0%

Chapter Title : മൃഗം 19 [Master]

Author : Master Read All Parts 1830

മരണം തന്റെ തൊട്ടടുത്ത് എത്തിയതറിയാതെ അസീസ്‌ നാദിയയുടെ മുഖത്തേക്ക് നോക്കി. അവള്‍ തന്റെ പൈശാചിക മുഖം മറച്ചുവച്ച് പുഞ്ചിരിച്ചു. “എങ്ങനെയുണ്ട് അസീസ്‌..വേദനയ്ക്ക് കുറവുണ്ടോ?” അവന്റെ കൈയില്‍ പിടിച്ചുകൊണ്ട് അവള്‍ ചോദിച്ചു. “നല്ല വേദനയുണ്ട്..ശരീരം അനക്കാന്‍ പറ്റുന്നില്ല” അസീസ്‌ പറഞ്ഞു. “സാരമില്ല..ഈ ഇന്‍ജക്ഷന്‍ ചെയ്ത് കഴിഞ്ഞാല്‍ വേദന മാറും. പക്ഷെ ചെറുതായി ഒന്ന് മയങ്ങും കേട്ടോ..” പോലീസുകാര് കേള്‍ക്കാന്‍ വേണ്ടി അല്‍പ്പം ഉറക്കെ അവള്‍ പറഞ്ഞു. അവന്റെ കൈ പിടിച്ച് ഞരമ്പ് കണ്ടു പിടിച്ച ശേഷം അവള്‍ സിറിഞ്ച് എടുത്ത് അതിന്റെ അടപ്പ് തുറന്നു. ‘ഗുഡ് ബൈ അസീസ്‌..ഇനി നിനക്ക് ഒരു വേദനയും അനുഭവിക്കേണ്ടി വരില്ല’ മനസ്സില്‍ അങ്ങനെ പറഞ്ഞുകൊണ്ട് അവള്‍ സൂചി അവന്റെ ഞരമ്പിലേക്ക് കുത്താനായി അടുപ്പിച്ചു. തന്റെ ഇരയുടെ മുഖത്തേക്ക് നാദിയ ക്രൂരമായ ചിരിയോടെ ഒരിക്കല്‍ക്കൂടി നോക്കി. അസീസ്‌ മെല്ലെ കണ്ണുകള്‍ അടച്ചു. പോലീസുകാരെ ഒന്ന് നോക്കിയ ശേഷം അവള്‍ സൂചിയുടെ അഗ്രം അവന്റെ ചര്‍മ്മത്തില്‍ മുട്ടിച്ചു. “സര്‍..” പോലീസുകാരുടെ ശബ്ദവും ആരോ ഉള്ളിലേക്ക് കയറി വന്നതും കണ്ടു പെട്ടെന്ന് നാദിയ ഞെട്ടിത്തിരിഞ്ഞു നോക്കി. ഉള്ളിലേക്ക് വന്ന പൌലോസിനെ പോലീസുകാര്‍ എഴുന്നേറ്റ് സല്യൂട്ട് നല്‍കുന്നത് കണ്ടപ്പോള്‍ അവളുടെ ശരീരം വിറച്ചു. ഇന്‍ജക്ഷന്‍ നല്‍കാനായി അമര്‍ത്തിയ അവളുടെ വിരല്‍ തെന്നിമാറി. അവളുടെ കണ്ണുകളിലെ പരിഭ്രാന്തിയും കൈ വിറയ്ക്കുന്നതും ശ്രദ്ധിച്ച പൌലോസ് പുലിയെപ്പോലെ മുന്‍പോട്ടു കുതിച്ചു. ഒറ്റ സെക്കന്റ് കൊണ്ട് അയാള്‍ അവളുടെ കൈപിടിച്ച് തിരിച്ച് സിറിഞ്ച് കൈക്കലാക്കി. അടുത്ത നിമിഷം പൌലോസിന്റെ വലംകൈ നാദിയയുടെ വലതുകരണത്ത് ആഞ്ഞുപതിച്ചു. ഒരു ചെറിയ ഞരക്കത്തോടെ അവള്‍ തലകറങ്ങി താഴെ വീണു. പോലീസുകാര്‍ കാര്യം മനസിലാകാതെ ഞെട്ടിത്തരിച്ച്‌ അയാളെ നോക്കി. “എന്താ എന്ത് പറ്റി സര്‍?” അവര്‍ പരിഭ്രാന്തരായി ചോദിച്ചു. “ആദ്യം ആ സിറിഞ്ച് അടയ്ക്ക്; എന്നിട്ട് അത് സീല്‍ ചെയ്ത് എനിക്ക് താ” പൌലോസ് പറഞ്ഞു.

💬 Comments

View all comments