Chapter Title : നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ]
അത് മുഖത്ത് കാണിക്കാൻ തയ്യാറായിരുന്നില്ല. യാതൊരു വികാരവുമില്ലാതെ, അവരോട് ഒരക്ഷരം പോലും ചോദിക്കാനോ പറയാനോ നിൽക്കാതെ ഞാൻ അവരെ വളഞ്ഞുമാറ്റി എന്റെ മുറി ലക്ഷ്യമാക്കി നടന്നു. അവർ പിന്നിൽ എന്നെത്തന്നെ നോക്കിനിൽക്കുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ ഞാൻ തിരിഞ്ഞുനോക്കാൻ നിന്നില്ല.
മുറിയിലെത്തി വേഗത്തിൽ ഫ്രഷ് ആയ ശേഷം ഞാൻ താഴേക്ക് പോയി. അവിടെ ഡൈനിങ് ടേബിളിലിരുന്ന് ആരുമായും സംസാരിക്കാൻ നിൽക്കാതെ വളരെ വേഗത്തിൽ ഞാൻ എന്റെ ഭക്ഷണം കഴിച്ചുതീർത്തു. ഉള്ളിലെ സങ്കടവും ദേഷ്യവുമെല്ലാം ഇപ്പോൾ എന്നിൽ ഒരുതരം വാശിയായി മാറിയിരുന്നു. ഇന്നലെ വരെ തക്ഷകൻ വന്ന് ആജ്ഞാപിക്കുന്നതുവരെ കാത്തുനിന്നിരുന്ന ഞാൻ, ഇന്ന് സച്ചിനെയോ രാഹുലിനെയോ കൂട്ടുവിളിക്കാനോ കാത്തുനിൽക്കാനോ തയ്യാറായില്ല.
ഭക്ഷണം കഴിഞ്ഞയുടനെ ആരെയും കൂട്ടാതെ ഞാൻ ഒറ്റയ്ക്ക് ആ വലിയ ഇടനാഴിയിലൂടെ നടന്ന് പരിശീലന മുറിയുടെ വാതിൽക്കലെത്തി. രണ്ടും കൽപ്പിച്ച് ആ വാതിൽ തുറന്ന് ഞാൻ ആ ചുവന്ന മണ്ണിലേക്ക് കാലെടുത്തുവെച്ചു.
എന്റെ ഈ മാറ്റം കണ്ട് ആ കളരിയിലെ ആയുധങ്ങൾ പോലും അത്ഭുതപ്പെട്ടിട്ടുണ്ടാകും. മുകളിലെ രുധിരമണിയുടെ ചുവന്ന വെളിച്ചത്തിൽ, ആ വലിയ മാന്ത്രിക മുറിയിൽ അപ്പോൾ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഞങ്ങളെ വിറപ്പിക്കാൻ വരുന്ന സാക്ഷാൽ തക്ഷകൻ പോലും അന്ന് ആ പരിശീലന മുറിയിലേക്ക് കയറിയത്, ഞാൻ അവിടെയെത്തി എന്റെ കറുത്ത വാളും കയ്യിലെടുത്ത് അവനുവേണ്ടി കാത്തുനിന്നതിന് ശേഷമാണ്!
വലിയ തടിവാതിൽ വലിയൊരു ശബ്ദത്തോടെ തുറക്കപ്പെട്ടപ്പോൾ ഞാൻ അതിലേക്ക് കണ്ണുംനട്ട് നിൽക്കുകയായിരുന്നു.
ചുവന്ന മണ്ണിൽ, എന്റെ കയ്യിലെ ആ കറുത്ത വാളിന്റെ പിടിയിൽ ഇറുകെ പിടിച്ച് പോരിന് തയ്യാറായി നിൽക്കുന്ന എന്നെക്കണ്ട് വാതിൽക്കൽ നിന്ന തക്ഷകന്റെ മുഖത്ത് ആദ്യമായി നേരിയൊരു അമ്പരപ്പ് മിന്നിമറഞ്ഞു.
പക്ഷേ നിമിഷനേരം കൊണ്ട് അതൊരു വക്രമായ പുഞ്ചിരിയായി അവൻ മാറ്റി.
"അകത്തെ മുറിവുകൾ പുറത്തെ മുറിവുകളേക്കാൾ ആഴമുള്ളതാണല്ലേ മർത്യാ?"
എന്റെ മനസ്സിലെ വാശിയും ദേഷ്യവും അവൻ എങ്ങനെയോ വായിച്ചെടുത്തിരുന്നു.
💬 Comments
View all comments