ്രായമുള്ള വെളുത്തു സുന്ദരിയായ, മാലാഖയെപ്പോലെയുള്ള ഒരു പെണ്‍കുട്ടി പുറത്തേക്ക് ഓടിവന്നു. ആ അന്തരീക്ഷത്തിന് ചേരാത്ത നിഷ്കളങ്കതയായിരുന്നു അവള്‍ക്കുണ്ടായിരുന്നത്. “ശ്ശൊ..വാപ്പച്ചി അല്ല” പുറത്ത് നിന്ന വാസുവിനെയും ഡോണയെയും നോക്കി നിരാശയോടെ അങ്ങനെ ചിണുങ്ങിയിട്ട് അവള്‍ ഉള്ളിലേക്ക് തിരികെ പോയി. “ഷാജിയുടെ മകളാണ്” ഡോണ പറഞ്ഞു. അവള്‍ വണ്ടിയില്‍ നിന്നും പുറത്തിറങ്ങി സക്കീറിനെ നോക്കി പുഞ്ചിരിച്ചു. “നീ ആ ടിവിക്കാരി പെണ്ണല്ലേ..ഉം എന്താ കാര്യം?” അവളെ മുന്‍പരിചയം ഉണ്ടായിരുന്ന സക്കീര്‍ കാളയെപ്പോലെ മുരണ്ടു. “ഷാജി ഉണ്ടോ കാക്കാ? ഒന്ന് കാണാന്‍ വന്നതാ” “ഓനിവിടെ ഇല്ല” വാസു വണ്ടി സ്റ്റാന്റില്‍ വച്ച ശേഷം ഇറങ്ങിച്ചെന്നു. ഉള്ളില്‍ നിന്നും ഷാജിയുടെ ഭാര്യ വാതില്‍ക്കലെത്തി അതിഥികളെ നോക്കി. പിന്നാലെ സക്കീറിന്റെ ഭാര്യയും ഇറങ്ങി വന്നു. “ഉം..ആരാ..എന്ത് വേണം?” ആ സ്ത്രീ ചോദിച്ചു. “ഷാജിയെ ഒന്ന്‍ കാണാന്‍ വന്നതാ ഉമ്മാ” ഡോണ പുഞ്ചിരിച്ചു. സക്കീറിന്റെ കണ്ണുകള്‍ വാസുവിനെ ഉഴിയുകയായിരുന്നു അപ്പോള്‍. തഴക്കവും പഴക്കവും വന്ന ഗുണ്ടയായ സക്കീറിന് ഒറ്റ നോട്ടത്തില്‍ത്തന്നെ വാസു സാധാരണക്കാരനല്ല എന്ന് മനസിലായിക്കഴിഞ്ഞിരുന്നു. “അതേയ് ഒരല്‍പം സംസാരിക്കാനുണ്ട്..അങ്ങോട്ട് ഇരിക്കാമോ?” വാസു അയാളോട് ചോദിച്ചു. “ഉം..കേറി ഇരിക്ക്..” അയാളുടെ അടുത്തുകിടന്ന രണ്ടു കസേരകളിലായി അവനും ഡോണയും ഇരുന്നു. “അതേയ്..മുന്‍പ് ഇവളിവിടെ വന്നു നിങ്ങളോട് സംസാരിച്ച അതേ കാര്യം തന്നെ ഒന്നുകൂടി സംസാരിക്കാനാണ് ഞങ്ങള്‍ വന്നിരിക്കുന്നത്. എന്റെ പേര് വാസു; മരിച്ചുപോയ മുംതാസിന്റെ വാപ്പ മൂസാക്ക എന്റെ ഒരു സുഹൃത്താണ്..” വാസു മെല്ലെ വിഷയത്തിലേക്ക് വന്നു. “അയിന്?” സക്കീര്‍ മയമില്ലാതെ ചോദിച്ചു. “മാമന്‍ ആ വീട്ടുകാരുടെ അവസ്ഥ ഒന്ന്‍ ആലോചിക്കണം. ഒരേയൊരു മകള്‍..അവള്‍ക്ക് വേണ്ടി മാത്രമാണ് രാപകലില്ലാതെ മൂസാക്ക കഷ്ടപ്പെട്ട് ജീവിച്ചിരുന്നത്..അവളെ തട്ടിക്കൊണ്ടു പോയി നശിപ്പിച്ചത് ആരാണ് എന്ന് മാമനും അറിയാമല്ലോ..മാമന്‍ മോനോട് പറഞ്ഞ് ആ സത്യം ഞങ്ങളോടും പിന്നീട് കോടതിയിലും പറയാന്‍ പറയണം. മുംതാസിനു നീതി വാങ്ങി കൊടുക്കുക എന്ന ഏക ഉദ്ദേശമേ ഞങ്ങള്‍ക്ക് ഉള്ളു..മാമന്‍ പറഞ്ഞാല്‍ ഷാജി കേള്‍ക്കും...” അവന്‍ പ്രതീക്ഷയോടെ അയാളെ നോക്കി.
💬 Comments
View all comments