Chapter Title : മൃഗം 27 [Master]
അപകടത്തിലാണ് എന്ന ചിന്തയില്‍ മറ്റൊന്നും ആലോചിക്കാതെയാണ് വാസു കതക് തുറന്നത്. പുറത്ത് അവനെ കാത്ത് മാഞ്ചിയം നിര്‍ത്തിയിരുന്ന, കൃത്യമായി കത്തി കുത്തി ഇറക്കാന്‍ അറിയാവുന്ന രണ്ട് ഗുണ്ടകള്‍ കതകിന്റെ ഓടാമ്പല്‍ നീങ്ങുന്ന ശബ്ദം കേട്ടപ്പോള്‍ കത്തികള്‍ ഓങ്ങി ജാഗരൂകരായി. വാസു ഏതെങ്കിലും കാരണവശാല്‍ അവരില്‍ നിന്നും രക്ഷപെട്ടു പുറത്തേക്ക് വന്നാല്‍ കുത്തി വീഴ്ത്താനായി അവര്‍ക്ക് അല്‍പ്പം പിന്നിലായി മാഞ്ചിയവും നിലയുറപ്പിച്ചിരുന്നു. വീടിനു ചുറ്റുമായി ബാക്കി ആറുപേരും ആയുധങ്ങളുമായി അവന്‍ എങ്ങോട്ട് ഓടിയാലും പിടിക്കത്തക്കവണ്ണം വിവിധ സ്ഥലങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. കതക് തുറന്നു പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങിയ വാസു ജീവിതത്തില്‍ ആദ്യമായി ഒന്ന് ഞെട്ടി. തന്റെ നെഞ്ചിനു നേരെ പാഞ്ഞു വരുന്ന രണ്ടു തിളങ്ങുന്ന കത്തികള്‍ ഒരു നിമിഷാര്‍ദ്ധത്തിനുള്ളില്‍ അവന്‍ കണ്ടു. മരിക്കുകയല്ലാതെ തനിക്ക് ഒന്നും ചെയ്യാനില്ല എന്ന് അവന്‍ വ്യക്തമായി തിരിച്ചറിഞ്ഞ നിമിഷം. മരണത്തെ സ്വീകരിക്കാന്‍ മാത്രമേ സമയമുള്ളൂ എന്ന് സെക്കന്റിന്റെ പത്തില്‍ ഒന്ന് മാത്രം ഉള്ള ആ സമയത്ത് വാസു മനസിലാക്കി. ആലോചിക്കാനോ പ്രതികരിക്കാനോ കണക്ക് കൂട്ടാനോ ഒന്നിനും സമയമില്ലാത്ത മരണത്തിനും ജീവിതത്തിനും ഇടയ്ക്കുള്ള കണ്ണിമയ്ക്കുന്ന ആ സമയത്ത് അവന്‍ മനസുകൊണ്ട് മരണത്തെ വരിച്ചു കഴിഞ്ഞിരുന്നു.
💬 Comments
View all comments