Chapter Title : മൃഗം 32 [Master]
“സാറ് മാറി നിന്നോ..ഞങ്ങളെ അവനറിയാം..പരിചയമില്ലാത്ത സാറിനെ ഒപ്പം കണ്ടാല്‍ അവന് സംശയിക്കാന്‍ ഇടയുണ്ട്..ഞാനവനെ മയത്തില്‍ പറഞ്ഞ് കൂടെ കൊണ്ടുപോകാന്‍ പറ്റുമോ എന്ന് ആദ്യമൊന്നു നോക്കാം. ഒതുക്കത്തില്‍ സ്റ്റേഷനില്‍ കിട്ടിയാല്‍ അവനെ പൂട്ടാന്‍ പറ്റിയേക്കും...” സിംഗ് പറഞ്ഞു. പൌലോസ് തലയട്ടിയ ശേഷം അല്‍പ്പം മാറി ആര്‍ക്കും കാണാന്‍ പറ്റാത്ത ഒരിടത്ത് നിലയുറപ്പിച്ചു. താഴെ, സോക്സില്‍ തിരുകിയിരുന്ന സര്‍വീസ് റിവോള്‍വര്‍ തല്‍സ്ഥാനത്ത് തന്നെയുണ്ട് എന്നയാള്‍ ഒരിക്കല്‍ക്കൂടി ഉറപ്പ് വരുത്തി. പ്രിയങ്കയുടെ ഭര്‍ത്താവ് വേഗം അവിടെ നിന്നും ഇരുട്ടിലേക്ക് മാറി. സിങ്ങും ഒപ്പമുള്ള പോലീസുകാരും വീടിന്റെ മുന്വാതില്ക്കല് എത്തി പ്രത്യേക അകലം വിട്ടു നിലയുറപ്പിച്ചു. സിംഗ് എല്ലാവരെയും ഇരുട്ടില്‍ നില്ക്കുന്ന പൌലൊസിനെയും നോക്കി വലതു തള്ളവിരല്‍ ഉയര്‍ത്തി കാണിച്ച ശേഷം ബെല്ലിന്റെ സ്വിച്ചില്‍ വിരലമര്‍ത്തി. ഉള്ളില്‍ സംഗീതാത്മകമായ ബെല്ലിന്റെ മുഴക്കം അവര്‍ വെളിയില്‍ നിന്നു കേട്ടു. ശക്തമായി മിടിക്കുന്ന ഹൃദയവും മനസുമായി സിങ്ങും ഒപ്പമുള്ളവരും പ്രതികരണത്തിനായി കാത്തു. അല്‍പ്പം കഴിഞ്ഞപ്പോള്‍ കതകിനു സമീപത്തേക്ക് എത്തുന്ന പാദപതനശബ്ദം അവരുടെ കാതുകളിലെത്തി. സിംഗ് ജാഗരൂകനായി മറ്റുള്ളവരെ ഒരിക്കല്‍ക്കൂടി നോക്കി. മെല്ലെ കതക് തുറക്കപ്പെട്ടു. ഇരുട്ടില്‍ നിന്നിരുന്ന പൌലോസ് വാതില്‍ക്കലേക്ക് നോക്കി. സുന്ദരിയായ സ്ത്രീ എന്ന് അവര്‍ പറഞ്ഞപ്പോള്‍ പൌലോസ് ഇത്രയ്ക്ക് പ്രതീക്ഷിച്ചിരുന്നില്ല. ദാവണി ധരിച്ച, ഏതാണ്ട് മുപ്പത്തിയഞ്ചു വയസ് മതിക്കുന്ന അതി മദാലസയായ ഒരു സ്ത്രീയായിരുന്നു പ്രിയങ്ക. ഒരു സാധാരണ പുരുഷന് അവളുടെ ദര്‍ശനത്തില്‍ത്തന്നെ മയങ്ങിപ്പോകും; അത്രയ്ക്ക് വശ്യസുന്ദരി ആയിരുന്ന അവള് ആ രാത്രിഭംഗിയില്‍ ഒരു ദേവതയെപ്പോലെ കാണപ്പെട്ടു. പുറത്ത് നില്ക്കുന്ന പോലീസിനെ കണ്ടപ്പോള്‍ അവളുടെ മുഖത്ത് പുച്ഛം കലര്‍ന്ന ഒരു ചിരി വിടര്‍ന്നു.
💬 Comments
View all comments